(1081) മരവള്ളിയുടെ ചതി!
പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. ആ ദേശം വാണിരുന്നത് വിക്രമൻരാജാവായിരുന്നു.
നാട്ടിൻപുറത്ത് നല്ല ഗാംഭീര്യത്തോടെ തലയുയർത്തി ഒരു വലിയ മരം നിൽപ്പുണ്ടായിരുന്നു. അതിന് ശിഖരങ്ങളില്ലാതെ ഒറ്റത്തടിയായി വളരെയേറെ പൊക്കമുണ്ടായിരുന്നതിനാൽ കിളികൾക്ക് ഏറെ ഇഷ്ടമായിരുന്നു.
കാരണം, പെട്ടെന്ന് മരത്തിൽ കയറി പക്ഷിക്കൂടുകളും പക്ഷികളും പിടിക്കാൻ മനുഷ്യർ മെനക്കെടാറില്ല. അതിനാൽ, ധാരാളം കിളിക്കൂടുകളും മുട്ടകളും കുഞ്ഞുങ്ങളും അതിൽ ഉണ്ടായിരുന്നു.
ഒരു ദിവസം- പ്രായമേറിയ കിളി മരത്തിലേക്ക് കയറിയ ഒരു വള്ളി കണ്ടിട്ട് മരത്തോടു പറഞ്ഞു -"ഈ വള്ളി ഇപ്പോൾ ചെറുതെങ്കിലും വലുതായാൽ മരത്തിൻ്റെ ശിഖരത്തിൽ നിന്ന് താഴേക്ക് കരുത്തുറ്റ വള്ളിയായി തൂങ്ങിക്കിടക്കും. അന്നേരം, മനുഷ്യർ പിടിച്ചു കയറി ഞങ്ങളെ പിടിച്ചേക്കാം. അതിനാൽ നമുക്ക് ഉടനെ എന്തെങ്കിലും ചെയ്യണം"
പക്ഷേ, ഇതുകേട്ട് മരം കുലുങ്ങിച്ചിരിച്ചു - "നീ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്? മരവള്ളി കാരണം ശക്തനായ എനിക്ക് യാതൊന്നും പേടിക്കാനില്ല, നിങ്ങൾക്കു പേടിയുണ്ടെങ്കിൽ ഇവിടുന്ന് പറന്നു പോകൂ!"
കിളി പിന്നെ ഒന്നും മിണ്ടിയില്ല. കുറെ മാസങ്ങൾ കടന്നു പോയപ്പോൾ അതിവേഗം വളരുന്ന മരവള്ളി ഏറ്റവും മുകളിൽ വരെ പടർന്നു കയറിയിരുന്നു. എന്നിട്ട്, മണ്ണിൽ പിടിക്കാനായി കരുത്തുള്ള വള്ളികൾ താഴേക്കു തൂക്കിയിട്ട പോലെ വളരാൻ തുടങ്ങി.
ഒരു ദിവസം - കൊട്ടാരത്തിലെ രാജകുമാരി നീരാടാൻ പോയപ്പോൾ ഒരു കള്ളൻ പതുങ്ങിയിരുന്ന് കുളിക്കടവിൽ നിന്നും രത്നമാല മോഷ്ടിച്ചു.
ഭടന്മാർ കള്ളനെ പരതി നാടെങ്ങും പാഞ്ഞു. അന്നേരം, കള്ളൻ ഓടിവന്ന് ഈ മരത്തിൻ്റെ വള്ളിയിൽ തൂങ്ങി കയറി ഏറ്റവും മുകളിലത്തെ ശിഖരത്തിലെത്തി ഇലകൾക്കിടയിൽ ഒളിച്ചു.
എന്നാൽ, മനുഷ്യനെ കണ്ട കിളികൾ ബഹളം കൂട്ടാൻ തുടങ്ങി. അപകടം മണത്ത കള്ളൻ ദേഷ്യത്തോടെ കിളിക്കൂടുകൾ വലിച്ചെറിഞ്ഞു.
കിളികൾ അലറിക്കരഞ്ഞപ്പോൾ അതുവഴി വന്ന ഭടന്മാർ കള്ളനെ കണ്ടു. അവനെ എറിഞ്ഞ് താഴെയിടാനായി ഭടന്മാർ കല്ലെറിഞ്ഞപ്പോൾ കള്ളനു പരിക്കേറ്റ് മരത്തിൻ്റെ വേരിൽ പതിച്ചു. അവൻ്റെ ജീവൻ പോയതിനിടയിൽ രക്തമാകെ മരത്തിൽ പുരണ്ടിരുന്നു.
രാജാവ് ഉടനടി അവിടെത്തി മാല വീണ്ടെടുത്തു. എന്നിട്ട് കല്പിച്ചു - "ഈ ചോരക്കറ പുരണ്ട മരം ഈ നാടിന് ഇനി ഒരു അപശകുനമായിരിക്കും. ഇന്നു തന്നെ വേരുൾപ്പെടെ മരം വെട്ടി തീയിലിടുക"
മുൻപ് പ്രായമായ കിളി പറഞ്ഞതുപോലെ സംഭവിച്ചു. മരവള്ളി കാരണം കിളിക്കുഞ്ഞുങ്ങളും മുട്ടകളും വലിയ മരവും നശിച്ചു. കിളികൾ എല്ലാവരും ആ ദേശം വിട്ടു ദൂരേയ്ക്ക് പറന്നു പോയി.
ആശയം- മുളയിൽ തന്നെ നുള്ളാവുന്ന -പ്രശ്നങ്ങൾ, പ്രതിസന്ധികൾ, വഴക്കുകൾ, വീഴ്ചകൾ, തെറ്റുകൾ, ദുശ്ശീലങ്ങൾ എന്നിവയെ തുടക്കത്തിൽത്തന്നെ പിഴുതെറിയണം വൈകിയാൽ പടർന്നു കയറി അവ സമ്പൂർണ്ണ നാശകാരിയായേക്കാം!
Written by Binoy Thomas, Malayalam eBooks-1081-friendship Story Series - 17, PDF-https://drive.google.com/file/d/10UtDzv8ihcdTqPfDOg5V4AyZ9LHyEXol/view?usp=drivesdk
Comments