(1110) തിളങ്ങുന്നവരുടെ പ്രശ്നങ്ങൾ!

 പണ്ടുപണ്ട്, സിൽബാരിപുരം കിഴക്കു ദേശം കാടുപിടിച്ചു കിടന്നിരുന്ന സമയം. എന്നാൽ, പടിഞ്ഞാറ് ദേശം വീടുകളും  ആളുകളും നിറഞ്ഞ പട്ടണമായിരുന്നു.

ഒരു ദിവസം കാട്ടിലൂടെ കാക്ക, തീറ്റി തേടി നടന്ന സമയത്ത് ശത്രുവായ പുള്ളിക്കുയിൽ പരിഹസിച്ചു - 

"നീ ചീഞ്ഞളിഞ്ഞതും കുപ്പയിൽ കിടക്കുന്നതും മാത്രമേ കഴിക്കൂ. ഞാൻ പഴങ്ങളാണ് കഴിക്കുന്നത്. എൻ്റെ തൂവലുകൾ എത്ര മനോഹരമാണെന്ന് നോക്കൂ. നിൻ്റെ കറുത്ത രൂപവും വൃത്തികേടാണ്!"

അത് കാക്കയെ വേദനിപ്പിച്ചു. അവൻ മറ്റു പക്ഷികളോട് അഭിപ്രായം ചോദിക്കാമെന്നു വിചാരിച്ചു. ഉപ്പനോട് ഈ കാര്യം ചോദിച്ചപ്പോൾ അത് പറഞ്ഞു -

"എനിക്ക് ആവശ്യത്തിനുള്ള സൗന്ദര്യമുണ്ട്. പക്ഷേ, ഭാരക്കൂടുതൽ കാരണം ഞാൻ പറമ്പിലൂടെ നടന്ന് ഇര പിടിക്കുമ്പോൾ ഉടുമ്പും മനുഷ്യരും മറ്റും ആക്രമിക്കുമോ എന്ന ഭയം കാരണം മനസ്സമാധാനമില്ല. നിനക്ക് ഈ പ്രശ്നങ്ങൾ ഇല്ലല്ലോ"

കുറേക്കൂടി സൗന്ദര്യമുള്ള കൊക്കിനെ കണ്ടു. അത് പറഞ്ഞു -"എൻ്റെ മനോഹരമായ വെള്ളത്തൂവലുകൾ എൻ്റെ ജീവനു ഭീഷണിയാണ്. വളരെ അകലെ നിന്നു പോലും മനുഷ്യർ ഉന്നം പിടിച്ച് തെറ്റാലി കൊണ്ട് എന്നെ വീഴിച്ചേക്കാം. നിന്നെ ആരും പിടിക്കില്ല"

കുരുവിയെ കണ്ടപ്പോൾ അത് പറഞ്ഞു -"ഞാൻ മനോഹരമായി വീട് പണിത് അതിൽ മുട്ടയിട്ടാൽ മനുഷ്യർ ആ കൂട് പറിച്ചു കൊണ്ടുപോയി വീടുകളിലെ വരാന്തയിൽ അലങ്കാരമായി ഇട്ട് മുട്ടയും നശിക്കും. അത്തരം പ്രശ്നം നിനക്കില്ല"

തത്തയെ സമീപിച്ചപ്പോൾ പറഞ്ഞു -"ഞങ്ങൾ നെൽക്കതിരുകളും പയറും എടുക്കാതിരിക്കാൻ മനുഷ്യർ വല വിരിച്ച് പിടിച്ച് പലരും വീട്ടു വരാന്തയിൽ കൂടിനുള്ളിലാണ്. നിന്നെ ആരും കൂട്ടിൽ അടയ്ക്കില്ലല്ലോ"

ഇതെല്ലാം കേട്ടിട്ടും കാക്കയ്ക്ക് പൂർണ്ണമായ മനസ്സമാധാനം കിട്ടിയില്ല. പക്ഷികളിലെ ഏറ്റവും സൗന്ദര്യമുള്ള മയിലിൻ്റെ അഭിപ്രായമാണ് ഏറ്റവും വലുത് എന്നു കാക്ക ചിന്തിച്ചു.

മയിലിനോട് അതുവരെയുള്ള കാര്യങ്ങൾ പറഞ്ഞപ്പോൾ മയിൽ പിറുപിറുത്തു - "ഇത്രയും പക്ഷികൾ പറഞ്ഞിട്ടും ഇവൻ്റെ തലയിൽ വെട്ടം വീണില്ല. ഇവൻ കണ്ടുതന്നെ വിശ്വസിക്കണം"

എന്നിട്ട്, മയിൽ കാക്കയോടു പറഞ്ഞു -"എൻ്റെ സുഹൃത്തായ മയിലിനെ കാണാൻ നമുക്ക് പട്ടണത്തിലേക്ക് പറക്കാം"

അവർ പറന്നു ചെന്നത് ഒരു മൃഗശാലയിലെ മരത്തിലാണ്. താഴെ കൂട്ടിൽ കിടക്കുന്ന മയിലിനെ കാണിച്ചിട്ട് കാക്കയോട് പറഞ്ഞു -"നീ എൻ്റെ സുഹൃത്തിനോട് നിൻ്റെ വിഷമങ്ങൾ പറഞ്ഞുകൊള്ളുക"

കാക്കയുടെ പ്രയാസം കേട്ട ശേഷം, ആ മയിൽ പറഞ്ഞു -"എൻ്റെ സൗന്ദര്യമാണ് എന്നെ ഈ മൃഗശാലയിലെ നരകതുല്യമായ ജീവിതത്തിൽ എത്തിച്ചത്. ആളുകൾ എന്നെ കണ്ടിട്ട് അത്ഭുതത്തോടെ മനോഹരമെന്ന് വാഴ്ത്തിപ്പാടിയിട്ട് പോകുന്നു. പക്ഷേ, അതിൽ എനിക്ക് എന്തു പ്രയോജനം? നിറമല്ല കാര്യം. യഥേഷ്ടം കാട്ടിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിനക്ക് വനദേവത തന്നിട്ടുണ്ട്. നീ പോയി സുഖമായി ജീവിക്കുക"

ആശയം: ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിൻ്റെ പേരിൽ മനപ്രയാസത്തിനു കീഴ്പ്പെടുന്നത് ഉചിതമല്ല. നാം പുറമെ നോക്കുമ്പോൾ തിളങ്ങുന്നവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടെന്ന് ഓർക്കുക. പക്ഷേ, അവരുടെ പ്രശ്നങ്ങൾ നാം അറിയുന്നില്ല എന്നു മാത്രം!

Written by Binoy Thomas, Malayalam eBooks-1110-happiness-33, PDF-https://drive.google.com/file/d/1GXYZvayorakqT9gGEeRMDZDjvtY12yUX/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍