(1100) പ്രഫ. എം.കെ. സാനുമാഷ്

 മലയാള സാഹിത്യത്തിലെ മഹത്തായ വ്യക്തിത്വമായിരുന്നു പ്രഫ. എം.കെ. സാനു എന്ന സാനുമാഷിൻ്റേത്. കുട്ടിക്കാലം മുതൽക്ക് ശ്രീനാരായണ ഗുരുവും കുമാരനാശാനും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.

അതിനാൽത്തന്നെ, മിക്കവാറും ചുണ്ടിൽ വിരിയുന്നത് കുമാരനാശാൻ്റെ 'നളിനി' എന്ന കവിതയിലെ വരികളായിരുന്നു - "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ"

അതായത് - അന്യരുടെ ജീവന് ഉപകരിക്കും വിധത്തിൽ സ്വന്തം ജീവിതത്തെ ധന്യമാക്കുന്നവരാണ് വിവേകികൾ എന്ന വാക്കുകൾ സാനുമാഷിൻ്റെ ജീവിതത്തിൽ സാർഥകമായി.

എന്നാൽ, ഈ കവിതാ ശകലത്തെ പ്രയോഗിച്ചപ്പോൾ അധ്യാപകൻ്റെ പരിഹാസവും ഒരിക്കൽ സാനുവിന് നേരിടേണ്ടി വന്നു. സാനു, സ്കൂൾ വിദ്യാർഥിയായി പഠിക്കുന്ന കാലത്ത് ഒരു അധ്യാപകൻ ക്ലാസ്സിലെത്തി. ഓരോ വിദ്യാർഥിയും ഭാവിയിൽ ആരായിത്തീരണം എന്ന് ഒരു കടലാസിൽ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു.

മറ്റു കുട്ടികൾ വലിയ ജോലികൾ എഴുതിയപ്പോൾ സാനു എഴുതിയത് മുകളിൽ കൊടുത്തിരിക്കുന്ന കവിതാശകലമായിരുന്നു. അത് ക്ലാസ്സിൽ ഉച്ചത്തിൽ വായിച്ച് ആ അധ്യാപകൻ പരിഹസിച്ചു. എങ്കിലും സാനു തൻ്റെ ജീവിതശൈലിയിൽ യാതൊരു മാറ്റവും വരുത്തിയില്ല.

മറ്റൊരിക്കൽ, സ്കൂൾ കാലത്ത് ഒരു പ്രസംഗ മത്സരം വന്നു. വിഷയം - 'യുദ്ധവും അനന്തരഫലങ്ങളും' എന്നതായിരുന്നു. സാനു നല്ലവണ്ണം ആ വിഷയത്തിൽ തയ്യാറെടുത്തു. പ്രസംഗത്തിനായി വേദിയിലെത്തി. സാനു പ്രസംഗ വിഷയത്തിൽ മാത്രം ശ്രദ്ധ കൊടുത്ത് പ്രസംഗിക്കാൻ തുടങ്ങി. പക്ഷേ, ശക്തമായ കാറ്റിൽ തൻ്റെ ഒറ്റമുണ്ടിൻ്റെ പാളികൾ പറന്നു മാറിയപ്പോൾ കുട്ടികൾ ആർത്തുചിരിച്ചു. എന്നാൽ, അതോടൊപ്പം അധ്യാപകരും കൂടി ചേർന്ന് ചിരിച്ചത് ആ ബാലമനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു.

പിന്നീട് സ്റ്റേജുകളിൽ കയറിയിട്ടില്ല. എങ്കിലും കോളജ് പഠനകാലത്ത് വൈകിയാണ് പ്രസംഗരംഗത്തേക്കു വന്നത്.

അതേസമയം, അധ്യാപനം എന്നത് സാനുമാഷിന് ഏറെ പ്രിയങ്കരമായിരുന്നു. മനസ്സ് കലുഷിതമായ അവസ്ഥകളിലും മറ്റും കുട്ടികളുടെ മുന്നിൽ ക്ലാസ് എടുക്കുമ്പോൾ അതെല്ലാം മറന്ന് ഉന്മേഷവാനാക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഒരേ സമയം -അധ്യാപകൻ, വാഗ്മി, പണ്ഡിതൻ, എഴുത്തുകാരൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ സാനു മാഷ് 97 വയസ്സിൽ അർത്ഥപൂർണ്ണമായ ജീവിതം ജീവിച്ചു തീർത്തു. ആർക്കും മാതൃകയാക്കാൻ പറ്റുന്ന കർമ്മനിരതമായ സാനുമാഷിൻ്റെ ജീവിതം ഓരോ മലയാളിയും നെഞ്ചോടു ചേർക്കുമല്ലോ.

Written by Binoy Thomas, Malayalam eBooks - 1100-Great personalities- 32, PDF-https://drive.google.com/file/d/1YFmhJw8qwQyaYI1fNLypqzFSnVQc1M5u/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍