(1225) ശങ്കുണ്ണിയുടെ വീട്ടുമുറ്റം!

പണ്ട്, സിൽബാരിപുരം ദേശം വാണിരുന്നത് വീരു എന്ന നാടുവാഴിയായിരുന്നു. പ്രശസ്തമായ സിൽബാരിപ്പുഴ ആ ദേശത്തിലൂടെ ഒഴുകി കടലിൽ പതിക്കുകയാണു ചെയ്തിരുന്നത്.
എന്നാൽ, അയൽദേശങ്ങളായ കോസലപുരം, കുശാനപുരം, ചിത്തിരപുരം എന്നിവിടങ്ങളിൽ ഒരു പുഴ പോലും ഇല്ലായിരുന്നു.

അതിനാൽ, അവിടെ പുഴമണൽ കിട്ടാനില്ലായിരുന്നു. വീടു പണിയാനും മുറ്റത്തു വിരിക്കാനും മറ്റുമായി സിൽബാരിപ്പുഴയിൽ നിന്നും മണൽ വാരിയിരുന്നു. അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പുഴമണലിനു കുറവു വന്നുതുടങ്ങി.

അതോടെ, നാടുവാഴി മണൽവാരലിനു നിരോധനം ഏർപ്പെടുത്തി. അനേകം വർഷങ്ങൾ അങ്ങനെ കടന്നുപോയി. പിന്നെയും പുഴ മണൽ തീരത്തടിഞ്ഞ് മനോഹരമായിരിക്കുന്നു.

ആ ദേശവാസിയായ ശങ്കുണ്ണിയുടെ വീട്ടുമുറ്റമാകെ കല്ലുകൾ എഴുന്നു നിൽക്കുന്ന അവസ്ഥയാണ്. ഒരു ദിവസം അയാളുടെ ഇളയ കുഞ്ഞ് മുറ്റത്തെ കല്ലിൽ തട്ടി വീണപ്പോൾ അയാൾ നിശ്ചയിച്ചു - "ഒരു ദിവസം ഞാൻ ഈ മുറ്റമാകെ പുഴയിലെ ഉരുളൻകല്ലുകൾ നിറച്ച് മനോഹരമാക്കും!"

അന്നു മുതൽ, ശങ്കുണ്ണി സിൽബാരിപ്പുഴയിൽ കുളിക്കാൻ പോയിത്തുടങ്ങി. തിരികെ മടങ്ങാൻ നേരത്ത്, ഒരു കയ്യിൽ കൊള്ളുന്ന ഒരു പിടി പുഴയിലെ ചെറിയ ഉരുളൻ കല്ല് മടിശ്ശീലയിൽ വച്ച് വീട്ടിലെത്തും. എന്നിട്ട്, മുറ്റത്തേക്ക് വീശി എറിയും!

ഇങ്ങനെ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉരുളൻകല്ലുകൾ പലയിടത്തായി നിറഞ്ഞു തുടങ്ങി. എന്നാൽ, കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ശങ്കുണ്ണിയുടെ വീട്ടുമുറ്റം മിനുസമുള്ള കല്ലുകൾ വിരിച്ച മനോഹരമായ മുറ്റമായി മാറി! ക്രമേണ വന്ന മാറ്റമായതിനാൽ ആരും ശ്രദ്ധിക്കാതെ നാടുവാഴി അറിയാതെ പോയി!

ആശയം: പലതരം പഠന പരീക്ഷകൾ, യോഗ്യതാ പരീക്ഷകൾ, മൽസര പരീക്ഷകൾ എന്നിങ്ങനെ വരുമ്പോൾ ഒറ്റ ദിവസമോ ആഴ്ചയോ മാസമോ എടുത്ത് വിജയിക്കാൻ പറ്റണമെന്നില്ല. അനേകം വർഷങ്ങൾ നീളുന്ന പരിശ്രമത്തിലാണ് ശങ്കുണ്ണി മനോഹരമായ മുറ്റം വിരിച്ചതു പോലെ കരിയർ മനോഹരമാക്കാൻ പറ്റുന്നത്!

ഉദാഹരണത്തിന് ഓരോ ദിവസവും, ഒരു ഡിക്ഷണറി നോക്കി അഞ്ച് ഇംഗ്ലീഷ് പദങ്ങളുടെ അർഥവും സ്പെല്ലിങ്ങും പഠിച്ചാൽ പോലും കുറെ വർഷം കഴിയുമ്പോൾ വിവിധ മൽസര പരീക്ഷകളിലെ ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് സ്കോർ ചെയ്യാനാകും!

Written by Binoy Thomas, Malayalam eBooks-1225- Career guidance - 38, PDF-https://drive.google.com/file/d/1iQFkPNAXPUrg-ASF-Y1cidI3EU7Bnks5/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം