(1194) സ്വർണ്ണക്കൊതി!
ഒരിക്കൽ, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് രുദ്രൻ എന്ന രാജാവായിരുന്നു. അയാൾ വലിയ ഒരു ദേവീ ഭക്തനാണ്. എന്നാൽ, സമ്പത്തിനോട് അമിതമായ ആസക്തിയുണ്ടായിരുന്നു.
അതിനിടയിൽ, മറ്റൊരു ആഗ്രഹം രാജാവിനു തോന്നി. ഈ ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരം ഉള്ള രാജാവ് എന്ന ബഹുമതി സ്വന്തമാക്കണം!
അതിനായി അയാൾ ശക്തമായ പ്രാർഥനകളും യാഗങ്ങളും പൂജകളും രഹസ്യമായി നടത്തി. ഒടുവിൽ, ദേവി പ്രത്യക്ഷപ്പെട്ടു- " അല്ലയോ, ഭക്താ, നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക"
ഉടൻ, രാജാവ് തൻ്റെ ആഗ്രഹം അറിയിച്ചു. ദേവി വരം കൊടുത്തു - "നീ ആഗ്രഹിക്കുന്ന അത്രയും അളവ് സ്വർണ്ണം കിട്ടാനുള്ള അനുഗ്രഹം നിനക്ക് ഞാൻ തരുന്നു. അതിനായി നീ എവിടെ എന്തു തൊടുന്നുവോ അതു മുഴുവനും സ്വർണ്ണമായി മാറും!"
രാജാവിന് വളരെയേറെ സന്തോഷമായി. അയാൾ അടുത്തു കണ്ട കൊട്ടാരത്തിലെ തൂൺ തൊട്ടപ്പോൾ അത് സ്വർണ്ണമായി മാറി! കിടക്കുന്ന കട്ടിലും, സിംഹാസനവും കിരീടവും വാളും വസ്ത്രങ്ങളുമെല്ലാം സ്വർണ്ണമായി മാറി.
രാജാവിന് ലോകം പിടിച്ചടക്കിയ സന്തോഷമാണ് ഉണ്ടായത്. ഇതിനിടയിൽ, ഉച്ച സമയത്ത്, തീൻമേശയിൽ സദ്യ വിളമ്പിയത് കഴിക്കാനായി കൈ ചോറിൽ തൊട്ടപ്പോൾ അതും സ്വർണ്ണമായി. വെള്ളം കുടിക്കാൻ ഗ്ലാസിൽ കൊട്ടപ്പോൾ വെള്ളവും സ്വർണ്ണമായി മാറി.
രാജാവ് അപ്പോഴാണ് ഞെട്ടുന്ന ആ യാഥാർഥ്യം മനസ്സിലാക്കിയത് - യാതൊന്നും കഴിക്കാനോ കുടിക്കാനോ പറ്റില്ല! അങ്ങനെ വിഷമിച്ച് ഇരിക്കുന്ന സമയത്ത് രാജാവിൻ്റെ ഇളയ മകൾ മടിയിലേക്ക് ചാടിക്കയറിപ്പോൾ കുഞ്ഞിനെ തൊട്ടപ്പോൾ മകൾ സ്വർണ്ണ പ്രതിമയായി മാറി!
അയാൾ നിലവിളിച്ച് പൂജാമുറിയിലേക്ക് കയറി കുറെ ദിവസങ്ങൾ തുടർച്ചയായി മന്ത്രങ്ങളും പൂജകളും ചെയ്തപ്പോൾ ദേവി വീണ്ടും പ്രത്യക്ഷമായി.
"എൻ്റെ ദേവ്യേ! എനിക്കൊന്നും വേണ്ടായേ! ഈ നാശം പിടിച്ച വരം ഒന്നു തിരിച്ചെടുക്കാൻ കനിവുണ്ടാകണേ!"
ആ നിമിഷം മുതൽ സ്വർണ്ണമെല്ലാം മാഞ്ഞുപോയി. എല്ലാം പഴയപോലെയായി. അതോടെ, രാജാവ് പിന്നീട്, ഒരിക്കലും യാതൊരു അത്യാഗ്രഹത്തിനും പോയിട്ടില്ല.
ആശയം: ഈ ഭൂമിയിൽ സാധുക്കളായ ജനങ്ങൾ ഒട്ടേറെ രീതികളിൽ ദുരിതം അനുഭവിക്കുന്നതിൻ്റെ ഒരു പ്രധാന കാരണം, ദുഷ്ടരുടെ അത്യാഗ്രഹമാണ്. നിങ്ങൾ ഈ നിമിഷം മുതൽ അതിൽ നിന്നും വിട്ടു നിൽക്കുക!
Written by Binoy Thomas, Malayalam eBooks-1194- Thinma-67, PDF-https://drive.google.com/file/d/108jDJAbdK0tX7DrnNwpN_aRQRYbpGQEZ/view?usp=drivesdk
Comments