(1096) കടപ്പാടിൻ്റെ കണക്ക്!
പണ്ടുപണ്ട്, സിൽബാരിപുരം രാജ്യമാകെ ഘോരവനമായിരുന്നു. എല്ലാത്തരം മൃഗങ്ങളും ധാരാളമായി അവിടെ പാർത്തിരുന്നു.
ഒരു ദിവസം, നിലത്തു കിടന്ന ഒരു പഴമെടുത്ത് കരിങ്കുരങ്ങൻ ആർത്തിയോടെ കഴിക്കുന്ന സമയം. പെട്ടെന്ന്, പതുങ്ങി വന്ന സിംഹം അവൻ്റെ മേൽ ചാടി വീണു!
പക്ഷേ, കുരങ്ങൻ തലനാരിഴയ്ക്കു രക്ഷപ്പെട്ട് അടുത്ത മരത്തിലെ വള്ളിയിൽ ചാടിപ്പിടിച്ച് മുകളിലെത്തി. മുകളിലെത്തിയ കുരങ്ങൻ ഞെട്ടി! ഒരു കാട്ടുവാസി തേൻ ശേഖരിക്കാനായി ശിഖരത്തിൽ കെട്ടിയ മരവള്ളിയായിരുന്നു അത്. അയാൾ തേൻ ശേഖരിക്കുകയാണ്.
അന്നേരം, താഴെ നിരാശയോടെ സിംഹം, മുകളിലേക്ക് നോക്കി നിൽക്കുകയാണ്. സിംഹം കുറച്ചു നേരം ആലോചിച്ചപ്പോൾ കുരങ്ങൻ്റെ ഇറച്ചിയേക്കാൾ രുചിയാണ് മനുഷ്യന്. അന്നേരം സിംഹം സൂത്രം പ്രയോഗിച്ചു - "എടാ, കരിങ്കുരങ്ങാ, നിൻ്റെ വംശം മുഴുവൻ നശിപ്പിക്കുന്ന മനുഷ്യനാണ് അവൻ. കരിങ്കുരങ്ങ് രസായനം ഉണ്ടാക്കി അവൻ കച്ചവടം ചെയ്യുന്നവനാണ്. അതിനാൽ അവനെ കടിച്ചു മാന്തി താഴെയിടുക"
എന്നാൽ, കുരങ്ങൻ അതു കേട്ട ഭാവം നടിച്ചില്ല. അപ്പോൾ, സിംഹം അടവു മാറ്റി - ''ഹേയ്, മനുഷ്യാ, നിനക്ക് കരിങ്കുരങ്ങനെ വേണ്ടെങ്കിൽ അതിനെ വലിച്ചു താഴെയിട്. എനിക്ക് വല്ലാതെ വിശക്കുന്നു"
ഇതു കേട്ട മാത്രയിൽ, കാട്ടുവാസി കുരങ്ങിൻ്റെ നീണ്ട വാലിൽ പിടിച്ചു വലിച്ചു. എന്നാൽ, കുരങ്ങൻ താഴേക്കു വീഴുന്നതിനിടയിൽ താഴത്തെ ശിഖരത്തിൽ പിടിച്ച് മരത്തിൽ ഇരുന്നു.
സിംഹം വീണ്ടും ബുദ്ധി പ്രയോഗിച്ചു - "ഹേയ്, മണ്ടനായ കുരങ്ങാ, നിന്നെ കൊല്ലാൻ നോക്കിയ ആ ചതിയനോടു നീ ക്ഷമിക്കരുത്. മാന്തിക്കീറി അയാളെ താഴെയിട്"
അപ്പോഴും കുരങ്ങൻ അതു ചെയ്തില്ല. സിംഹത്തിന് അത്ഭുതമായി. മൃഗരാജൻ കുരങ്ങനെ വീണ്ടും പ്രോൽസാഹിപ്പിച്ചു - "നിനക്ക് പ്രതികാരം ചെയ്യാൻ കിട്ടിയ ഈ അവസരം നീ കളയരുത്"
അന്നേരം, കുരങ്ങൻ പറഞ്ഞു -"ഈ മനുഷ്യൻ എന്നെ വലിച്ചിടാൻ നോക്കിയത് സത്യമാണ്. പക്ഷേ, ഞാനിപ്പോൾ ജീവനോടെ ഇരിക്കുന്നതിൻ്റെ കാരണം അയാൾ മരത്തിൽ കെട്ടിയിരുന്ന വള്ളിയാണ്. അതിൽ പിടിച്ച് കയറിയില്ലായിരുന്നെങ്കിൽ ഞാൻ നിൻ്റെ ആഹാരമാകുമായിരുന്നു. ഞങ്ങൾ കുരങ്ങന്മാർ മനുഷ്യരെ പോലെ കടപ്പാടിൻ്റെ കണക്ക് മറക്കുന്നവരല്ല!"
സിംഹം ലജ്ജിച്ചു കാട്ടിലൂടെ നടന്നു നീങ്ങി.
ആശയം: മൃഗങ്ങൾ നന്ദിയും കടപ്പാടും ഓർത്തിരിക്കുമ്പോൾ മനുഷ്യർ അതെല്ലാം എളുപ്പത്തിൽ മറക്കുന്നു.
Written by Binoy Thomas, Malayalam eBooks- 1096- Gratitude -33. PDF-https://drive.google.com/file/d/1cZKdaQ36gN3OHT7uVbbPRakvprVScXvL/view?usp=drivesdk
Comments