(1099) വയൽ കിളികൾ!
ഒരു കാലത്ത്, സിൽബാരിപുരം ദേശമാകെ കൃഷിയിടങ്ങളാൽ സമ്പന്നമായിരുന്നു. പച്ചപ്പരവതാനി വിരിച്ച പോലുള്ള നെൽവയലുകളും സാധാരണമായിരുന്നു.
കോസലപുരം ദേശത്തു നിന്നും രാവുണ്ണി ഇവിടേക്ക് കുടിയേറി. അയാൾ കുറെ കൃഷിയിടങ്ങൾ വാങ്ങിച്ച് സ്വന്തമായി നെൽകൃഷി ആരംഭിച്ചു. പരിചയക്കുറവ് ഉണ്ടെങ്കിലും അത് അയാൾ വകവെച്ചില്ല.
ആദ്യ വർഷം, ശരാശരി വിളവ് ലഭിച്ചു. രണ്ടാം വർഷം നെല്ലിൻ്റെ അളവു കുറച്ചു കുറഞ്ഞു. അവിടെങ്ങും വയൽകിളികളുടെ ശല്യം ഉള്ളതായി അദ്ദേഹം മനസ്സിലാക്കി.
"തൻ്റെ നെല്ലു കുറയാൻ കാരണം ഇവറ്റകളാണ്. എല്ലാത്തിനെയും ഈ പ്രദേശത്തു നിന്നും ഓടിക്കണം"
അടുത്ത കൃഷിയിറക്കി നെൽകതിർ ഉണ്ടായപ്പോൾ രാവുണ്ണി പടക്കം പൊട്ടിച്ച് കിളികളെ അകറ്റി. വല വിരിച്ച് ഒരെണ്ണത്തിനെ പിടിച്ച് നീളമുള്ള കമ്പിൽ അതിനെ കെട്ടിയിട്ടു. കർശനമായി അയാൾ നോക്കിയപ്പോൾ കിളികൾ അവിടം ഒഴിവാക്കി വേറെ പാടങ്ങളിലേക്കു പോയി.
അടുത്ത വിളവെടുപ്പു കഴിഞ്ഞപ്പോൾ ഏറ്റവും കുറഞ്ഞ നെല്ലളവ് മാത്രമേ കിട്ടിയുള്ളൂ. അയാൾ വല്ലാത്ത ആശയക്കുഴപ്പത്തിലായി. പ്രശ്നപരിഹാരമായി ആ ദേശത്തെ ഒരു മികച്ച കർഷകനെ രാവുണ്ണി സന്ദർശിച്ചു കാര്യങ്ങൾ വിശദീകരിച്ചു.
അന്നേരം കർഷകൻ പറഞ്ഞു -"രാവുണ്ണീ, വിളവ് ഇത്രയും കുറയാൻ കാരണം നീ ആ കിളികളെ പൂർണ്ണമായി ഓടിച്ചതാണ്. അവറ്റകൾ നെന്മണികളേക്കാൾ കൂടുതലായി തിന്നുന്നത് നെല്ലിനെ ആക്രമിക്കുന്ന കീടങ്ങളെയും പ്രാണികളെയുമാണ്! കിളികൾ ഇല്ലാത്തതിനാൽ കീടങ്ങളൊക്കെ പെരുകി നെല്ലിനെ തിന്നു!"
ആശയം: വിശദമായ അന്വേഷണമില്ലാതെ എടുത്തു ചാടി തീരുമാനങ്ങൾ എടുക്കരുത്. അടിയൊഴുക്കുകൾ ശ്രദ്ധിക്കണം.
Written by Binoy Thomas, Malayalam eBooks-1099-folk tales - 62,PDF-https://drive.google.com/file/d/1cA1w7cqy7z1hEGuDOMpNQC8aAkjfsgUY/view?usp=drivesdk
Comments