(1080) പണി ചെയ്യാത്തവൻ?
പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ പലതരം കൃഷിയിടങ്ങളാൽ സമ്പന്നമായിരുന്നു. അവിടെ ഏറ്റവും കൂടുതൽ കരഭൂമിയുണ്ടായിരുന്നത് ശങ്കുണ്ണി എന്ന നാടുവാഴിക്കാണ്. മാത്രമല്ല, ഏകദേശം നൂറു പേരോളം അവിടെ പണിയെടുക്കുന്നുണ്ടായിരുന്നു.
ഒരിക്കൽ, നാടുവാഴിയുടെ തോട്ടങ്ങളിൽ കൃഷികൾക്കെല്ലാം ഏതോ അജ്ഞാത രോഗം പിടിപെട്ട് വലിയ കൃഷിനാശം ഉണ്ടായി. അതോടെ നാടുവാഴിക്ക് പണിക്കാർക്കുള്ള കൂലി കൊടുക്കാനും ബുദ്ധിമുട്ടുകൾ നേരിട്ടു.
ഒരു ദിവസം രാത്രിയിൽ പണിക്കാരുടെ കുടിലിൽ അവരുടെ നേതാവ് രഹസ്യമായി യോഗം ചേർന്നു.
"കൂട്ടുകാരെ, നാടുവാഴിയുടെ കീഴിൽ ഇവിടെ നിന്നിട്ട് ഇനി യാതൊരു കാര്യവുമില്ല. കൂലി കൃത്യമായി കിട്ടുമെന്ന് തോന്നുന്നില്ല. രോഗം ബാധിച്ച തോട്ടങ്ങൾ തീയിട്ട് നശിപ്പിച്ചു കഴിഞ്ഞ് പുതിയ തൈകൾ വച്ച് ഇനി എന്നാണ് നാടുവാഴിക്ക് വരുമാനമാകുന്നത്?"
മറ്റുള്ള തൊഴിലാളികളും അയാളുടെ അഭിപ്രായത്തോടു യോജിച്ചു - "ശരിയാണ് അടുത്ത രാത്രിയിൽ ദൂരെയുള്ള കോസല ദേശത്തേക്ക് പോകണം"
അവർ ഒരു സംഘമായി രാത്രിയിൽ നടന്നു നീങ്ങി. കുറെ ദൂരം നടന്ന് ഒരു ആലിൻചുവട്ടിൽ വിശ്രമിച്ചു. അവിടെ കിടന്നുറങ്ങിയിരുന്ന സന്യാസി ഇവരുടെ സംസാരം കേട്ട് ഉണർന്നു -
"ഈ രാത്രിയിൽ നിങ്ങൾ എങ്ങോട്ടു പോകുന്നു?"
അവർ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു -"നിങ്ങളുടെ ഈ തീരുമാനം നന്ദികേടാണ്. അനേകം വർഷങ്ങൾ നിങ്ങൾക്ക് കൂലി തന്ന നാടുവാഴിക്ക് ഒരു പ്രതിസന്ധി വരുമ്പോൾ അത് നിങ്ങളുടെതും കൂടി ആണെന്ന് വിചാരിക്കണം. ആ കൃഷി ഭൂമിയിൽ വിള മാറി കൃഷിയിറക്കിയാൽ രോഗബാധ ഒഴിവാകും"
ആ രാത്രി മുഴുവൻ അതേപ്പറ്റി പണിക്കാരെല്ലാം പരസ്പരം വാഗ്വാദങ്ങളിൽ ഏർപ്പെട്ടു.
ഒടുവിൽ, രാവിലെ ശങ്കുണ്ണിയുടെ മുന്നിൽ ചെന്നു. പുതിയ ഏതെങ്കിലും കൃഷി എന്നുള്ള ആശയം നാടുവാഴി സ്വീകരിച്ച് കരിമ്പിൻകൃഷി തുടങ്ങിയെങ്കിലും തുച്ഛമായ കൂലിയാണ് പണിക്കാർക്ക് കിട്ടിയത്.
എന്നാൽ, ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും നല്ല കരിമ്പും ശർക്കരയും ശങ്കുണ്ണിയുടെതായി മാറി!
അതിൻ്റെ പ്രശസ്തി അയൽ രാജ്യങ്ങളിലേക്കും എത്തിയപ്പോൾ മറ്റുള്ള കൊട്ടാരത്തിലേക്കുള്ള ശർക്കര വിതരണവും "ശങ്കുണ്ണിശർക്കര" സ്വന്തമാക്കി!
ഒരു ദിവസം - ശങ്കുണ്ണി തൻ്റെ പണിക്കാരെ എല്ലാം വിളിച്ചു വരുത്തി ലാഭവിഹിതമായി 50 വെള്ളിനാണയം വീതം ഓരോ ആൾക്കും കൊടുക്കാൻ തീരുമാനിച്ചു. അന്നേരം, നേതാവ് പറഞ്ഞു -"യജമാനനേ, ഈ കൂട്ടത്തിൽ പെടാത്ത ഒരു സന്യാസിക്ക് കൊടുക്കാൻ 50 നാണയം കൂടി തരണം"
അന്നേരം, ശങ്കുണ്ണി അമ്പരന്നു - "നിങ്ങളെല്ലാം അധ്വാനിച്ചവരാണ്. പക്ഷേ, അയാൾ എന്തു ചെയ്തു?"
അപ്പോൾ, അവർ ഒളിച്ചോടിയ രാത്രിയിൽ നടന്ന കാര്യമെല്ലാം നേതാവ് വിശദീകരിച്ചു. തുടർന്ന്, ശങ്കുണ്ണി പറഞ്ഞു - "എൻ്റെ ശർക്കരസാമ്രാജ്യത്തിൻ്റെ ഉറവിടം അദ്ദേഹമാണ്. ആ കടപ്പാട് നാണയം കൊടുത്തു വീട്ടാനാവില്ല. അദ്ദേഹം ശേഷിക്കുന്ന കാലം ഈ തറവാട്ടിൽ കഴിയട്ടെ"
ആശയം- പല ജീവിതങ്ങളിലും സംരംഭങ്ങളിലും സ്ഥലങ്ങളിലും വഴി തിരിച്ചു വിടുന്ന വ്യക്തികളെ ചിലപ്പോൾ ആരും അറിയാതെ പോകുന്നു. പക്ഷേ, നന്ദിയും കടപ്പാടും അവർ അർഹിക്കുന്നുവെന്ന് വായനക്കാരുടെ ചിന്തയിൽ ഉണ്ടാകുമല്ലോ.
Written by Binoy Thomas, Malayalam eBooks-1080-gratitude -31, PDF-https://drive.google.com/file/d/1EGe1w_gYl-2PlZHM-4rV1O6wtXtHp02W/view?usp=drivesdk
Comments