(1202) പ്രതിഫലത്തിൻ്റെ പ്രശ്നം!
പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ദിവ്യഗുരുവിന് ആശ്രമമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആശ്രമത്തിൽ ഓരോ സമയത്തും പല മൃഗങ്ങളും വന്നു കയറുന്നത് പതിവാണ്.
ഗുരുവിന് മൃഗങ്ങളുമായി ആശയവിനിമയത്തിന് കഴിവുണ്ടായിരുന്നു. ഒരിക്കൽ, ഒരു ദിവസം തന്നെ കുറുക്കനും പോത്തും ചെന്നായും കുരങ്ങനും പല സമയത്ത് ആശ്രമത്തിലെത്തി.
അവിടെ മൃഗങ്ങൾ പരസ്പരം വഴക്കിടാൻ പാടില്ലെന്ന് ഗുരു എല്ലാ ജീവികളോടും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ മൃഗങ്ങൾ എല്ലാം കൂടി ആശ്രമ പരിസരത്ത് നടക്കുന്നത് ഗുരുവിന് ഇഷ്ടമായില്ല.
കാരണം, അതിഥികൾ വരുമ്പോൾ ചിലപ്പോൾ പേടിക്കാൻ സാധ്യതയുണ്ടല്ലോ. അവറ്റകളെ ഒഴിവാക്കാൻ ഗുരു ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു.
"ഈ ആശ്രമത്തിന് ഒരുപാട് പുരയിടമുണ്ട്. അവിടെ വന്യമൃഗങ്ങളുടെ ശല്യം ചിലപ്പോൾ വരാറുണ്ട്. അതിനാൽ, നിങ്ങളെ ഓരോ ആളിനെയും ഒരു ജോലി ഏൽപ്പിക്കുകയാണ് "
ആ നാലു മൃഗങ്ങൾക്കും അത് സമ്മതമായി.
അദ്ദേഹം പറഞ്ഞു -"സിംഹത്തിൻ്റെ ഗുഹയിൽ ചെന്ന് അവൻ്റെ ഇന്നത്തെ ആഹാരം എന്താണെന്ന് അറിഞ്ഞു വരുന്നതാണ് ഒരു ജോലി. അങ്ങനെ മടങ്ങി വരുന്നവർക്ക് നാലു നേരത്തേ ആഹാരം ഞാൻ തരും.
അടുത്ത ജോലി -കടുവയുടെ ഗുഹയിൽ പോയി അറിഞ്ഞു വന്നാൽ മൂന്ന് നേരത്തേ ആഹാരം.
മൂന്നാമത്തെ ജോലി -അടുത്ത തടാകത്തിലെ വെള്ളത്തിൽ ഇറങ്ങി അവിടെ മുതലകൾ ഉണ്ടോയെന്ന് നോക്കി വന്നാൽ രണ്ടു നേരത്തേ ആഹാരം തരും.
നാലാമത്തെ ജോലി - അടുത്തുള്ള കുന്നിൻ്റെ മുകളിൽ നിന്ന് ഏതെങ്കിലും വന്യമൃഗങ്ങൾ ഇങ്ങോട്ട് വരുന്നുണ്ടോ എന്ന് നോക്കി വന്നാൽ ഒരു നേരത്തേ ആഹാരം ഞാൻ തരും.
ഓർമ്മിക്കുക - നിങ്ങൾക്ക് ഏതു ജോലി വേണമെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ ചെയ്യാം"
ഉടൻ, മൃഗങ്ങൾ യാത്രയായി. അന്ന് വൈകുന്നേരമായപ്പോൾ കുരങ്ങൻ മാത്രമേ തിരികെ വന്നുള്ളൂ. അവനെ ഗുരു ആശ്രമത്തിൽ കഴിയാൻ അനുവദിച്ചു. മറ്റുള്ള മൂന്നു മൃഗങ്ങളും സിംഹം, കടുവ, മുതല എന്നിവയെ എത്തി നോക്കിയപ്പോൾ ആക്രമിക്കപ്പെട്ടു.
ആശയം: ഈ കഥയിൽ മൃഗങ്ങൾ കൂടുതൽ ആഹാരം കിട്ടുന്നതു നോക്കി അപകടത്തിൽ പെട്ടു. എന്നാൽ, ഇക്കാലത്ത് പണം, പ്രശസ്തി, പദവി എന്നിവയ്ക്കായി അനേകം ആളുകൾ കുഴപ്പത്തിലാകുന്നുണ്ട്.
Written by Binoy Thomas, Malayalam eBooks-1202-Thinmakal - 68, PDF-https://drive.google.com/file/d/1M6p9_Sr9U9F8X6meLEOKBau8hL2wptvt/view?usp=drivesdk
Comments