(1115) രാജാവിൻ്റെ ദാസൻ!
ഒരു സമയത്ത്, ഹോജ പാചകക്കാരനായി രാജകൊട്ടാരത്തിൽ കഴിഞ്ഞിരുന്ന കാലം. ഹോജയാണ് ചക്രവർത്തിയുടെ ഇഷ്ടം നോക്കി ഭക്ഷണം പാകം ചെയ്തിരുന്നത്.
ഒരിക്കൽ, രാജാവ് പറഞ്ഞു -" ഞാൻ പലതരം ഇറച്ചിക്കറികൾ തിന്നു മടുത്തിരിക്കുന്നു. എനിക്ക് കുറെ കാലത്തേക്ക് പച്ചക്കറികൾ മതി"
ഹോജ അതിനുള്ള കാര്യങ്ങൾ നോക്കി. അതിനായി മികച്ചയിനം വഴുതനങ്ങാ കൊണ്ടു വന്ന് രുചിയേറിയ കറിയായി രാജാവിനു വിളമ്പി.
രാജാവ് അത് രുചിച്ചു നോക്കിയിട്ട് ആശ്ചര്യപ്പെട്ടു - "ഹോജാ, എനിക്കു തോന്നുന്നത് പച്ചക്കറികളുടെ രാജാവ് ഈ വഴുതനങ്ങയെന്നാണ്"
ഹോജ അതിനെ പിന്തുണച്ചു - "ശരിയാണ് പ്രഭോ. ഇതിൻ്റെ രുചി അപാരമാണ് "
രാജാവ് തുടർന്നു - "ഈ കറിയുടെ മണവും രുചിയും വേറൊരു പച്ചക്കറിയിലും കിട്ടില്ല"
ഹോജ അതിനും അനുകൂലിച്ചു - "ശരിയാണ് പ്രഭോ. പച്ചക്കറിയുടെ ലോകത്തെ ഒന്നാമനാണ് ഇത്"
അങ്ങനെ, ഒരാഴ്ച വഴുതനങ്ങക്കറി പ്രധാന ഇനമായി. അതിനിടയിൽ തുടർച്ചയായി കഴിച്ചപ്പോൾ രാജാവിന് കറിയിൽ താൽപര്യമില്ലാതായി.
രണ്ടാമത്തെ ആഴ്ചയിൽ വഴുതനങ്ങാക്കറി തീൻമേശയിൽ കണ്ടപ്പോൾ രാജാവ് ദേഷ്യപ്പെട്ടു -"ഇത്രയും രുചിയില്ലാത്ത ഒരു പച്ചക്കറി ഞാൻ കണ്ടിട്ടേയില്ല"
ഹോജ പറഞ്ഞു -"ശരിയാണ് പ്രഭോ, വഴുതനങ്ങയ്ക്ക് യാതൊരു രുചിയുമില്ല"
രാജാവ് പിന്നെയും നീരസപ്പെട്ടു - "ഈ കറി തിന്നുന്നവൻ ഒരു മണ്ടൻതന്നെ!"
ഹോജ അതിനെയും പിന്തുണച്ചു - "ശരിയാണ് പ്രഭോ, മരമണ്ടനാണ് "
അപ്പോഴാണ് രാജാവിന് കഴിഞ്ഞ ആഴ്ചയിലെ കാര്യം ഓർമ്മ വന്നത് - "എടോ, ഹോജാ, താങ്കൾ കഴിഞ്ഞ ആഴ്ചയിൽ ഇതിൻ്റെ നേർ വിപരീതമായിട്ടാണല്ലോ പറഞ്ഞത്?"
ഹോജ ഒട്ടും മടിക്കാതെ പറഞ്ഞു -" അതും ശരിയാണ് പ്രഭോ. കാരണം, ഞാൻ വഴുതനങ്ങയുടെ ദാസനല്ലാ, അങ്ങയുടെ വിനീത ദാസനാണ്"
രാജാവ് പൊട്ടിച്ചിരിച്ചു. അതിനൊപ്പം ഹോജയും ചിരിച്ചു.
Written by Binoy Thomas, Malayalam eBooks-1115- Hoja story series - 55, PDF-https://drive.google.com/file/d/1xu5GUsZYWTyhMQIqsUmEKra-HTMpviSd/view?usp=drivesdk
Comments