(1092) സൗജന്യം എന്ന പ്രശ്നം!
പണ്ട്, സിൽബാരിപുരം ദേശത്ത് ഭൂരിഭാഗം വീടുകളിലും പട്ടിണി അനുഭവപ്പെട്ടിരുന്നു. പണികൾക്ക് കുറഞ്ഞ കൂലി മാത്രമായിരുന്നു കിട്ടിയിരുന്നത്. മാത്രമല്ല, പ്രധാന കൃഷിയിടങ്ങളെല്ലാം രാജകൊട്ടാരത്തിൻ്റെ അധികാരത്തിലാണ്. മറ്റുള്ളവ ഏതാനും ജന്മിമാരുടെ സ്വന്തമായിരുന്നു.
കൂലിവേലകൾ ചെയ്തിരുന്ന രാമുവിന് ദാരിദ്ര്യമായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്. നാലു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമായിരുന്നു അത്. ഊണു കഴിക്കുമ്പോൾ മീനും ഇറച്ചിയും ഒന്നും ഉണ്ടാകാറില്ല. മുളകു പൊട്ടിച്ചതും ചമ്മന്തിയുമൊക്കെയാവും സ്ഥിരമായ കറികൾ. മീൻ കച്ചവടക്കാരനായ അയൽവാസി ചീരൻ്റെ പറമ്പിൽ മിക്കവാറും ദിവസങ്ങളിൽ രാമുവിന് പണികൾ കിട്ടാറുണ്ട്.
ഒരിക്കൽ ചീരൻ, രാമുവിനോടു പറഞ്ഞു -"ഞാൻ ഒരാഴ്ച ഇവിടെയുണ്ടാകില്ല. എൻ്റെ പണിക്കാരനാകും മീൻകട നോക്കുക. വിറ്റുപോകാതെ മിച്ചം വരുന്ന മീനുകൾ നിനക്കു വീട്ടിലേക്ക് കൊണ്ടുപോകാം"
മുതലാളിയുടെ വാക്കുകൾ അനുസരിക്കുന്ന ശീലമായിരുന്നു രാമുവിൻ്റേത്. ഈ കാര്യം ഭാര്യയോടും കുട്ടികളോടും പറഞ്ഞപ്പോൾ അവർക്ക് ഏറെ സന്തോഷമായി.
ഭാര്യ പറഞ്ഞു -"മീൻകറി കഴിച്ച കാലം മറന്നു!"
പക്ഷേ, രാമു ഒന്നും മിണ്ടിയില്ല. ചീരൻ പറഞ്ഞതു പോലെ അയാൾ അനുസരിച്ചു. പക്ഷേ, മീൻ വൈകിട്ട് ഒരു കുട്ടയിൽ കൊണ്ടുവന്നിട്ട് മുറ്റത്ത് ഒരു മൂലയിൽ കളഞ്ഞു!
അതുകണ്ട്, ഭാര്യ പകച്ചു! രാമുവിനോട് ദേഷ്യപ്പെട്ടെങ്കിലും അയാൾ ഒന്നും മിണ്ടിയില്ല. മീൻമണം പിടിച്ച് അന്നാട്ടിലെ പൂച്ചകൾ ഓടിക്കൂടി മീനുമായി കടന്നു. ഇതേ കാര്യം അയാൾ ഒരാഴ്ച ചെയ്തു.
മീൻമുതലാളിയായ ചീരൻ മടങ്ങിവന്നു. അന്ന് വൈകുന്നേരം മീൻ ഇല്ലാത്ത മുറ്റത്തേക്ക് പതിവുപോലെ പൂച്ചകൾ എത്തി നിരാശരായി. കുറെ നേരം അവറ്റകൾ കാത്തിരുന്നെങ്കിലും പിന്നീട് പരസ്പരം കടിപിടിയായി. വല്ലാത്ത ശബ്ദ കോലാഹലം കേട്ട് ഭാര്യ രാമുവിനോട് ചോദിച്ചു - "ഇവറ്റകൾ എന്തിനാണ് കടിപിടി കൂടുന്നത്?"
രാമു പറഞ്ഞു -"ഒരാഴ്ചയായി കൃത്യസമയത്ത് ഈ പൂച്ചകൾക്ക് മീൻ കിട്ടിയിരുന്നു. അന്നേരം യാതൊരു ബഹളവുമില്ലാതെ അവർക്കെല്ലാം എന്തൊരു സന്തോഷമായിരുന്നു? എന്നാൽ, പെട്ടെന്ന് ഇന്ന് മീനില്ലാതെ വന്നപ്പോൾ ഉണ്ടായ പ്രശ്നമാണ് "
ഉടൻ, ഭാര്യ നീരസപ്പെട്ടു - "ഒരാഴ്ച നമ്മൾ മീൻ കഴിച്ചിരുന്നെങ്കിൽ യാതൊരു കുഴപ്പവുമില്ലായിരുന്നു "
രാമു അവളെ ഉപദേശിച്ചു - "കുട്ടികൾ ഒരാഴ്ച യഥേഷ്ടം മീൻകറി കഴിച്ചിട്ട് പിന്നെ ഇല്ലാതെ വരുമ്പോൾ ഇങ്ങനെ വിഷമിക്കാതിരിക്കാനാണ് ഞാൻ അതു കളഞ്ഞത്!"
ചിന്താവിഷയം- സൗജന്യമായി പലതും താൽക്കാലികമായി കിട്ടിയെന്നിരിക്കും. അതിൽ ഭ്രമിച്ചാൽ, പിന്നീട് അത് നിലയ്ക്കുമ്പോൾ മനോവിഷമം വന്നേക്കാം. സ്ഥിരമായ ആനന്ദത്തിലും മനസ്സുഖത്തിലും ശ്രദ്ധ കൊടുക്കണം.
Written by Binoy Thomas, Malayalam eBooks-1092 -happiness- 32, PDF-https://drive.google.com/file/d/13aNmUh9_t3et7-uxlX13o6QHLcPKblSU/view?usp=drivesdk
Comments