(1095) ഹോജയുടെ റൊട്ടി!
ഒരിക്കൽ, ഹോജയും രണ്ടു കൂട്ടുകാരും കൂടി ഒരു യാത്ര പോകുകയായിരുന്നു. അവരുടെ യാത്രക്കിടയിൽ കയ്യിലെ ഭക്ഷണമെല്ലാം തീർന്നു. മാത്രമല്ല, അവർ വല്ലാതെ ക്ഷീണിച്ചിരുന്നു.
അതിനിടെ, അത്താഴത്തിനുള്ള ആഹാരമില്ലാതെ അവർ മൂവരും കുഴങ്ങി. ഒടുവിൽ, ഒരു വഴിപോക്കൻ സാമാന്യം വലിയ ഒരു റൊട്ടി അവർക്കു കൊടുത്തു. അവർ അതുമായി വലിയ മരച്ചുവട്ടിൽ ഇരുന്നു. അപ്പോൾ പുതിയ ഒരു പ്രശ്നമുദിച്ചു.
ആരാണ് അതു കഴിക്കുക? കൂടുതൽ വിശപ്പ് മൂവരും ഉന്നയിച്ചു. മൂന്നായി പങ്കിടാനുള്ള ക്ഷമയും ഇല്ലായിരുന്നു. തർക്കത്തിൻ്റെ നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് തോന്നിയതിനാൽ ഒരാൾ പറഞ്ഞു -"ഇന്നു രാത്രി ഉറങ്ങിക്കഴിഞ്ഞ് ആരാണോ ഏറ്റവും നല്ല സ്വപ്നം കാണുന്നത് അയാൾക്ക് സമ്മാനമായി ഈ റൊട്ടി കൊടുക്കും"
മൂന്നു പേർക്കും അതു സ്വീകാര്യമായി. കാരണം, സ്വപ്നമെന്നു പറഞ്ഞ് ആരെയും പറ്റിക്കാനുള്ള കള്ളം പറയുകയും ചെയ്യാം. ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ ഒന്നാമൻ പറഞ്ഞു -"ഞാൻ അള്ളാഹുവിനെ സ്വപ്നം കണ്ടു"
രണ്ടാമൻ പറഞ്ഞു -"ഞാൻ അള്ളാഹുവിൻ്റെ സ്വർഗ്ഗീയ സിംഹാസനത്തിൽ ഇരിക്കുന്നതായി സ്വപ്നം കണ്ടു"
അന്നേരം ഹോജ പറഞ്ഞു -"എനിക്ക് അള്ളാഹു പ്രത്യക്ഷപ്പെട്ടു പറഞ്ഞത് എത്രയും വേഗം റൊട്ടി തിന്നാനാണ്. ഞാൻ അത് അനുസരിച്ചു "
മറ്റുള്ളവർ ഹോജ റൊട്ടി തിന്നതു കേട്ട് ഇളഭ്യരായി.
Written by Binoy Thomas, Malayalam eBooks-1095- Hoja stories - 53, PDF-https://drive.google.com/file/d/11D8HmbsJ5ttGlgafmUE5yz_BakBhQAbu/view?usp=drivesdk
Comments