(1200) ശിഷ്യന്മാരും കടുവയും!
ഒരിക്കൽ, സിൽബാരിപുരം ദേശത്ത് പ്രശസ്തമായ ആശ്രമത്തിൽ അഞ്ച് ശിഷ്യന്മാർ മികച്ച വിദ്യാഭ്യാസം നേടി. അതിനുശേഷം, അവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള സമയമായി.
അന്നേരം, ഗുരു പറഞ്ഞു -"നിങ്ങൾ പഠിച്ചിരിക്കുന്ന ഏറ്റവും വലിയ അറിവ് ജീവികൾക്ക് ജീവൻ കൊടുക്കാനുള്ള വിദ്യയാണ്. പക്ഷേ, അത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പ്രയോഗിക്കേണ്ട ഒന്നാണ്. അല്ലാതെ, പ്രശസ്തിക്കോ, പണത്തിനോ, പദവിക്കോ വേണ്ടി ഒരിക്കലും ദുരുപയോഗം ചെയ്യരുത്!"
ശിഷ്യന്മാർ അഞ്ചു പേരും അതെല്ലാം സമ്മതിച്ച് കാട്ടിലൂടെ യാത്ര തുടങ്ങി. ഏറെ ദൂരം പിന്നിട്ടപ്പോൾ ഒരു കടുവയുടെ അസ്ഥികൂടം കിടക്കുന്നതു കണ്ടു.
അപ്പോൾ, ഒന്നാമൻ പറഞ്ഞു -"കൂട്ടുകാരേ, നമ്മൾ പഠിച്ചത് പരീക്ഷിക്കാൻ എനിക്കു കൊതിയാവുന്നു. ഈ കടുവയെ പഴയതുപോലെ ആക്കാൻ കഴിയുമോ?"
ഉടൻ, അഞ്ചാമൻ പറഞ്ഞു -"അരുത്! ഗുരു പറഞ്ഞത് ഓർമ്മയില്ലേ? ആ ദിവ്യശക്തി വെറുതെ പാഴാക്കാൻ ഉള്ളതല്ല"
അന്നേരം, മറ്റൊരാൾ പറഞ്ഞു - ''നമ്മൾ ആശ്രമത്തിൽ നിന്നും ബഹുദൂരം പിന്നിട്ടിരിക്കുന്നു. ഗുരു ഒരിക്കലും ഇത് അറിയാൻ പോകുന്നില്ല"
പെട്ടെന്ന്, ഒന്നാമൻ മന്ത്രം ഉരുവിട്ടപ്പോൾ കടുവയ്ക്ക് തൊലിയും മാംസവും വന്നു! രണ്ടാമൻ മന്ത്രം ചൊല്ലിയപ്പോൾ രോമങ്ങൾ വന്നു! മൂന്നാമൻ നഖങ്ങളും പല്ലുകളും കൊടുത്തു!
അഞ്ചാമൻ പേടിച്ചു വിറച്ച് പറഞ്ഞു -"നിങ്ങൾ ഈ കടുവയ്ക്ക് ജീവൻ കൊടുക്കരുത്. അത് നമ്മളെ ആക്രമിക്കും"
പക്ഷേ, അവർ പറഞ്ഞു -"ദിവ്യഗുരുവിൻ്റെ വിദ്യ മൂലം ജീവൻ കിട്ടിയ ഈ കടുവ നമ്മളെ ഒന്നും ചെയ്യില്ല!"
നാലാമൻ മന്ത്രം ഉരുവിട്ട് തുടങ്ങിയപ്പോൾ അഞ്ചാമൻ അതിവേഗം അടുത്തുണ്ടായിരുന്ന മരത്തിൻ്റെ മുകളിലേക്ക് കയറി ഒളിച്ചു.
മന്ത്രം കഴിഞ്ഞ സമയത്ത്, കടുവ കണ്ണു തുറന്ന് നോക്കിയപ്പോൾ ആദ്യം കണ്ട നാലാമനെ അടിച്ചു വീഴ്ത്തി! മറ്റുള്ള മൂന്നു പേരും പരിസരം മറന്ന് ചാടിയത് ആഴമേറിയ ചതുപ്പിലായതിനാൽ അവർ മുങ്ങിത്താണു. താഴെ കടുവ നാലാമനെ തിന്നുന്നതിനാൽ അഞ്ചാമന് അവരെ രക്ഷിക്കാനായി കാട്ടുവള്ളി ഇട്ടുകൊടുക്കാനും സാധിച്ചില്ല!
പിന്നീട്, ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അഞ്ചാമൻ കൊട്ടാരത്തിലെ പണ്ഡിതനായിത്തീർന്നു!
ആശയം: അറിവ് ഒരു പോലെ ലഭിക്കുന്നവരിലും -വിവേകവും ഉൾക്കാഴ്ചയും തിരിച്ചറിവും പല തലത്തിലായിരിക്കും!
Written by Binoy Thomas, Malayalam eBooks-1200-folk tales - 74, PDF-https://drive.google.com/file/d/1lanNDgbZaawFb-HG5Wa_-Q5_nBqQuTKR/view?usp=drivesdk
Comments