(1097) യുവാക്കളുടെ ശല്യം!
ഒരിക്കൽ, കൃഷിക്കാരനും ഭാര്യയ്ക്കും പനി പിടിച്ചെങ്കിലും കച്ചവടത്തിനായി ചന്തയിലേക്കു നടക്കുന്ന സമയം. വയ്യാത്തതിനാൽ അവർ കയ്യിലൊന്നും എടുക്കാതെ കഴുതപ്പുറത്ത് നിറയെ ചാക്കുകൾ വച്ചിട്ടുണ്ടായിരുന്നു.
ആൽമരച്ചുവട്ടിലെ യുവാക്കൾ അതു നോക്കി പറഞ്ഞു -"നോക്കൂ. ആ സാധുമൃഗത്തെ സഹായിക്കാനായി ഒരു ചുമടുപോലും അവർ എടുക്കുന്നില്ല"
രണ്ടാം ദിവസം, ഭാര്യയുടെ കാലിൽ മുള്ള് തറച്ചതിനാൽ ഭാര്യ നടക്കാതെ കഴുതപ്പുറത്ത് ഇരുന്ന് പോകുന്നതു കണ്ടപ്പോൾ യുവാക്കൾ പറഞ്ഞത് - "ഭാര്യയെ കഴുതപ്പുറത്ത് ഇരുത്തിയിട്ട് ചുമടുമായി നടക്കുന്ന നാണംകെട്ടവൻ"
മൂന്നാം ദിവസം നടുവേദന കാരണം കർഷകൻ കഴുതപ്പുറത്ത് കയറി ഭാര്യ ചുമടുമായി നടന്നു. യുവാക്കൾ അതിനും കുറ്റം കണ്ടു പിടിച്ചു - "അവൻ എന്തൊരു ക്രൂരനാണ്? പാവം ഭാര്യയെ ചുമടുമായി നടത്തുന്നു"
നാലാം ദിവസം കഴുതയ്ക്കു സുഖമില്ലാതായി. ഇടയ്‌ക്ക് വിശ്രമം കൊടുത്ത് വെറുതെ നടത്തി. ചുമടുകൾ എല്ലാം രണ്ടു പേരും കൂടി ചുമന്നപ്പോൾ യുവാക്കൾ പറഞ്ഞു -"പമ്പര വിഡ്ഢികൾ! കഴുതയെ വെറുതെ നടത്തുന്നു"
അന്നു രാത്രി കഴുതയ്ക്കു രോഗം കലശലായി മരണപ്പെട്ടു. അഞ്ചാം ദിവസം, രാവിലെ കഴുതയില്ലാതെ അവർ രണ്ടു പേരും ചുമടുമായി പോകുന്നത് യുവാക്കൾ കണ്ടപ്പോൾ ദേഷ്യത്തോടെ വിളിച്ചു കൂവി - "ഇവരുടെ കഴുത എവിടെ? ക്രൂരമായി പണിയെടുപ്പിച്ച ശേഷം വിറ്റ് കാശു മേടിച്ചിരിക്കും"
എന്തിനും ഏതിനും കാര്യമറിയാതെ പ്രതികരിക്കുന്ന കഴുത ജന്മങ്ങൾ! പരിമിതികൾ, സാമ്പത്തിക പ്രശ്നങ്ങൾ, രോഗങ്ങൾ, നിയമങ്ങൾ, പ്രതികൂല അവസ്ഥകൾ... ഇങ്ങനെ പലതും അറിയാതെ ആളുകൾ മറ്റുള്ളവരെ വിധിച്ചു വധിക്കുന്നു!
ആളുകൾ ഒരു വശത്ത് പറഞ്ഞു രസിക്കുമ്പോൾ -അതിനപ്പുറം, ഉയർന്ന പ്രായോഗിക ബുദ്ധിയിലൂടെ ഏവർക്കും ഇവയൊക്കെ മറികടക്കാൻ കഴിയട്ടെ! എല്ലാവർക്കും എക്കാലത്തും എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല!
Written by Binoy Thomas, Malayalam eBooks - 1097 - Satire - 34, PDF-https://drive.google.com/file/d/1Fs4iltqKdwEeINn_MklmNwi_skNdhyHS/view?usp=drivesdk
Comments