(1082) ഗുരുവിൻ്റെ നിർദ്ദേശം!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ദിവ്യനായ ഗുരുവും, ശിഷ്യനും കൂടി ക്ഷേത്ര ദർശനത്തിനായി പോകുകയായിരുന്നു. അവർ പോകുന്ന വഴിയുടെ അപ്പുറത്തായി കുറെ ആളുകൾ കൂടിനിൽക്കുന്നതായി കണ്ടു.
അതിനൊപ്പം, സ്ത്രീകളുടെ നിലവിളിയും കേൾക്കാമായിരുന്നു. ഗുരുവും ശിഷ്യനും കാര്യം തിരക്കി. അന്നേരം, ഒരാൾ പറഞ്ഞു -"ആ വീട്ടിലെ ചെറുപ്പക്കാരൻ മരണപ്പെട്ടു. കുടുംബമാകെ അതീവ ദു:ഖത്തിലാണ്"
ഉടൻ, ശിഷ്യൻ പറഞ്ഞു - ''ഗുരുവേ, അത്യാവശ്യ ഘട്ടമാകയാൽ ഈ കുടുംബത്തെ അങ്ങേയ്ക്കു സഹായിക്കാനാകും. അവരോടു കരുണ തോന്നേണമേ"
ഗുരു പുഞ്ചിരിച്ചു - "ഈ ഗൃഹനാഥനോടുള്ള അവരുടെ സ്നേഹം യഥാർഥമാണെന്ന് ഞാൻ കരുതുന്നില്ല. അയാളുടെ വിയോഗം താങ്ങാൻ പറ്റുന്നത് ആണോയെന്ന് ഞാൻ പരീക്ഷിച്ചിട്ട് പുനർജീവൻ കൊടുക്കാം"
അവർ രണ്ടു പേരും വീടിനുള്ളിൽ കയറി. നാലുമക്കളും ഭാര്യയും വല്യമ്മയും കുടുംബാംഗങ്ങളായി വിങ്ങിപ്പൊട്ടി അവിടെ തളർന്നിരിപ്പുണ്ട്.
ഗുരു അവരോടു പറഞ്ഞു -"ഇയാളുടെ വിയോഗം നിങ്ങൾക്ക് ഏറെ വിഷമമാകയാൽ ഞാൻ ഇയാൾക്ക് പുനർജീവൻ കൊടുക്കാൻ പോകുകയാണ്. പകരം, ആ നിമിഷം നിങ്ങൾ ആറു പേരിൽ ഒരാളുടെ ജീവൻ പോകും. ആരാണ് അതിന് തയാറായി മുന്നോട്ടു വരുന്നത്?"
അവർ ഞെട്ടി വിറച്ചു. പരസ്പരം നോക്കി സ്വന്തം പേരു പറയാതെ ബാക്കി അഞ്ചു പേരുടെ കാര്യം ഓരോ ആളും നിർദ്ദേശിച്ചു.
പക്ഷേ, സ്വയം ജീവത്യാഗം ചെയ്യാൻ എൺപത് വയസ്സുള്ള അമ്മ പോലും വന്നില്ല. അന്നേരം, ഗുരു പറഞ്ഞു -"നിങ്ങൾ എന്തിനാണ് വെറുതെ നിലവിളിക്കുന്നത്? ജീവത്യാഗം ചെയ്യുന്ന യഥാർഥ സ്നേഹം നിങ്ങളിൽ ആർക്കുമില്ല. ആരെങ്കിലും മുന്നോട്ടു വന്നിരുന്നുവെങ്കിൽ പോലും ആർക്കും ദോഷം വരാതെ ഈ ചെറുപ്പക്കാരന് ജീവൻ ലഭിക്കുമായിരുന്നു!"
ഗുരുവും ശിഷ്യനും അവിടെ നിന്നും ഇറങ്ങി നടന്നു.
ആശയം- നിർവ്യാജമായ സ്നേഹം ഈ ലോകത്ത് ദുർല്ലഭമായി മാറിയിരിക്കുന്നു. വെറും പൊള്ളയായ വാക്കുകളിൽ ഒതുങ്ങുന്ന ഒന്നായി അത് മാറിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തിൻ്റെ ശക്തി എത്രത്തോളമുണ്ടെന്ന് പരിശോധിക്കുമല്ലോ.
Written by Binoy Thomas, Malayalam eBooks - 1083- Katha Sarit Sagara-25, PDF-https://drive.google.com/file/d/1IlBg8yKL4mC8dsmP4Ce-r4qofegLBgR3/view?usp=drivesdk
Comments