(1193) കുരങ്ങനു കിട്ടിയ തൊപ്പി!

 സിൽബാരിപുരം ദേശത്ത്, ഒരിക്കൽ ഒരു നാടോടി വന്നു ചേർന്നു. അയാൾ ഒരു തൊപ്പിക്കച്ചവടം ചെയ്യുന്ന ആളായിരുന്നു. പല വലിപ്പത്തിലും നിറത്തിലുമുള്ള അനേകം തൊപ്പികൾ അയാളുടെ സഞ്ചിയിൽ ഉണ്ടായിരുന്നു.

മാത്രമല്ല, മനോഹരമായ ഒരു തൊപ്പി തലയിൽ വച്ചാണ് അയാൾ ആ നാട്ടിലൂടെ തൊപ്പികൾ വിൽക്കാൻ നടന്നത്. ഒരു ദിവസം, അയാൾ നടന്നു ക്ഷീണിച്ച് മരത്തണലിൽ വിശ്രമിക്കാൻ ഇരുന്നു. പക്ഷേ, ക്ഷീണം കാരണം ഉറങ്ങിപ്പോയി. അന്നേരവും തലയിൽ തൊപ്പി വച്ചിട്ടുണ്ടായിരുന്നു.

കുറച്ച്, അകലെയുള്ള മരക്കൂട്ടങ്ങളിൽ താമസിച്ചിരുന്ന വാനര സംഘം അവിടെയെത്തി. ആ കുരങ്ങന്മാർ നോക്കിയപ്പോൾ തലയിൽ തൊപ്പിയും വച്ച് ഉറങ്ങുന്ന മനുഷ്യനെ കണ്ടു.

കുരങ്ങന്മാരുടെ ശീലമായിരുന്ന വികൃതികൾ ഇവിടെയും ആവർത്തിച്ചു. തൊപ്പി ഒരു കൗതുകമായി തോന്നിയ കുരങ്ങന്മാർ സഞ്ചിയിൽ നിന്നും ഓരോ തൊപ്പി കയ്യിൽ പിടിച്ച് മരത്തിൻ്റെ മുകളിലുള്ള ശിഖരത്തിൽ കയറിയിരുന്നു. ആദ്യം ഏതാനും കുരങ്ങന്മാർ ചെയ്തതു നോക്കി എല്ലാ കുരങ്ങന്മാരും സഞ്ചിയിലെ തൊപ്പികൾ എടുത്തു മരത്തിൽ കയറി.

പിന്നെ, മരത്തിലിരുന്ന് അവറ്റകൾ വികൃത ശബ്ദങ്ങൾ പുറപ്പെടുവിച്ച് തൊപ്പി കൊണ്ട് കളിക്കാൻ തുടങ്ങി.

അതുകേട്ട്, നാടോടി എണീറ്റ് നോക്കിയപ്പോൾ തൻ്റെ സഞ്ചി കാലിയായി. തൊപ്പികൾ കുരങ്ങന്മാരുടെ കയ്യിലും!

അയാൾ ഒരു നിമിഷം ആലോചിച്ചു. ആ കുരങ്ങന്മാരെ ഓടിച്ച് തൊപ്പി തിരികെ കിട്ടില്ല. ആ വലിയ മരത്തിൽ കയറാനും തനിക്കു പറ്റില്ല. ഉടൻ, അയാൾ തൻ്റെ തലയിലെ തൊപ്പി ഒരു കുരങ്ങനെ നോക്കി വലിച്ചെറിഞ്ഞു!

അന്നേരം, എല്ലാ കുരങ്ങന്മാരും അതു പോലെ നാടോടിയുടെ നേർക്ക് വലിച്ചെറിഞ്ഞു! അയാൾ പെട്ടെന്ന് തൊപ്പികൾ പെറുക്കിയെടുത്ത് സഞ്ചിയിലാക്കി അവിടം വിട്ടു!

ആശയം- ഈ പ്രവൃത്തി കുരങ്ങന്മാരുടെ ചാപല്യം മാത്രമായി കാണരുത്. ഇതുപോലെ പ്രവർത്തിക്കുന്ന മനുഷ്യരും അനേകമാണ്. മറ്റുള്ളവരെ ചതിച്ചും അഴിമതി നടത്തിയും പണം സമ്പാദിക്കുന്ന അവർ മരണസമയത്ത് എല്ലാം വലിച്ചെറിഞ്ഞ് ഇവിടം വിട്ടു പോകുന്നു.

Written by Binoy Thomas, Malayalam eBooks-1193- Katha Sarit Sagaram - 27, PDF-https://drive.google.com/file/d/1EJIfcxF2iz93fO9kDzYJHbnjXUhl7ZOL/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍