(1122) ഹോജയുടെ തലപ്പാവ്!

 ഹോജയുടെ നർമ്മബോധം പ്രകടമാക്കുന്ന ചില കഥകൾ വായിക്കൂ.

ഒരു ദിവസം, ഹോജ വഴിയിലൂടെ നടന്നു പോകുകയായിരുന്നു. ഒരു ധനികനായ ആളിൻ്റെ വീട്ടിലെ കല്യാണത്തിന് ഹോജയെ  ക്ഷണിച്ചിരുന്നു. അതിനാൽ, ഹോജയുടെ കയ്യിലുള്ള ഏറ്റവും നല്ല പട്ടുവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

അതുമാത്രമല്ല, ഏറ്റവും മനോഹരമായ തലപ്പാവും അയാൾ തലയിൽ വച്ചിട്ടുണ്ട്. അങ്ങനെ, വലിയ ഗമയിൽ അയാൾ നടക്കവേ, എതിർവശത്തു നിന്ന് ഒരാൾ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "എൻ്റെ കൈവശമുള്ള ഈ കത്ത് ഒന്നു വായിച്ചു തരാമോ?"

അപ്പോൾ, ഹോജ പറഞ്ഞു -"എനിക്ക് ഇത് വായിക്കാൻ എനിക്കറിയില്ല"

അപരിചിതൻ ഇതു കേട്ട് പുച്ഛത്തോടെ പ്രസ്താവിച്ചു - "ഞാൻ വിചാരിച്ചത് ഇത്രയും വില കൂടിയ തലപ്പാവ് വച്ച തനിക്ക് ഇതു വായിക്കാൻ അറിയാമെന്നാണ്"

ഉടൻ, ഹോജയ്ക്ക് ദേഷ്യം തോന്നി തലപ്പാവ് ഊരി അയാളുടെ തലയിലേക്ക് വച്ചു കൊടുത്തിട്ടു പറഞ്ഞു -"ഹും! തലപ്പാവ് വച്ച് താൻ ഇതൊന്നു വായിച്ചു നോക്കൂ!"

മറ്റൊരിക്കൽ, ഹോജയ്ക്ക് പായ്ക്കപ്പലിൽ യാത്ര ചെയ്യേണ്ടതായ അവസരം വന്നു. കപ്പിത്താൻ്റെ കൂടെ യാത്രക്കാരായി ഇരുപത് ആളുകൾ ഉണ്ടായിരുന്നു.

യാത്രയ്ക്കിടയിൽ, അതിശക്തമായ കാറ്റടിക്കാൻ തുടങ്ങി. കപ്പിത്താന് പലതരത്തിൽ പായയുടെ ദിശ മാറ്റിയിട്ടും കപ്പൽ മറിയുമെന്ന് തോന്നി.

അയാൾ വിളിച്ചു കൂവി - "പല ദിക്കിൽ നിന്നും മാറി വരുന്ന ഈ കാറ്റിൽ നമ്മുടെ കപ്പൽ മറിയാൻ പോകുന്നു. അള്ളാഹുവിനോട് എല്ലാവരും പ്രാർഥിക്കുക"

ഹോജ മാത്രം പ്രാർഥിക്കാതെ മാറി നിന്നു. മറ്റുള്ളവർ ഉച്ചത്തിൽ പ്രാർഥിക്കാൻ തുടങ്ങി. ഹോജയെ നോക്കി കപ്പിത്താൻ അലറി - "നീ എന്താണ് ഈ അപകട സമയത്ത് പ്രാർഥിക്കാത്തത്?"

ഹോജ വളരെ ലാഘവത്തോടെ പറഞ്ഞു -"ഞാൻ ഒരു യാത്രക്കാരൻ മാത്രമാണ്. എന്നാൽ, കപ്പിത്താനായ തൻ്റെ ഉത്തരവാദിത്തമാണ് കപ്പൽ മുങ്ങാതെ നോക്കേണ്ടത്!"

Written by Binoy Thomas, Malayalam eBooks-1122 - Hoja story series - 60, PDF-https://drive.google.com/file/d/1e0kzH4YDQZSFZNUkGsftzwUwiE1OoGs5/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories