(1234) ശിഷ്യനുള്ള സമയം!

 ഒരിക്കൽ, ശ്രീബുദ്ധനും ശിഷ്യനായ ആനന്ദനും കൂടി ദൂരെയുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾത്തന്നെ ശിഷ്യനു ക്ഷീണം തോന്നി. അന്നേരം, അവൻ ചോദിച്ചു - "ഗുരുവേ, അവിടെ എത്താൻ ഇനി എത്രനേരം വേണ്ടിവരും?"

ഗുരു പറഞ്ഞു - "ഒരു മണിക്കൂർ"

അവർ നടന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വഴിപോക്കൻ നടന്നു വരുന്നതു കണ്ടപ്പോൾ ആനന്ദൻ ചോദിച്ചു - "പുണ്യക്ഷേത്രത്തിലേക്ക് നടന്നു ചെല്ലാൻ എത്ര സമയം വേണം?"

അയാൾ ആനന്ദനെ നോക്കിയിട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് പറഞ്ഞു: "ഒരു മണിക്കൂർ എടുക്കും അവിടെ എത്താൻ"

അവർ പിന്നെയും മുന്നോട്ടു നടന്നു. അടുത്ത മണിക്കൂറും പിന്നിട്ടു. അന്നേരം, ഒരു സ്ത്രീ എതിരെ നടന്നു വരുന്നുണ്ടായിരുന്നു.

ആനന്ദൻ ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ സ്ത്രീ പറഞ്ഞു: "ഒരു മണിക്കൂർ കൂടി നടക്കണം"

എന്നാൽ, അടുത്ത മണിക്കൂറിലും ക്ഷേത്രത്തിൽ എത്തിയില്ല. അന്നേരം ശിഷ്യൻ പിറുപിറുത്തു - "എന്തായാലും ഇതിനോടകംതന്നെ കുറെ മണിക്കൂറുകൾ കഴിഞ്ഞല്ലോ. ഇനി ആരോടും ചോദിക്കേണ്ട കാര്യമില്ല. ക്ഷേത്രത്തിലേക്ക് അധിക ദൂരമില്ല"

ആ പ്രതീക്ഷയിൽ ക്ഷീണം നോക്കാതെ മുന്നോട്ടു പോയി. വൈകുന്നേരം ആയപ്പോൾ അവിടെയെത്തി.

അപ്പോൾ, ശ്രീബുദ്ധനോട് ആനന്ദൻ ചോദിച്ചു - "സമയം ചോദിച്ചപ്പോൾ ഗുരുവും വഴിയിൽ കണ്ടവരും ഒരു മണിക്കൂർ സമയം എന്ന് എന്നോട് കള്ളം പറഞ്ഞത് എന്തിനായിരുന്നു?"

ഗുരു ഒരു മന്ദഹാസത്തോടെ പറഞ്ഞു - "നീ എന്നോടു ചോദിച്ചപ്പോൾത്തന്നെ ക്ഷീണിതനാണെന്ന് എനിക്കു മനസ്സിലായി. ക്ഷേത്രത്തിൽ എത്താൻ വൈകുന്നേരം വരെ നടക്കണം എന്നു പറഞ്ഞാൽ നീ യാത്ര തുടരാതെ മടങ്ങിപ്പോകുമെന്ന് എനിക്കറിയാമായിരുന്നു. നിൻ്റെ തളർച്ച കണ്ടിട്ട് വഴിപോക്കരും അങ്ങനെ പറഞ്ഞു"

ആശയം: വലിയ ലക്ഷ്യങ്ങളെയും വിദൂരമായ നേട്ടങ്ങളെയും ആളുകൾ പേടിയോടെ നോക്കാറുണ്ട്. അങ്ങനെ പലതും വേണ്ടെന്നു വയ്ക്കും. എന്നാൽ, ഘട്ടം ഘട്ടമായി ക്രമേണ ലക്ഷ്യത്തിലേക്കു പോകാൻ പറ്റണം! പ്രവർത്തന സമയത്തെയും കഠിനാധ്വാനത്തെയും വിഭജിച്ച് മനസ്സിൻ്റെ ഭാരം കുറയ്ക്കണം!

Written by Binoy Thomas, Malayalam eBooks - 1234- Sri Buddha stories-7, PDF -https://drive.google.com/file/d/1_LC4sO-V_ZuSo9s6j8IFHxw7emQopug_/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories