(1198) ഭാഗ്യവും നിർഭാഗ്യവും!

 പണ്ട് സിൽബാരിപുരം ദേശത്ത് പുരുഷോത്തമൻ എന്ന പേരുള്ള ഒരാൾ  ജീവിച്ചിരുന്നു. ഒരിക്കൽ, അയാൾ ചന്തയിലേക്ക് ചുമടുമായി പോകുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു - "കഷ്ടം! അയാളുടെ ദുരിതം നോക്കൂ "

പിന്നീട്, അയാൾ ചുമടു ചുമക്കാനായി ഒരു കഴുതയെ വാങ്ങി. കഴുത ചുമടുമായി പോകുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു -"ഭാഗ്യം! അയാൾ രക്ഷപ്പെട്ടു"

എന്നാൽ, കുറെ ദിവസം കഴിഞ്ഞപ്പോൾ ആ കഴുതയെ കണ്ട് മറ്റൊരു കഴുത പിറകേ കൂടി. മറ്റൊരു കഴുതയെ പുരുഷോത്തമനു കിട്ടിയ കാര്യം നാട്ടുകാർ അറിഞ്ഞപ്പോൾ അവർ വീണ്ടും പറഞ്ഞു -"അയാളുടെ ഭാഗ്യം!"

എന്നാൽ, പുതിയ കഴുത യാതൊരു മെരുക്കവുമില്ലാത്ത ഒരെണ്ണമായിരുന്നു. പുരുഷോത്തമൻ്റെ മകനെ ആ കഴുത തൊഴിച്ചപ്പോൾ അവൻ്റെ കാൽ ഒടിഞ്ഞു.

അത് അറിഞ്ഞപ്പോൾ അയൽവാസികൾ പറഞ്ഞു -"കഷ്ടം! കഴുത വന്നു കയറിയത് ദൗർഭാഗ്യമായി"

ആ സമയത്ത് കൊട്ടാരത്തിലേക്ക് കാവൽ ഭടന്മാരെ നിയമിക്കുന്ന പെരുമ്പറ മുഴങ്ങി. കാൽ ഒടിഞ്ഞ മകന് പോകാൻ പറ്റിയില്ല. അത് അറിഞ്ഞ നിമിഷം നാട്ടുകാർ പറഞ്ഞു - "പുരുഷുവിൻ്റെ മകന് കാലക്കേടിൻ്റെ സമയമാണ്. നല്ല ജോലി കിട്ടിയില്ല"

എന്നാൽ, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വാർത്ത കാട്ടുതീ പോലെ വ്യാപിച്ചു - "കൊട്ടാരത്തിലെ പുതിയ കാവൽഭടന്മാരെ ശത്രുക്കൾ കൊലപ്പെടുത്തി"

അന്നേരം നാട്ടുകാർ ഓടി പുരുഷോത്തമൻ്റെ വീട്ടിലെത്തി - "എടാ, പുരുഷൂ, നിൻ്റെ മകൻ രക്ഷപെട്ടു. കാവൽഭടന്മാർ വധിക്കപ്പെട്ടു! ആ കഴുത വീട്ടിൽ വന്നു കയറിയത് ഭാഗ്യമായി "

ഉടൻ, പുരുഷോത്തമനു ദേഷ്യമായി - "നിങ്ങളെല്ലാവരും ഇനി മേലിൽ കഷ്ടവും നഷ്ടവും ഭാഗ്യവും പറഞ്ഞ് ഇങ്ങോട്ടു വന്നു പോകരുത്. നിങ്ങൾ ഓരോ പ്രാവശ്യവും തിരിച്ചും മറിച്ചും പറയും!"

ആശയം: ആളും തരവും സന്ദർഭവും സാഹചര്യവും നിലനിൽപും ഒക്കെ നോക്കി ആളുകളുടെ അഭിപ്രായത്തിന് യാതൊരു സ്ഥിരതയുമില്ല. മനസ്സ് ഉണർത്താനും തളർത്താനും ഒരുപോലെ അതെല്ലാം കാരണമാകാം.

Written by Binoy Thomas, Malayalam eBooks-1198- Satire stories - 35, PDF-https://drive.google.com/file/d/1q-9Qsr0UeMqBwBLIxgpClKeePbZXahua/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍