(1129) മന്ത്രിയും കഴുതയും!
ഒരിക്കൽ, കുറെ ആളുകൾ കൂടി നിന്ന സ്ഥലത്തു വച്ച് ഹോജ ഒരു പരസ്യ പ്രസ്താവന നടത്തി - "ധനമന്ത്രിയേക്കാൾ ബുദ്ധി എൻ്റെ കഴുതയ്ക്കുണ്ട്!"
ആളുകൾ കേട്ടയുടൻ, ഈ കാര്യം മന്ത്രിയുടെ ചെവിയിലെത്തിച്ചു. മന്ത്രി അത് രാജാവിനെ അറിയിച്ച് ഹോജയ്ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാജാവ് ഹോജയെ വിളിപ്പിച്ചു കോപത്തോടെ കാര്യം തിരക്കി. അന്നേരം, ഹോജ പറഞ്ഞു -"ഞാൻ പറഞ്ഞത് ശരിയാണ് പ്രഭോ. അതിന് തെളിവുണ്ട് "
ഉടൻ, രാജാവ് പറഞ്ഞു -"വ്യക്തമായ കാരണമില്ലാതെയാണ് താങ്കൾ ഇത്തരം ഏഷണി പറഞ്ഞതെങ്കിൽ തക്കതായ ശിക്ഷ സ്വീകരിക്കാൻ തയ്യാറായിക്കൊള്ളുക"
ഹോജ തുടർന്നു - "ഞാൻ എൻ്റെ കഴുതയുമായി സ്ഥിരമായി ചന്തയിൽ പോകുന്ന വഴിയിൽ ഒരു തടിപ്പാലമുണ്ട്. ആ പാലത്തിൻ്റെ വിടവിൽ കഴുതയുടെ മുൻകാലുകൾ കുടുങ്ങി അത് വീണു. കുറെ വർഷങ്ങൾക്കു മുൻപായിരുന്നു അത്. പക്ഷേ, അതിനു ശേഷം ഒരിക്കൽ പോലും കഴുത ആ പാലത്തിൽ വീണില്ല. അതായത്, കഴുത പാലത്തിലൂടെ വളരെ ശ്രദ്ധിച്ചാണു നടക്കുന്നത്.
എന്നാൽ, മന്ത്രിയുടെ കാര്യം അങ്ങനെയല്ല. ജനങ്ങൾ മന്ത്രിയെ അഴിമതിക്കാരനെന്ന് പല തവണ വിളിച്ചിട്ടും അയാൾ അത് അറിഞ്ഞ മട്ടു കാണിക്കാതെ പിന്നെയും അതുതന്നെ ചെയ്യുന്നു!"
രാജാവ് ഇതുകേട്ട് ഞെട്ടി! മന്ത്രിയെ തടവറയിലിട്ടു. ഹോജയ്ക്ക് സമ്മാനം കൊടുത്ത് രാജാവ് യാത്രയാക്കി.
Written Binoy Thomas, Malayalam eBooks-1129 - Hoja stories - 67. PDF-https://drive.google.com/file/d/14obcurwdPlREODi7hOcMZcnlwUt378MV/view?usp=drivesdk
Comments