(1098) സൽക്കാരം!

 പണ്ടുപണ്ട്, രാവുണ്ണി എന്നു പേരായ ഒരു കച്ചവടക്കാരൻ സിൽബാരിപുരം ദേശത്തുണ്ടായിരുന്നു. അയാളുടെ ഭൃത്യനായി കേശവൻ എന്നൊരാൾ ആ തറവാട്ടിൽ ജീവിച്ചു പോന്നു.

ഒരിക്കൽ, രാവുണ്ണിയുടെ കച്ചവടത്തിൽ അപ്രതീക്ഷിതമായി വലിയ ലാഭം കിട്ടി. അന്നേരം, അയാൾ കേശവനെ വിളിച്ചു പറഞ്ഞു -"എടാ, എന്നെ സ്നേഹിക്കുന്നവരെ നീ വിളിച്ചു കൂട്ടണം. അവർക്കായി വളരെ കേമമായി ഒരു സൽക്കാരവും സദ്യയും കൊടുക്കണം"

ഉടൻ, കേശവൻ വീടിനു മുൻവശത്തുള്ള വഴിയിലിറങ്ങി വിളിച്ചു കൂവി - "അയ്യോ! ആരെങ്കിലും ഓടി വരണേ! തറവാടിനു തീ പിടിച്ചേ!"

അയലത്തുള്ളവർ പലരും ഉച്ചത്തിലുള്ള നിലവിളി കേട്ടെങ്കിലും ആരും അതു ഗൗനിച്ചില്ല. എന്നാൽ, ചില വഴിപോക്കരും ഏതാനും പരിചയക്കാരും മാത്രം ഓടി മുറ്റത്തു വന്നു!

അന്നേരം, വാതിൽ തുറന്ന് രാവുണ്ണി ഇറങ്ങിവന്നു. അപ്പോൾ, കേശവൻ, മുതലാളിയോടു പറഞ്ഞു -"അങ്ങ്, എന്നോടു പറഞ്ഞത് സ്നേഹമുള്ളവരെ മാത്രം വിളിച്ചാൽ മതിയെന്നാണ്.  അതുകൊണ്ടാണ് ആപത്തിൽ എത്ര പേർ വരുമെന്ന് അറിയാൻ ഞാൻ ഇങ്ങനെ വഴിയിലിറങ്ങി വിളിച്ചു കൂവിയത്!"

അന്നേരം, രാവുണ്ണി അതിനെ അനുകൂലിച്ചു - "ശരിയാണ്. ആപത്തിൽ സഹായിക്കാൻ വരുന്നവരാണ് നമ്മുടെ സ്നേഹിതർ"

അവരെയെല്ലാം രണ്ടു പേരും കൂടി സ്വീകരിച്ച് വലിയ സൽക്കാരങ്ങളും സമ്മാനങ്ങളും സദ്യയും കൊടുത്ത് സന്തോഷത്തോടെ യാത്രയാക്കി.

ചിന്താവിഷയം: യഥാർഥ സുഹൃത്തുക്കളെ കണ്ടെത്തുന്ന പരീക്ഷണശാലകളാണ് നമ്മുടെ പ്രതിസന്ധികളും അത്യാവശ്യങ്ങളും മറ്റുള്ളവർക്കു മുന്നിൽ തുറക്കുമ്പോൾ കിട്ടുന്നത്.

Written by Binoy Thomas, Malayalam eBooks-1098-Nanma - 53/ PDF-https://drive.google.com/file/d/14FcjMmwxb2RPfxCUGr4_MkIZ1C40bdce/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍