(1084) രണ്ട് കൂട്ടുകാർ
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നല്ലൊരു ചന്ത സ്ഥിതി ചെയ്തിരുന്നു. ആ ചന്തയിലേക്ക് എളുപ്പ മാർഗത്തിൽ പോകണമെങ്കിൽ കാടിനോടു ചേർന്നു കിടക്കുന്ന ഒറ്റയടി പാതയിലൂടെ പോകണം. നേരെയുള്ള വഴിയിലൂടെ ആണെങ്കിൽ വളരെ ദൂരം യാത്ര ചെയ്യേണ്ടിവരും. അതിനാൽ ആൾക്കാർ ഈ വഴിയായിരുന്നു തെരഞ്ഞെടുത്തുകൊണ്ടിരുന്നത്.
ഒരു ദിവസം, ഒരു കച്ചവടക്കാരൻ അതിലൂടെ യാത്ര ചെയ്യുകയാണ്. കുറെ പാണ്ടക്കെട്ടുകൾ അയാളുടെ കയ്യിലുണ്ടായിരുന്നു. മാത്രമല്ല, പഴക്കിഴി അരയിൽ കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അതിൽ 100 സ്വർണ്ണ നാണയങ്ങളുണ്ട്.
അയാൾ നടന്നു നീങ്ങുന്നതിനിടയിൽ വഴിയിൽ വച്ച് ഈ സ്വർണ്ണക്കിഴി താഴെ പുല്ലിലേക്ക് വീണത് അയാളുടെ ശ്രദ്ധയിൽ പെട്ടില്ല. അയാൾ അറിയാതെ മുന്നോട്ട് പോയി.
അതിനു പിറകെയായി കുറേസമയം കഴിഞ്ഞ്, രണ്ട് കൂട്ടുകാർ വർത്തമാനം പറഞ്ഞത് നടന്നുവരികയായിരുന്നു. അപ്പോൾ, ഒന്നാമൻ ഈ കിഴി കണ്ടു. പെട്ടെന്ന്, അവൻ കുനിഞ്ഞ് എടുത്തു. എന്നിട്ട് അവൻ ആവേശത്തോടെ പറഞ്ഞു - "ഇന്ന് എൻ്റെ ഭാഗ്യദിവസമാണ്. ഞാൻ ഇതുകൊണ്ട് സുഖമായി അന്യദേശത്ത് പോയി ജീവിക്കും"
ഇത് കേട്ട് രണ്ടാമൻ പറഞ്ഞു - "നീ അങ്ങനെ പറയരുത്. നമ്മുടെ രണ്ടുപേരുടെയും ഭാഗ്യമാണ് എന്ന് വേണം പറയാൻ"
ഉടൻ, അതിൻ്റെ അർത്ഥം മനസ്സിലാക്കി ഒന്നാമൻ പറഞ്ഞു - "ഇത് ഞാനാണ് കുനിഞ്ഞ് എടുത്തത്. എൻ്റെ മുന്നിലാണ് ഇത് വന്നത്. ഞാൻ ഒരാൾ മാത്രമായിരിക്കും ഇതിൻ്റെ അവകാശി ഇതിൽ ഒരു സ്വർണനാണയം പോലും നിനക്ക് തരില്ല"
പിന്നെ, രണ്ടാമൻ പറഞ്ഞു - "അത് ശരി നീ അത് എടുത്തുകൊള്ളുക. പക്ഷേ, ഈ നിമിഷം മുതൽ നീ എൻ്റെ ചങ്ങാതി അല്ല എന്ന് ഓർത്തു കൊള്ളണം"
അത് കേട്ട് ഒന്നാമൻ പുച്ഛിച്ചു. ഒന്നാമൻ വീണ്ടും പറഞ്ഞു - "വേണമെങ്കിൽ നീ എൻ്റെ കൂടെ പോരുക. എൻ്റെ കൂടെ നിനക്ക് വേണമെങ്കിൽ താമസിക്കാം"
അതിന് രണ്ടാമൻ മറുപടിയൊന്നും പറഞ്ഞില്ല. അങ്ങനെ കുറെ ദൂരം അവർ ഒന്നും മിണ്ടാതെ മുന്നോട്ടുപോയി. അപ്പോൾ കുറെ മരങ്ങൾ നിൽക്കുന്ന ഇടയിൽ നിന്ന് ചില തലകൾ ഉയർന്നുവന്നു.
അത് ആ ദേശത്തെ കള്ളന്മാർ ആയിരുന്നു. അവർ സ്ഥിരമായി പണസഞ്ചി ഉള്ളവരുടെ ദേഹത്തേക്ക് വിദഗ്ധമായി കത്തിയെറിഞ്ഞ് അവരെ വീഴ്ത്തി കൊലപ്പെടുത്തി ആഭരണ സഞ്ചികളും പണസഞ്ചികളും എല്ലാം തട്ടിക്കൊണ്ടു പോകുന്ന ഒരു രീതി അവർക്ക് പതിവുണ്ടായിരുന്നു.
അവർ മോഷ്ടിച്ചതിനുശേഷം ആളുകളെ കൊന്നു കളയുന്ന രീതിയായിരുന്നു. കാരണം, കൊട്ടാരത്തിൽ അറിഞ്ഞാൽ ഭടന്മാർ വളഞ്ഞ് ഈ കള്ളന്മാരെ കൊലചെയ്യും ആ ശിക്ഷ പേടിച്ചായിരുന്നു കൊള്ളക്കാർ ഇങ്ങനെ ചെയ്തുകൊണ്ടിരുന്നത്.
പെട്ടെന്ന്, ഒന്നാമൻ ഇത് ഞെട്ടലോടെ കണ്ടു. അപ്പോൾ അവനു മനസ്സിലായി - എപ്പോൾ വേണമെങ്കിലും കത്തി എൻ്റെ ദേഹത്ത് തുളച്ചുകയറും!
ഉടൻ തന്നെ, അവൻ്റ ബുദ്ധി ഉണർന്ന് പ്രവർത്തിച്ചു. അവൻ പെട്ടെന്ന് അരയിൽ നിന്ന് ആ പണക്കിഴി പെട്ടെന്ന് രണ്ടാമന് നീട്ടി പറഞ്ഞു - "സുഹൃത്തേ, നീ എൻ്റെ ഉറ്റ ചങ്ങാതിയാണ്. എനിക്ക് തെറ്റിപ്പോയി. നീ ഈ പണം എടുത്തു കൊള്ളുക. അതിന്റെ പകുതി പിന്നീട് തന്നാൽ മതി"
എന്നാൽ, പെട്ടെന്നുള്ള മനം മാറ്റത്തിൽ രണ്ടാമന് സംശയം തോന്നി. അവൻ അത് നിരസിച്ചു - "വേണ്ട നീ മുഴുവനും എടുത്തു കൊള്ളൂ"
ആ നിമിഷത്തിൽ കള്ളന്മാരുടെ ശക്തിയായ കത്തിയേറിൽ ഒന്നാമൻ പിടഞ്ഞു വീണു! രണ്ടാമൻ അതിവേഗം തിരിഞ്ഞോടി വീട്ടിലെത്തി.
സാധാരണയായി കൊട്ടാരത്തിൽ ഈ വിവരം അറിയിക്കേണ്ടതാണ്. എങ്കിലും രണ്ടാമൻ പിറുപിറുത്തു - "അവൻ എൻ്റെ ചങ്ങാതിയല്ല. അതിനാൽ ഇത് ഞാൻ ആരോടും പറയേണ്ടതില്ല"
ആശയം- ദുരിത കാലത്തും നേട്ടങ്ങളുടെ കാലത്തും സൗഹൃദം ഒരുപോലെ കാത്തു സൂക്ഷിക്കണം.
Written by Binoy Thomas, Malayalam eBooks-1084- സൗഹൃദ കഥകൾ - 18, PDF-https://drive.google.com/file/d/1FgFZNkGDN237osvDN0Iy_d1i5KEvmd1G/view?usp=drivesdk
Comments