(1232) സ്നേഹവിശ്വാസങ്ങൾ!

 സിൽബാരിപുരം കാട്ടിലെ മൃഗരാജനായി സിംഹം വിലസിയ കാലമായിരുന്നു അത്. ഒരു ദിവസം, പതിവു പോലെ സിംഹം വേട്ടയ്ക്ക് ഇറങ്ങി. പെട്ടെന്ന്, മുന്നിലേക്ക് ഒരു കുറുക്കൻ വന്നു പെട്ടു! എങ്കിലും കുറുക്കൻ മിന്നൽ വേഗത്തിൽ ഒരു സൂത്രം പുറത്തെടുത്തു -

"അല്ലയോ, മൃഗരാജാവേ, അങ്ങയുടെ മുന്നിൽ എന്നെ സമർപ്പിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. എന്നാൽ, ഞാൻ കുറച്ചു മുൻപ് ഇവിടെ കണ്ട കഴുതയാണെങ്കിൽ കൊഴുത്തു തടിച്ചവനാണ്. എനിക്കു പകരമായി ആ കഴുതയെ ഞാൻ അങ്ങയുടെ മുന്നിൽ എത്തിക്കാം"

അതുകേട്ട്, സിംഹം പറഞ്ഞു - "അങ്ങനെയെങ്കിൽ, ആ കഴുതയുടെ അടുത്തേക്ക് നീ നടക്കൂ. ഞാൻ നിൻ്റെ തൊട്ടു പിറകേയുണ്ട്. കഴുതയെ എൻ്റെ മുന്നിൽ നീ കൊണ്ടുവരണം"

അങ്ങനെ രണ്ടുപേരും നടന്ന് പുല്ലു തിന്നുന്ന കഴുതയുടെ അരികിലെത്തി. സിംഹം വലിയ മരത്തിൻ്റെ മറവിൽ നിന്നു. അപ്പോൾ കുറുക്കൻ കഴുത കാണത്തക്ക വിധത്തിൽ പുല്ല് തിന്നുന്ന പോലെ അഭിനയിച്ചു.

കഴുത നല്ല ജാഗ്രതയോടെ കുറുക്കൻ്റെ അടുക്കലെത്തി. അന്നേരം, കുറുക്കൻ പറഞ്ഞു - "ഞാൻ കുറുക്കൻ്റെ ജീവിത ശൈലി ഉപേക്ഷിക്കുകയാണ്. ഇനി ഒരു സന്യാസിയെപ്പോലെ ജീവിക്കാൻ പോകുകയാണ്. നമുക്ക് ഉറ്റ ചങ്ങാതികളായി ഇനിയുള്ള കാലം ജീവിക്കാം"

പക്ഷേ, കഴുതയ്ക്ക് അത് വിശ്വാസമായില്ല. അപ്പോൾ വീണ്ടും കുറുക്കൻ പറഞ്ഞു - "വരൂ. നമുക്ക് അടുത്ത പുൽമേട്ടിലേക്കു പോകാം. എൻ്റെ സ്നേഹവും സത്യസന്ധതയും നിനക്കു വിശ്വസിക്കാം"

കഴുത അതു വിശ്വസിച്ച് കുറുക്കനൊപ്പം നടക്കാൻ തുടങ്ങി. അതിനിടയിൽ, മരത്തിൻ്റെ മറവിൽ നിന്നും സിംഹം ചാടി കഴുതയെ അടിച്ചു കൊന്നു!

കഴുതയുടെ രുചിയേറിയ മാംസ ഭാഗം സിംഹം കഴിച്ചു. മിച്ചമുള്ളത് കുറുക്കനും വയറു നിറച്ചു തിന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുറുക്കൻ പിറുപിറുത്തു - "ആ സിംഹത്തിന് എന്നെ വിശ്വാസമായിട്ടുണ്ടാകും. അതിനാൽ, എങ്ങനെയും ഇരകളെ കെണിയിൽ വീഴ്ത്തി അവനു തിന്നാൻ അവസരം കൊടുത്താൽ എനിക്കും അതിൻ്റെ ഒരു പങ്ക് കിട്ടും"

ആ കാര്യം പറയാനായി സിംഹത്തിനു മുന്നിൽ കുറുക്കനെത്തി - "അങ്ങേയ്ക്ക് കഴുതയെ കൊണ്ടു വന്നതു പോലെ എല്ലാ ദിവസവും ഇരകളെ ഞാൻ എത്തിക്കാം. അങ്ങയുടെ സേവകനായി ഞാൻ ഈ ഗുഹയിൽ കഴിഞ്ഞോളാം"

സിംഹം പറഞ്ഞു - "എനിക്ക് ഏറെ സന്തോഷമായി" അങ്ങനെ പറഞ്ഞതിനൊപ്പം സിംഹം വേഗത്തിൽ കൈ വീശി കുറുക്കനെ അടിച്ചു വീഴ്ത്തി!

കുറുക്കൻ വീണു കിടക്കുമ്പോൾ കരഞ്ഞു- "അങ്ങേയ്ക്ക് എൻ്റെ സ്നേഹത്തിലും സത്യസന്ധതയിലും വിശ്വസിക്കാം. എന്നെ വെറുതെ വിടൂ"

ഉടൻ, സിംഹം ഗർജ്ജിച്ചു - "നീ ഇതുതന്നെയാണ് ആ കഴുതയോടും പറഞ്ഞത്. എപ്പോഴാണ് എന്നെ ചതിയിൽ പെടുത്തി ചതുപ്പിലോ ആനയുടെ കാൽക്കീഴിലോ പാമ്പിനടുത്തോ കൊണ്ടു പോകുന്നത് എന്ന് അറിയാൻ പറ്റില്ല"

പിന്നീട്, കുറുക്കനെ തിന്ന് സിംഹം അന്നത്തെ വിശപ്പടക്കി.

ഗുണപാഠം - മറ്റൊരാളെ ചതിയിൽ പെടുത്തിയവൻ നാളെ നിങ്ങളെയും ചതിക്കും! സൂക്ഷിക്കുക!

Written by Binoy Thomas, Malayalam eBooks - 1232-katha sarit sagaram -28 / PDF -https://drive.google.com/file/d/1zpxoGEIH00n0C_yBQwogcD5746hxyEUV/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories