(1109) പൗലോ കൊയ്ലോ
ലോക പ്രശസ്തനായ എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ ജീവിതത്തിലെ ഒരു സംഭവ കഥ ഇവിടെ പറയാം -
പൗലോയ്ക്ക് പ്രശസ്തിയൊന്നും വന്നിട്ടില്ലാത്ത കാലം. അയാൾ അനുഭവങ്ങൾക്കും നേർക്കാഴ്ചകൾക്കുമായി അലഞ്ഞുതിരിഞ്ഞു. അനേകം യാത്രകൾ നടത്തി ഗ്രീസിലൂടെ പോകുമ്പോൾ കയ്യിലെ പണമെല്ലാം തീർന്നു.
വല്ലാതെ വിശപ്പ് തോന്നിയപ്പോൾ ഒരു ചെറിയ ഹോട്ടലിനു മുന്നിൽ ചെന്നു നിന്നു. പണമില്ലാത്തതിനാൽ വെളിയിൽ നിന്ന് അകത്തേക്കു നോക്കി.
ഇതേ സമയം, ഹോട്ടലിൻ്റെ ഉടമ പൗലോയെ ശ്രദ്ധിച്ചു. അയാൾക്കു കാര്യം പിടികിട്ടി. ഉടമ ഇറങ്ങി വന്ന് പൗലോയെ അകത്തേക്ക് ഇരുത്തി സൗജന്യമായി ആഹാരം കൊടുത്ത് പറഞ്ഞയച്ചു.
പിന്നീട്, കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ വലിയ എഴുത്തുകാരൻ എന്ന നിലയിലേക്ക് പൗലോ വളർന്നു. ഒരിക്കൽ, പഴയ ഹോട്ടലുടമയെ കാണണമെന്നും തിരികെ ഉപകാരം ചെയ്യണമെന്നും അദ്ദേഹത്തിനു തോന്നി.
പക്ഷേ, പഴയ സ്ഥലത്ത് എത്തിയപ്പോൾ ആ ഹോട്ടൽ അവിടെ ഇല്ലായിരുന്നു. ഉടമ 200 കിലോമീറ്റർ അകലെയുള്ള കൃഷിസ്ഥലത്താണ് താമസിക്കുന്നതെന്ന് അറിവു കിട്ടി.
പൗലോ അവിടെയെത്തി അയാളെ കണ്ടു ചോദിച്ചു - "ഞാൻ അങ്ങേയ്ക്ക് എന്താണു ചെയ്തു തരേണ്ടത്?"
ഉടൻ, അയാൾ പറഞ്ഞു -"താങ്കൾ വിശപ്പു സഹിക്കാൻ പറ്റാതെയാണ് അന്ന് എനിക്കു മുന്നിൽ വന്നത്. പണമില്ലാതെ ഞാൻ അപ്പോൾ സഹായിച്ചു. എന്നാൽ, എനിക്ക് ഇപ്പോൾ അതേ സാഹചര്യം ഇല്ലല്ലോ. അതിനാൽ, പഴയതിനു തുല്യമായി തിരികെ ചെയ്യാൻ താങ്കൾക്കു സാധിക്കില്ല"
പൗലോ കൊയ്ലോ അയാളെ സ്നേഹത്താൽ കെട്ടിപ്പിടിച്ചു. പിന്നെ, തിരികെ നടന്നു.
ആശയം: ചില നന്ദികളും കടപ്പാടുകളും അതേ പോലെ തിരികെ ചെയ്യാൻ പറ്റിയെന്നു വരില്ല. കാലമാണ് എല്ലാം നിശ്ചയിക്കുന്നത്.
Written by Binoy Thomas, Malayalam eBooks-1109- Great Stories - 33, PDF-https://drive.google.com/file/d/1ros2ioukKnhomgUpUY2RYrKB_Ka-qSWU/view?usp=drivesdk
Comments