(1196) സന്യാസിയും താറാവും!

 പണ്ട്, സിൽബാരിപുരം ദേശത്തെ സന്യാസിയുടെ ആശ്രമത്തിൽ വലിയ ഒരു കുളമുണ്ടായിരുന്നു. പണ്ടുകാലത്ത്, രാജാവ് ആ സ്ഥലമെല്ലാം സന്യാസിക്ക് ദാനമായി നല്കിയതാണ്. കുറെ വർഷങ്ങൾ നീണ്ട കഠിനമായ ധ്യാനത്തിൻ്റെ ഫലമായി പ്രകൃതിയിലെ എല്ലാത്തരം ജീവികളുമായി സംസാരിക്കുന്നതിനുള്ള അത്ഭുത സിദ്ധിയും അദ്ദേഹത്തിനു കിട്ടി.

ഒരിക്കൽ, ആ കുളത്തിലേക്ക് എവിടെ നിന്നോ കുറെ താറാവുകൾ വന്നുചേർന്നു. അവർക്ക് അവിടം ഏറെ ഇഷ്ടമായി. സന്യാസിയെ കണ്ട് അവർ ചോദിച്ചു - "ഞങ്ങൾ ഇനിയുള്ള കാലം ഇവിടെ താമസിച്ചോട്ടെ?"

അദ്ദേഹം പറഞ്ഞു -"താമസിച്ചോളൂ. എന്നാൽ, ഈ കുളത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങളെ ശല്യം ചെയ്യാൻ ആരും ഇവിടെ വരില്ല. മാത്രമല്ല, ഇവിടെയുള്ള ജീവികളെല്ലാം പരസ്പരം സ്നേഹിച്ചു കഴിയുന്നവരാണ്"

ഉടൻ, താറാവുകളുടെ നേതാവ് പറഞ്ഞു -"ഞങ്ങൾ ഇവിടെ ഉള്ളവരെ ഒരിക്കലും ശല്യം ചെയ്യില്ല"

അങ്ങനെ അവർ അവിടെ താമസമാക്കി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ പ്രാണഭീതിയിൽ ഏതോ പ്രദേശത്തു നിന്നും ഒരു താറാവ് ആ കുളത്തിൻ്റെ കരയിലെത്തി. കുളത്തിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ മറ്റുള്ള താറാവുകൾ അതിനു സമ്മതിച്ചില്ല.

"ഇവിടെ ഞങ്ങൾക്കു നീന്തിക്കളിക്കാനുള്ള സ്ഥലമേ ഉള്ളൂ. നീ വേറെ എവിടെ എങ്കിലും പോകൂ"

ആ താറാവ് പേടിച്ചു നിന്നപ്പോൾ മറ്റുള്ളവർ കരയിൽ കയറി കൊത്തി ഓടിക്കാനായി വന്നു. അതു കണ്ടുകൊണ്ടാണ് സന്യാസി അങ്ങോട്ടു വന്നത്.

"നിർത്ത്! നിങ്ങൾ ഈ ആശ്രമത്തിൻ്റെ നിയമം തെറ്റിച്ചിരിക്കുന്നു. ആ താറാവിനെ എന്തിനാണ് കൊത്തുന്നത്?"

മറ്റൊരു താറാവ് പറഞ്ഞു -"ഗുരുവേ, ഞങ്ങൾ അങ്ങ് പറഞ്ഞ നിയമം തെറ്റിച്ചില്ല. ഇവിടെയുള്ള ആരെയും ഒന്നും ചെയ്തിട്ടില്ല. താറാവ് വരത്തനാണ്. ദൂരെ ദിക്കിൽ നിന്നും അലഞ്ഞു തിരിഞ്ഞു വന്നവാണ് "

സന്യാസി പറഞ്ഞു -"ഒരിക്കൽ, നിങ്ങളും ഇങ്ങനെ വന്നു ചേർന്നവരാണ് "

അന്നേരം താറാവുനേതാവ് പറഞ്ഞു -"ഞങ്ങൾ വലിയ കുടുംബമായി ഒന്നിച്ചു വന്നവരാണ്. ഇവനെ നോക്കുക. യാതൊരു ബന്ധുബലവും ഇല്ലാതെ ഒറ്റയ്ക്കു നടക്കുന്നവനല്ലേ?"

സന്യാസി ദേഷ്യത്തോടെ പറഞ്ഞു -"എൻ്റെ ആശ്രമത്തിലെ അന്തേവാസികളായ മനുഷ്യർ എല്ലാവരും ആരുമില്ലാതെ ഇവിടെ വന്നവരാണ്. വലിയ തറവാടികൾക്കും ഉന്നതകുല ജാതർക്കും ഇവിടെ യാതൊരു സ്ഥാനവുമില്ല. ഈ നിമിഷം നിങ്ങൾ ഇവിടം വിട്ടു പോകുക. ആരും ഇല്ലാത്ത ഈ ഒരു താറാവു മാത്രം ഇവിടെ മതി"

ഉടൻ, അവരെല്ലാം ആശ്രമം വിട്ട് കാട്ടുപ്രദേശത്തേക്കു നീങ്ങി. അവിടെ ചെന്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്തു!

ആശയം: ഈ കഥയിൽ അഭയം കൊടുത്തവർക്കു നേരെ താറാവുകൾ ചോദ്യം ചെയ്തെങ്കിൽ, മനുഷ്യർ ഉപദ്രവിക്കുകയും കൂടി ചെയ്യുന്ന സംഭവ കഥകൾ സാധാരണമാണ്. നന്മകളെ ബഹുമാനിക്കണം.

Written by Binoy Thomas, Malayalam eBooks-1196 - Goodness stories-55, PDF-https://drive.google.com/file/d/1PyKS3N79ei5N9W50YiLWIU6OEdTCv8Kl/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍