(1195) സിംഹത്തെ കൊന്ന കുറുക്കൻ!
സിൽബാരിപുരം രാജ്യമാകെ പണ്ടുകാലത്ത് കൊടുംകാടായിരുന്നു. ഒരിക്കൽ, സിംഹം ഇര തേടി നടക്കുകയാണ്. അന്നേരം, ഒരു കുറുക്കൻ താഴെ പാറമടക്കിൽ എന്തോ കുനിഞ്ഞ് നോക്കി ഇരിക്കുന്നത് സിംഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. സിംഹം ക്ഷമയോടെ പതുങ്ങിച്ചെന്ന് ചാടിവീഴാനുള്ള തക്കം പാർത്തു.
അതിനുമുൻപ്, മുയലുകൾ കുറുക്കനെ കണ്ട നിമിഷത്തിൽ പാറമടക്കിൽ കയറി ഒളിച്ചിരുന്നു. അങ്ങനെ കുറുക്കനും ക്ഷമയോടെ ഇരയെ കാത്തിരിക്കുകയായിരുന്നു. എന്നാൽ, സമയം വൈകുന്നേരമായതിനാൽ മുകളിൽ നിന്ന സിംഹത്തിൻ്റെ നിഴൽ ആ പാറക്കെട്ടിൽ വന്നു പതിഞ്ഞത് കുറുക്കൻ്റെ കണ്ണിൽ പെട്ടു!
അവൻ തിരിഞ്ഞു നോക്കിയപ്പോൾ സിംഹം ചാടാനായി നോക്കി നിൽക്കുകയാണ്. പാറയുടെ മുകളിലേക്ക് ഓടിക്കയറി രക്ഷപെടാൻ പറ്റില്ലെന്ന് കുറുക്കനു മനസ്സിലായി. താഴെ ഒരു കുഴിയാണ്, ചാടിയാലും സിംഹത്തിനു താഴെ ഇറങ്ങി പിടിക്കാനാകും.
ഉടൻ, അവൻ സൂത്രം പ്രയോഗിച്ചു - "മൃഗരാജാവേ, ഞാൻ ഇത്രയും നേരമായി ഈ പാറമടക്കിൽ ധ്യാനിക്കുകയായിരുന്നു. താമസിയാതെ വീരചരമം പ്രാപിക്കുമെന്ന് എനിക്ക് ഉൾവിളി കിട്ടിയിരുന്നു. എന്നാൽ, അവസാനമായി എനിക്ക് ഒരു അപേക്ഷയുണ്ട്. ഒരു കരുത്തനായ സിംഹം പറന്നു ചാടി എന്നെ കീഴ്പ്പെടുത്തണം എന്നാണ് എൻ്റെ ആഗ്രഹം. എൻ്റെ മരണം സാഹസികമായ സംഭവമായി കാട്ടിൽ എക്കാലവും അറിയപ്പെടണം!"
അങ്ങനെ കേട്ടപ്പോൾ സിംഹത്തിന് ആവേശം കൂടി. അതു പറഞ്ഞിട്ട് കുറുക്കൻ പാറമേൽ ശരീരം ചേർത്തു വച്ച് തിരിഞ്ഞു നിന്നു. സിംഹം ഉയർന്നു ചാടി വരുന്ന നിഴൽ ശ്രദ്ധിച്ച് നിമിഷത്തിനിടയിൽ താഴേക്കു ചാടി!
സിംഹം അതിശക്തമായി പാറയിൽ വന്നടിച്ചതിൻ്റെ ആക്കത്തിൽ മൂക്കും പാറയിൽ തല്ലി സിംഹം വീരചരമം പ്രാപിച്ചു! കുറുക്കൻ്റെ കാലിനു പരുക്കേറ്റ് ഞൊണ്ടി കുഴിയിൽ നിന്നും പുറത്തു കടന്ന് രക്ഷപെട്ടു! അങ്ങനെ 'സിംഹത്തെ കൊന്ന കുറുക്കൻ' എന്ന ബഹുമതിയും അവനു ലഭിച്ചു!
ആശയം: ആപത്തിൽ നിന്നും കരകയറാൻ ബുദ്ധിശക്തി പ്രയോഗിക്കണം. അവസാന നിമിഷം വരെ പൊരുതാനുള്ള ചങ്കുറപ്പും ഉണ്ടായിരിക്കണം.
Written by Binoy Thomas, Malayalam eBooks-1195-Katha sarit sagaram - 28, PDF-https://drive.google.com/file/d/1J05ncvDG_FZsJcPRtYDgcfOgXgxSpgHF/view?usp=drivesdk
Comments