(1243) സ്നേഹമുള്ള ശിക്ഷ!

സിൽബാരിപുരം ദേശത്തെ ഒരു ഗുരുകുലത്തിൽ ചങ്ങാതിമാരായി പഠിച്ചവരാണ് സേനകനും ചീരനും. ഒരേ ഗുരുവിൻ്റെ കീഴിലായിരുന്നു പഠനമെങ്കിലും പഠനത്തിൻ്റെ കാര്യത്തിൽ ചീരൻ ഒരുപാടു പിറകിലായിരുന്നു. എങ്കിലും സേനകൻ യാതൊരു മാറ്റവും സൗഹൃദത്തിൽ കാണിച്ചില്ല.

കുറെ വർഷങ്ങളുടെ പഠന ശേഷം അവർ രണ്ടാളും രണ്ടു വഴിക്കു പിരിഞ്ഞു. സേനകൻ നന്നായി പഠിച്ച് കൊട്ടാരത്തിലെ ന്യായാധിപനായി. അതേസമയം, ചീരൻ പലതരം കൂലിപ്പണികൾ ചെയ്തെങ്കിലും അവൻ്റെ കുടുംബം പട്ടിണിയായിരുന്നു.

ഒരു ദിവസം, ചീരന് അമ്മയുടെ നാട്ടു ചികിൽസയ്ക്കായി കുറെ പണം വേണമായിരുന്നു. പലരോടും പണം കടം ചോദിച്ചെങ്കിലും അവരെല്ലാം പരിഹസിക്കുകയാണു ചെയ്തത്.

ചീരൻ മറ്റൊരു തീരുമാനമെടുത്തു. ഏതെങ്കിലും പ്രഭുവിൻ്റെ വീട്ടിൽ കയറി മോഷണം നടത്തുക എന്നതായിരുന്നു പദ്ധതി. പക്ഷേ, യാതൊരു മുൻപരിചയവും മോഷണത്തിൽ ഇല്ല. അങ്ങനെ രാത്രിയിൽ അതിനു ശ്രമിച്ചപ്പോൾ കാവൽക്കാർ അവനെ പിടിച്ച് കൊട്ടാരത്തിലെ ന്യായാധിപനായ സേനകൻ്റെ മുന്നിലെത്തിച്ചു.

വർഷങ്ങൾക്കു ശേഷം, തൻ്റെ ചങ്ങാതിയെ കണ്ട് പ്രതീക്ഷയോടെ ന്യായാധിപൻ്റെ മുഖത്തേയ്ക്ക് ചീരൻ ദയനീയമായി നോക്കി. പക്ഷേ, സേനകൻ യാതൊരു പരിചയ ഭാവവും കാട്ടിയില്ല!

മാത്രമല്ല, ന്യായാധിപൻ വിധിച്ചു: "മോഷണ ശ്രമത്തിന് ശിക്ഷയായി ഇയാൾ 100 വെള്ളിനാണയം കൊട്ടാര ഖജനാവിലേക്ക് പിഴയടയ്ക്കണം!"

അതുകേട്ട് ചീരൻ ഞെട്ടി! ഒരു നാണയം പോലും കയ്യിൽ എടുക്കാൻ ഇല്ലാഞ്ഞിട്ടാണ് താൻ മോഷണത്തിനു ശ്രമിച്ചത്. എന്തായാലും കൊട്ടാരത്തിലെ ഇരുണ്ട തടവറയിൽ ഇനിയുള്ള കാലം കിടക്കണം.

കൊട്ടാരത്തിലെ വരാന്തയിൽ ചീരൻ തളർന്നിരുന്നു. അന്നേരം വരാന്തയിലൂടെ നടന്നുവന്ന ന്യായാധിപൻ വിളിച്ചു: "എടാ, ചീരാ, നീ എന്തിനാടാ മോഷ്‌ടിക്കാൻ പോയത്?"

ചീരൻ ഞെട്ടി എണീറ്റു. കുറച്ചു മുൻപ് 100 വെള്ളി നാണയം ശിക്ഷ വിധിച്ചവൻ എന്തിനാണ് കുശലം അന്വേഷിക്കുന്നത്? അതിനാൽ അവൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നതേ ഉള്ളൂ.

സേനകൻ തുടർന്നു: "എടാ, ഇത് 200 നാണയമുണ്ട്. കൊട്ടാരമുറിയിൽ പിഴയടച്ച് ബാക്കിയുള്ളത് നീ എടുത്തോളൂ!"

ഉടൻ, ചീരൻ ചോദിച്ചു: "അങ്ങനെയെങ്കിൽ യജമാനൻ എന്തിനാണ് ഈ പിഴ ശിക്ഷയായി തന്നത്? എന്നെ വെറുതെ വിടാമായിരുന്നല്ലോ?"

സേനകൻ പറഞ്ഞു: "കോടതിയിൽ ഞാൻ ന്യായാധിപനും നീ മോഷ്ടാവുമാണ്. പക്ഷേ, ഇപ്പോൾ എൻ്റെ ജോലി സമയം കഴിഞ്ഞു പുറത്തിറങ്ങി. ഇവിടെ ഞാൻ യജമാനനല്ല. നമ്മൾ ചങ്ങാതിമാരാണ്. നിന്നെ സഹായിക്കേണ്ടത് എൻ്റെ കടമയാണ്"

അപ്പോൾ ചീരൻ സേനകനെ കെട്ടിപ്പിടിച്ച് കരഞ്ഞു. പിന്നീട്, ചീരൻ്റെ അമ്മയെ കൊട്ടാര വൈദ്യൻ സൗജന്യ ചികിൽസയിലൂടെ സുഖപ്പെടുത്തുകയും ചെയ്തു!

ഗുണപാഠം: യഥാർഥ സൗഹൃദത്തിൽ പദവിയും സമ്പത്തും അധികാരവും എന്നിങ്ങനെ യാതൊന്നും തടസ്സമായി വരാൻ പാടില്ല.

Written by Binoy Thomas, Malayalam eBooks- 1243, friendship stories- 22, PDF -https://drive.google.com/file/d/1F8lOni4xF_nCW4xjmduTnAYgqhrakB-V/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories