(1191) അഞ്ച് മക്കൾ!
പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്ത് നല്ലൊരു ചന്തയുണ്ടായിരുന്നു. അവിടത്തെ കച്ചവടക്കാരനാണ് ചിന്തു. അയാൾക്ക് അഞ്ച് മക്കളുണ്ട്. അവർ കുട്ടികൾ ആയിരുന്ന സമയത്ത് പരസ്പരം നല്ല സൗഹൃദമായിരുന്നു. എന്നാൽ, യുവാക്കളായ കാലത്ത് കാര്യങ്ങൾ അപ്പാടെ മറിഞ്ഞു.
അഞ്ചുപേരും പരസ്പരം വഴക്കായി. കീരിയും പാമ്പും പോലെ വൈരാഗ്യത്തോടെ പെരുമാറുന്നത് ചിന്തുവിന് വലിയ വിഷമമായി. അങ്ങനെയിരിക്കെ, രണ്ട് മല്ലന്മാർ ദൂരെ ദിക്കിൽ നിന്നും ചന്തയിലെത്തി. മറ്റുള്ള കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അവരുടെ കടകൾ മല്ലന്മാർ സ്വന്തമാക്കി.
ആരെങ്കിലും എതിർത്താൽ കടുത്ത ആക്രമണവും കച്ചവടക്കാർ നേരിടണം. കടകൾ ഓരോന്നായി മല്ലന്മാർ കയ്യടക്കുന്നതു കണ്ടപ്പോൾ ചിന്തു കട പൂട്ടി വീട്ടിലേക്കു പോന്നു.
മക്കളെ അഞ്ചു പേരെയും വിളിച്ച് ഈ പ്രശ്നം പറഞ്ഞപ്പോഴും പരസ്പരം കുറ്റം പറയാനായിരുന്നു അവരുടെ താൽപര്യം. എങ്ങനെ ഇവരെ ഒരുമിച്ചു നിർത്തും? ചിന്തു തലപുകച്ച് ആലോചിച്ചു. എന്നിട്ട്, ഒരു ഉപായം കണ്ടുപിടിച്ചു.
അവർ അഞ്ചുപേരെയും വിളിച്ച് ഒരു നീളമുള്ള വടി കൊടുത്തിട്ട് ഓരോ ആളും തുല്യ നീളത്തിൽ ഒടിക്കാൻ പറഞ്ഞു. അവർ അഞ്ചുപേരും വളരെ എളുപ്പത്തിൽ ഒടിച്ചു. പിന്നീട്, ചിന്തു അഞ്ച് വടികൾ ഒന്നിച്ച് കയറിട്ട് കെട്ടി. എന്നിട്ട്, ഓരോ ആളിനും കൊടുത്തിട്ട് പറഞ്ഞു - "ഈ അഞ്ച് വടികൾ ചേർത്തുവച്ചത് ഇനി ഒടിക്കുക"
അവർ അഞ്ചു പേരും കൈമാറിയിട്ടും ആർക്കും ഒടിക്കാൻ പറ്റിയില്ല. പിന്നെ, ചിന്തു പറഞ്ഞു -"നിങ്ങൾ അഞ്ചു പേരും കൂടി ഒന്നിച്ച് ശ്രമിച്ചു നോക്കൂ"
അവർ ഒരുമിച്ച് ബലം പ്രയോഗിച്ചപ്പോൾ അഞ്ചുവടിയും ഒരുമിച്ച് ചിതറിത്തെറിച്ചു! ഉടൻ, ചിന്തു പറഞ്ഞു -"നിങ്ങൾ അഞ്ചുപേരും ഒറ്റയ്ക്ക് പോരടിച്ചാൽ കച്ചവടവും നിങ്ങളുമെല്ലാം നാശമാകും. പകരം, ഒന്നിച്ചു നിന്നാൽ ആ രണ്ടു മല്ലന്മാരെയും തുരത്താനാകും"
അവർ ചിന്തുവിനൊപ്പം ചന്തയിലേക്കു നടന്നു. പിന്നെ, ഒരു മിന്നലാക്രമണത്തിൽ രണ്ടു മല്ലന്മാരും എങ്ങോട്ടോ പ്രാണരക്ഷാർഥം പാഞ്ഞു!
ഇതുകണ്ട്, ചന്തയിലെ കച്ചവടക്കാരും ജനങ്ങളും പറഞ്ഞു -"ഞങ്ങൾ ഇതുവരെ വിചാരിച്ചിരുന്നത് ചിന്തുവിൻ്റെ അഞ്ച് മക്കളും യാതൊരു കഴിവും ഇല്ലാത്തവരെന്നാണ്. ഇവർ ഇവിടെ പലതരം പുതിയ കടകൾ തുടങ്ങട്ടെ"
ചിന്തുവിനും മക്കൾക്കും അതൊരു പുത്തൻ ഉണർവായി.
ആശയം: ഒറ്റയാൻ എന്നുള്ള അമിത വിശ്വാസത്തിൽ സ്വന്തം കഴിവിനെ മാത്രം ആശ്രയിച്ച് ജീവിക്കരുത്. നിങ്ങളുടെ കഴിവും മറ്റുള്ളവരുടെ കഴിവുമെല്ലാം പരസ്പരം പങ്കിടാനുള്ള വേദിയാണ് ഈ ഭൂമി. അതിനായി അപകർഷബോധവും ദുരഭിമാനവും ഉപേക്ഷിക്കണം.
Written by Binoy Thomas, Malayalam eBooks-1191 - folk tales - 72, PDF-https://drive.google.com/file/d/1tH4qXYWk2Rmo8w9ffLaqdGVpB1bcZiwr/view?usp=drivesdk
Comments