(1055) പൂട്ട് തുറന്ന വിദ്യ!
പണ്ടുകാലത്ത്, സിൽബാരിപുരംദേശം വിക്രമൻ രാജാവ് ഭരിച്ചു കൊണ്ടിരുന്ന സമയം. അദ്ദേഹത്തിന് പുതിയ ഒരു മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നുചേർന്നു.
അതിനു വേണ്ടിയ ക്രമീകരണങ്ങൾ ചെയ്തു. പലതരം പരീക്ഷകളിൽ വിജയിച്ച് അഞ്ചുപേർ ഒരു പോലെ മുന്നിലെത്തി. ഏകദേശം, കഴിവുകൾ സമാനമായതിനാൽ രാജാവ് ആശയക്കുഴപ്പത്തിലായി.
ഒടുവിൽ, മറ്റൊരു ബുദ്ധിപരീക്ഷ ഏർപ്പാടാക്കാൻ രാജാവ് തീരുമാനിച്ചു. ആശാരിയെ വിളിച്ച് കൊട്ടാരത്തിലെ അഞ്ചു മുറികളിൽ പ്രത്യേകമായി പൂട്ടും താഴും പിടിപ്പിക്കാൻ നിർദ്ദേശിച്ചു.
അഞ്ചുപേരെയും ഓരോ മുറിയിലാക്കി വാതിൽ പുറത്തു നിന്നും താഴിട്ട് പൂട്ടി! അഞ്ചു പേരും ഇത് അത്ഭുതത്തോടെ നോക്കി നിന്നു. കാരണം, വാതിലിൻ്റെ പൂട്ടും താഴും അവർക്ക് അകത്തു നിന്ന് നോക്കിയാൽ വ്യക്തമായി കാണാമായിരുന്നു.
രാജാവ് അവരുടെ മുന്നിലേക്ക് വന്നു പറഞ്ഞു -"ഇപ്പോൾ ഈ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുകയാണ്. എന്നാൽ, നിങ്ങളിൽ ആർക്കെങ്കിലും ഈ പൂട്ടും താഴും മറികടന്ന് വെളിയിൽ വരാൻ പറ്റിയാൽ അയാളെ അടുത്ത മന്ത്രിയാക്കും "
അഞ്ചുപേരും ഇതുകണ്ട് നിരാശരായി. ഒന്നാമൻ പറഞ്ഞു -"നമ്മളെ പൂട്ടിയിട്ട് എങ്ങനെ പുറത്തു കടക്കാനാണ്? ഈ അവസാന ഘട്ടത്തിൽ നമ്മൾ തോൽക്കുമ്പോൾ വേറെ ബന്ധുക്കൾ ആരെങ്കിലും മന്ത്രിയാകാൻ വന്നു കാണും"
അവർ എല്ലാവർക്കും അതു ശരിയാണെന്നു തോന്നി. കുറെ നേരം കടന്നു പോയി. എന്നാൽ, അഞ്ചാമനായ രാമു പിറുപിറുത്തു - "ഇത്രയും പരീക്ഷകൾ നടത്തിയ ശേഷം രാജാവ് ഞങ്ങളെ വിട്ടു കളയുന്നത് ഒരു ബുദ്ധിശൂന്യതയാണ്. വെളിയിൽ വരാൻ എന്തെങ്കിലും സൂത്രം കാണും"
അവൻ മുറി മുഴുവൻ നോക്കിയെങ്കിലും അതിൽ ഒന്നും ഇല്ലായിരുന്നു. അവസാനം വാതിലിൻ്റെ കൈപ്പിടി വലത്തോട്ട് തിരിച്ചു. അനങ്ങിയില്ല. ഇടത്തോട്ട് തിരിച്ചു. അനക്കമില്ല. മുകളിലേക്കും താഴേക്കും ഉയർത്തി നോക്കിയെങ്കിലും യാതൊരു പ്രയോജനവുമില്ല. അവസാനം ആ കൈപ്പിടി അവനു നേരെ വലിച്ചു. പെട്ടെന്ന്, പുറത്തെ താഴും പൂട്ടും നിലത്തു വീണ് വാതിൽ തുറന്ന് രാമു രാജാവിനെ കാണാൻ ഓടി!
അന്നേരം, മറ്റുള്ളവർ അവരുടെ കൈപ്പിടിയിൽ പിടിക്കാതെ പറഞ്ഞു -"രാമുവിൻ്റെ മുറിക്കു മാത്രമേ അത്തരം താഴിൻ്റെ ഭാഗ്യം ഉണ്ടായുള്ളൂ"
രാജാവ് രാമുവിനെയും കൂട്ടി മടങ്ങിയെത്തിയത് അതു കേട്ടുകൊണ്ടായിരുന്നു. രാജാവ് പറഞ്ഞു- "ഇതിൽ ഭാഗ്യം ഒന്നുമില്ല. അഞ്ചു പേരുടെയും താഴുകൾ ഒരേ പോലെ ഉണ്ടാക്കിയതാണ്. നിങ്ങൾ നാലു പേർക്കും പ്രത്യാശ ഇല്ലാതെ നിരാശ കൊണ്ട് ശ്രമിച്ചില്ല എന്നു മാത്രം"
അവർ ലജ്ജിച്ചു തലതാഴ്ത്തി.
ആശയം : കഠിന പരിശ്രമത്താൽ വിജയിക്കുന്നവരെ ഭാഗ്യം തുണച്ചു എന്നു പറയുന്ന പ്രവണത ഇപ്പോഴും നമുക്കു ചുറ്റും കാണാനാകും. അതീവ ജാഗ്രതയോടെ പരിശ്രമിച്ചു കൊണ്ടിരിക്കുക!
Written by Binoy Thomas, Malayalam eBooks-1055 - Katha Sarith Sagaram - 22 , PDF -https://drive.google.com/file/d/1EymjAKTMOjV9SoAE_uS01U9PmlpB08p1/view?usp=drivesdk
Comments