(1199) മനുഷ്യനും നായയും!
മനുഷ്യൻ്റെ ഉറ്റ ചങ്ങാതിയായി നായ്ക്കൾ എന്നാണു മാറിയതെന്ന് ആർക്കും അറിയില്ല. എന്നാൽ, ഒട്ടേറെ രസകരമായ കഥകൾ ഇതുമായി ബന്ധപ്പെട്ട് എനിക്ക് വായിക്കാൻ പറ്റിയിട്ടുണ്ട്.
അത്തരം ഒരു കഥ.
അനേകം നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരത്ത് നാടും കാടും ഇടകലർന്ന് കിടന്നിരുന്ന സമയം. അക്കാലത്ത്, ചെന്നായ്ക്കൾ അൻപതും നൂറും എണ്ണം ഒന്നിച്ച് താമസിക്കുകയായിരുന്നു പതിവ്. പക്ഷേ, ഉൾക്കാട്ടിലായിരുന്നു അവറ്റകൾ.
എന്നാൽ, കാടിനോടു ചേർന്ന് തീറ്റി തേടി നടന്നിരുന്ന നായ്ക്കൾ അനേകമായിരുന്നു. പക്ഷേ, അവറ്റകൾ മനുഷ്യനുമായി ഇണങ്ങിയിരുന്നില്ല.
അതിൽ ഒരു നായ കാടിനുള്ളിലേക്കു കയറി. ഒരു കുറുക്കനെ കണ്ടപ്പോൾ അവനുമായി ചങ്ങാത്തമായി. പക്ഷേ, ഉറങ്ങാൻ കിടന്ന സമയത്ത് രാത്രിയിൽ തെളിഞ്ഞു നിന്നിരുന്ന ചന്ദ്രനെ നോക്കി നായ കുരയ്ക്കാൻ തുടങ്ങി.
കുറുക്കൻ പറഞ്ഞു -"നീ എൻ്റെ ഉറക്കം കൂടി കളഞ്ഞു. ഇവിടെ നിന്നും പോകൂ! "
പിന്നെ, നായ മുന്നോട്ടു പോയപ്പോൾ ഒരു ആടിനെ കണ്ടു. അവർ കൂട്ടുകാരായി. അടുത്ത ദിവസം പാതിരാത്രിയിൽ നായയുടെ കുര കേട്ട് ആട് അതൃപ്തി അറിയിച്ചു.
അവൻ വേറെ ദിക്കിലേക്കു പോയപ്പോൾ ഒരു പശുവിനെ കൂട്ടു കിട്ടി. അവിടെയും രാത്രിയിൽ സ്വന്തം കുര കാരണം പശുവിൻ്റെ പരാതി ഉയർന്നു.
അങ്ങനെ രാത്രിയിൽ മറ്റുള്ള മൃഗങ്ങൾ ഉറങ്ങുന്ന സമയത്തെ കുര കാരണം ആ നായയെ ആരും കൂട്ടിയില്ല. ഒടുവിൽ, അവൻ ചിന്തിച്ചപ്പോൾ ക്രൂരന്മാരായ മനുഷ്യർ മാത്രമേ അവൻ്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ.
അവൻ രാത്രിയിൽ നാട്ടിലേക്കു തിരികെ വന്നു. അവിടെ ഒരു മനുഷ്യൻ തൻ്റെ മീൻകുളത്തിനു കാവലിരിക്കുകയായിരുന്നു. കാരണം, കുറച്ചു നേരത്തേ അശ്രദ്ധ വന്നാൽ പോലും കള്ളന്മാർ മീൻ മോഷ്ടിച്ചു കൊണ്ടു പോകും.
അന്ന്, നല്ല തെളിഞ്ഞ നിലാവുള്ള രാത്രിയാകയാൽ നായ ചന്ദ്രനെ നോക്കി ഉച്ചത്തിൽ കുരച്ചു കൊണ്ടിരുന്നു. അതു ശ്രദ്ധിച്ച ആ കർഷകൻ പിറുപിറുത്തു - "ഈ നായയുടെ തുടർച്ചയായ കുര കേട്ടാൽ ഒരു കള്ളനും ഇങ്ങോട്ടു വരാൻ ധൈര്യപ്പെട്ടില്ല"
ഉടൻ, അയാൾ നായയ്ക്ക് ഒരു മുഴുത്ത മീൻ എറിഞ്ഞു കൊടുത്തു. അവൻ ആർത്തിയോടെ തിന്നശേഷം ആ കർഷകൻ്റെ സമീപത്ത് ചെന്ന് വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു.
അന്നു മുതൽ രാത്രിയിൽ നായ ഉണർന്ന് മീൻ കുളത്തിനു കാവലിരുന്നു തുടങ്ങി. അതിനൊപ്പം രാത്രിയിലെ കുരയും.
അന്നേരം, കർഷകൻ പിറുപിറുത്തു - "എനിക്ക് സുഖമായി സമാധാനത്തോടെ രാത്രിയിൽ ഉറങ്ങാം!"
അപ്പോൾ, നായയും പിറുപിറുത്തു - "ഈ മനുഷ്യനു മാത്രം എൻ്റെ രാത്രിയിലെ കുര കേട്ടാൽ സന്തോഷമാണ്!"
ആശയം: സ്നേഹത്തിലും സൗഹൃദത്തിലും മനുഷ്യരേക്കാൾ ഏറെ മുന്നിലാണ് നായ്ക്കൾ. യജമാനനെ ജീവൻ കൊടുത്തും അവറ്റകൾ രക്ഷിക്കും.
Written by Binoy Thomas, Malayalam eBooks-1199 - friendship Stories -21, PDF-https://drive.google.com/file/d/19ton1MpCiaWBKSN7tDiGyr-UHDDQ3JeQ/view?usp=drivesdk
Comments