(1221) അഞ്ച് കള്ളന്മാർ!

 പണ്ടുകാലത്ത്, സിൽബാരിപുരം രാജ്യത്ത് ചില പ്രഭുക്കന്മാർ ചക്രവർത്തിമാർ എന്ന പോലെ ജീവിച്ചിരുന്ന കാലമായിരുന്നു അത്.

അയൽരാജ്യമായ കോസലപുരത്തു നിന്നും അഞ്ച് കള്ളന്മാർ രാത്രിയിൽ ഒരു പ്രഭുവിൻ്റെ മാളികയുടെ പിറകിലെത്തി. പ്രഭുവും കുടുംബവും ഉൽസവത്തിനു പോയിരുന്ന സമയമായതിനാൽ അവർക്ക് യാതൊന്നും പേടിക്കാനില്ലായിരുന്നു. എങ്കിലും വീടിൻ്റെ കരുത്തേറിയ വാതിലുകൾ തകർക്കുന്ന രീതി അവർക്കില്ല. അവരുടെ കയ്യിലെ ചാക്കിൽ വലിയ ഒരു ഉടുമ്പ് ഉണ്ടായിരുന്നു.

ഉടുമ്പിൻ്റെ അരയിൽ കയറു കെട്ടി മാളികയുടെ മുകളിലേക്ക് അതിനെ എറിഞ്ഞു. എന്നിട്ട്, മേൽക്കൂരയിൽ ശക്തിയായി പിടിച്ചിരിക്കുന്ന ഉടുമ്പിനെ കെട്ടിയ കയറിൽ പിടിച്ച് ആ കൂട്ടത്തിലെ മെലിഞ്ഞ കള്ളൻ മുകളിലേക്കു വലിഞ്ഞു കയറി!

പിന്നീട്, മറ്റുള്ളവരിൽ രണ്ടു പേരും കൂടി മുകളിലെത്തി. പിന്നീട്, ഓടിളക്കി ഇറങ്ങിയത് അടുക്കളയിലായിരുന്നു. കരിയും പുകയും മാറാലയുമെല്ലാം ദേഹത്ത് പറ്റിയെങ്കിലും നിലവറയിലെ സ്വർണ്ണവും പണവുമെല്ലാം ഒരു ചാക്കിലാക്കി.

കള്ളന്മാർ ഇരുട്ടിൻ്റെ മറവിൽ വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നപ്പോൾ അഞ്ചു പേരും പിറുപിറുത്തത് ഒരേ വിധത്തിലായിരുന്നു - "ഈ ചാക്കിലെ സമ്പത്ത് അഞ്ചായി ഭാഗിച്ചാൽ ഒരു വീതം മാത്രമേ എനിക്കു കിട്ടൂ. എങ്ങനെയും മറ്റുള്ള നാലു പേരെയും പറ്റിച്ച് മുഴുവനും കൈവശപ്പെടുത്തണം!"

അതിനായി ഏതൊരു നീക്കത്തിനും തടസ്സമായി ഒന്നും നിൽക്കാൻ പാടില്ലെന്ന് ഉറപ്പിച്ചു സംഘം പറഞ്ഞു -"ഇനി നമുക്ക് ഉടുമ്പിൻ്റെ ആവശ്യമില്ല" ഉടനെ, അതിനെ സ്വതന്ത്രമാക്കി.

പതിവുപോലെയുള്ള വർത്തമാനം ആരും പറയാതെ ഓരോ ആളും കുബുദ്ധി ആലോചിച്ചു നടന്നു. ഒരു നദിയുടെ കരയിലെത്തി.

ഒരാൾ പറഞ്ഞു - "നമ്മുടെയെല്ലാം ദേഹത്ത് കരിയും പൊടിയും ഉള്ളതിനാൽ ഇനി കുളിച്ചിട്ട് പോകുന്നതാണു ബുദ്ധി. അല്ലെങ്കിൽ ആളുകൾക്കു സംശയമാകും"

പക്ഷേ, ചാക്കിനു കാവലായി നാലു പേർ ഇരുന്നിട്ട് ഓരോ ആളും വെള്ളത്തിൽ ഇറങ്ങാമെന്നായി. ആദ്യം ഒരുവൻ മുങ്ങിയപ്പോൾ മറ്റുള്ള നാലു പേരും പതിയെ പറഞ്ഞു -"അവനെ ഒഴിവാക്കിയാൽ നാലായി വീതം വയ്ക്കാം"

പെട്ടെന്ന്, പുഴക്കരയിലെ അവൻ്റെ വസ്ത്രവുമെടുത്ത് നാലു പേരും ഇരുളിൽ മറഞ്ഞു! വെള്ളത്തിൽ നിന്നും കയറിയ കള്ളന് ഉടുതുണി ഇല്ലാത്തതിനാൽ അത് തപ്പി സമയം പോയി. അവൻ ചതിക്കപ്പെട്ടത് അറിഞ്ഞ് അലറിക്കരഞ്ഞു!

നാലുപേരും കൂടി നടന്നപ്പോഴും ആളിനെ കുറയ്ക്കാനായി അവർ വീണ്ടും ആലോചിച്ചു കൊണ്ടിരുന്നു. ഒരുവൻ പറഞ്ഞു -"ആ ഗുഹയുടെ താഴെ അയൽനാട്ടിലെ വഴിയാണ്. പക്ഷേ, രാത്രിയിൽ ആ വഴിയിലൂടെ ഭടന്മാർ റോന്ത് ചുറ്റുന്നുണ്ടാവും. അതിനാൽ പകൽ സമയത്ത്, ചന്തയിലെ കച്ചവടക്കാർ പോകുന്ന കൂട്ടത്തിൽ ഈ ചാക്കുമായി പോകാം"

ആ ഗുഹയിൽ കയറി നേരം വെളുപ്പിക്കാൻ തീരുമാനമായി. പക്ഷേ, ഒന്നാമൻ കയറിയ ഉടനെ ഗുഹയുടെ കൽക്കവാടം മറ്റുള്ള മൂന്നു പേരും കൂടി ഉരുട്ടി മാറ്റി ഗുഹ അടച്ചു!

അകത്തുള്ളവൻ സർവ്വശക്തിയും എടുത്ത് കല്ല് മാറ്റാൻ നോക്കിയെങ്കിലും അവനു സാധിച്ചില്ല.

മൂന്നു പേരും കൂടി കുറെ ദൂരം പിന്നിട്ടു. അതിനിടയിൽ സന്തോഷത്തോടെ പറഞ്ഞു -"രണ്ടു പേർ മാറിയതോടെ ഇനി നമുക്ക് സുഖമായി ജീവിക്കാനുള്ള വകയായി"

അതിനിടയിൽ, വിശപ്പു തോന്നിയതിനാൽ ആരെങ്കിലും ഒരാൾ ചന്തയിലെ ചായക്കടയിൽ നിന്നും ആഹാരം വാങ്ങി വരാൻ തീരുമാനമായി. എന്നാൽ, മൂന്നാമൻ പെട്ടെന്ന് ചാടി ഇറങ്ങിയിട്ടു പറഞ്ഞു - "ഞാൻ കൊണ്ടുവരാം"

മൂന്നാമൻ അങ്ങോട്ടു നടക്കുന്നതിനിടയിൽ പിറുപിറുത്തു - "ഇതൊരു ഭാഗ്യപരീക്ഷണമാണ്. ചിലപ്പോൾ എന്നെ പറ്റിച്ച് അവർ അവിടം വിട്ടേക്കാം. എന്നാൽ, അവിടെ ഉണ്ടെങ്കിൽ വിഷം കലർത്തിയ ആഹാരം കൊടുത്ത് രണ്ടിനെയും കൊന്ന് മുഴുവൻ സമ്പത്തും എനിക്കു കിട്ടും! എങ്കിലും, ആഹാരം കിട്ടാതെ അവർക്കു അധികം മുന്നോട്ടു പോകാൻ കഴിയില്ല"

എന്നാൽ, അതേ സമയം, ചാക്കിനു കാവലിരുന്ന രണ്ടു പേരും കൂടി പറഞ്ഞു -"അവൻ ആഹാരവുമായി കയറുന്ന സമയത്ത് അടിച്ചു വീഴ്ത്തണം. പിന്നെ ആഹാരവും കഴിച്ച് നമുക്ക് പകുതി വീതം സമ്പത്ത് പങ്കിടാം"

മൂന്നാമൻ ആഹാരവുമായി എത്തിയ നേരത്ത് അവർ അവനെ അടിച്ചു വീഴ്ത്തി! എന്നിട്ട്, വിഷം കലർന്ന ആഹാരവും അറിയാതെ കഴിച്ച് ചാക്കുമായി നടക്കാൻ തുടങ്ങി.

എന്നാൽ, കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ രണ്ടു പേരും കുഴഞ്ഞു വീണു മരിച്ചു! ആ ചാക്ക് അവിടെ അനാഥമായി കുറച്ചു ദിവസങ്ങൾ കിടന്നു. പിന്നീട്, ഏതോ മൃഗങ്ങൾ കടിച്ചു വലിച്ച് ആ ചാക്ക് ചതുപ്പിലേക്കു താണു!

ആശയം: പരസ്പരം ചതിച്ചു നേരിയ സമ്പത്ത് അവസാനം അസ്ഥിരപ്പെടുന്ന കാഴ്ച സാധാരണമാണ്. ന്യായമായ വഴികളിലൂടെ മാത്രം സമ്പാദിക്കുക. അത് ആസ്വദിക്കുക.

Written by Binoy Thomas, Malayalam eBooks-1221-തിന്മകൾ - 69, PDF -https://drive.google.com/file/d/1B-dfthbW9NhzjQlxj6R0-CVHgobHuAXu/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം