(1190) സൗഹൃദ അട്ടിമറി!
സിൽബാരിപുരം ദേശത്തെ ഒരു തറവാട്ടിൽ വളർത്തുമൃഗങ്ങൾ പലതും ഉണ്ടായിരുന്നു. അവിടെ, ഒരു പൂച്ചയും നായയും നല്ല ചങ്ങാതികളാണ്. ആഹാരം കിട്ടുമ്പോൾ അവർ പങ്കിട്ടു തിന്നുന്നതും പതിവായിരുന്നു.
ഒരു ദിവസം, പൂച്ച ഉറങ്ങാൻ കിടന്നപ്പോൾ ചിന്തിച്ചു - യജമാനന് തന്നേക്കാൾ സ്നേഹം ഈ നായയോടാണ്. ഈ തറവാട്ടിൽ എൻ്റെ പ്രാധാന്യം കുറയുകയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ ഏറെ താമസിയാതെ എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടേക്കാൻ സാധ്യതയുണ്ട്.
അന്നു രാത്രി അവൻ പലതും ആലോചിച്ച് ഒരു തീരുമാനമെടുത്തു - നായയെ ഏതെങ്കിലും ചതിയിൽ പെടുത്തി യജമാനൻ്റെ ശിക്ഷ കിട്ടുന്ന എന്തെങ്കിലും ചെയ്തേ മതിയാകൂ.
നേരം വെളുത്ത ഉടൻ, യജമാനൻ ചന്തയിലേക്കു പോയി. തിരികെ വരുന്നത് ഉച്ചകഴിഞ്ഞാണ്. അയാൾ വന്നയുടൻ ഊണ് കഴിക്കാൻ ഇരിക്കും. ആ സമയം നോക്കി ചെയ്യാനുള്ള കാര്യങ്ങൾ പൂച്ച ആസൂത്രണം ചെയ്തു.
അന്നേരം, നായ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. കാരണം, രാത്രി മുഴുവൻ ഉണർന്നിരുന്ന് തറവാടിൻ്റെ സുരക്ഷയായിരുന്നു അവൻ്റെ പ്രധാന ജോലി. ആ തക്കം നോക്കി പൂച്ച അടുക്കളയിൽ പതുങ്ങി നിന്ന് കാര്യങ്ങൾ നിരീക്ഷിച്ചു.
യജമാനന് ഊണിനുള്ള ഇറച്ചിക്കറി ഒരു കോപ്പയിൽ വിളമ്പി വച്ചത് പൂച്ച ശ്രദ്ധിച്ചു. പിന്നീട്, തറവാടിൻ്റെ മുന്നിലുള്ള വഴിയിലൂടെ അങ്ങോട്ടു നടന്നു വരുന്ന യജമാനനെ കണ്ടപ്പോൾ പൂച്ച ആരും കാണാതെ ഇറച്ചി വിളമ്പിയ കോപ്പ കടിച്ചെടുത്ത് ഉറങ്ങുന്ന നായുടെ മുഖത്ത് മറിച്ചിട്ടു!
പക്ഷേ, ഞെട്ടലോടെ കണ്ണു തുറന്ന നായ ഇറച്ചിക്കറി തിന്നാൻ തയ്യാറായില്ല. കാരണം, തനിക്ക് ഉച്ചഭക്ഷണം വീട്ടുകാർ നേരത്തേ തന്നതാണ്! എങ്കിലും മുഖത്തും ദേഹത്തും തെറിച്ച കറി, നായ നക്കുന്നതു കണ്ടു കൊണ്ടാണ് യജമാനൻ വരാന്തയിലേക്ക് കയറിയത്!
യജമാനൻ ദേഷ്യത്തോടെ അലറിക്കൊണ്ട് ഒരു വടിയെടുത്ത് നായയെ മർദ്ദിച്ചു - "ഇനി മേലിൽ, ഈ വീട്ടിൽ കണ്ടു പോകരുത്! എവിടെയെങ്കിലും പോയി നശിക്ക്"
നായ മോങ്ങിക്കൊണ്ട് അവിടം വിട്ടു. പിന്നെയുള്ള കാലത്ത്, യജമാനൻ്റെ വാൽസല്യവുമായി പൂച്ച തറവാടിൻ്റെ ഓമനയായി!
ആശയം: ഏതു പൊന്നിൻ തിളക്കമുള്ള സൗഹൃദമായാലും എപ്പോൾ വേണമെങ്കിലും ചതിക്കപ്പെടാം. എന്നാൽ, സൗഹൃദ സംശയാലുക്കൾ ആകാതെ സൗഹൃദ ജാഗ്രത പുലർത്തണം.
Written by Binoy Thomas, Malayalam eBooks-1190 - friendship stories - 20, PDF-https://drive.google.com/file/d/1r48Se5RXPUvNETL7bUwAYToNtttXwLb1/view?usp=drivesdk
Comments