(1047) രണ്ട് കൂട്ടുകാർ!

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്  രാമുവും ചീരനും സഹപാഠികളായി വിദ്യാലയത്തിൽ പഠിച്ചിരുന്ന കാലം. രാമു പഠനത്തിൽ മിടുക്കനായിരുന്നു. ചീരൻ ഒന്നും പഠിക്കില്ലായിരുന്നെങ്കിലും എല്ലാത്തിനും കുറുക്കുവഴികൾ തേടാനുള്ള കഴിവുണ്ട്.

വലുതായപ്പോൾ രാമു ഒരു പണ്ഡിതനായിത്തീർന്നു. എന്നാൽ, ആളുകൾക്ക് അറിവ് പകർന്നു കൊടുക്കാൻ ഉൽസാഹം കാട്ടിയെങ്കിലും അതിനുള്ള പാരിതോഷികമോ പണമോ യാതൊന്നും വാങ്ങാറില്ല.

പക്ഷേ, ചീരൻ പണം പലിശയ്ക്കു കൊടുക്കുന്ന രീതി ചെറിയ രീതിയിൽ തുടങ്ങി ക്രമേണ ആ ദേശത്തെ മുതലാളിയായി തീർന്നു. അതോടൊപ്പം അഹങ്കാരവും പൊങ്ങച്ചവും കൂടി അയാളിൽ വന്നു. എങ്കിലും, പണ്ഡിതനുമായുള്ള ചങ്ങാത്തം തുടർന്നു.

പല പ്രാവശ്യമായി ചീരൻ, ചങ്ങാതിയോടു പറയുന്ന കാര്യമുണ്ട് - "നീ പണ്ഡിതനെന്ന് പറഞ്ഞിട്ട് എന്താ കാര്യം? നിനക്ക് എപ്പോഴും ദാരിദ്ര്യമാണ്. അതുകൊണ്ട് നിൻ്റെ സേവനത്തിന് നല്ല കൂലിയും വാങ്ങണം"

എന്നാൽ, പണ്ഡിതൻ തൻ്റെ ശൈലി മാറ്റാനും തയ്യാറല്ലായിരുന്നു. കുറെ കാലം കഴിഞ്ഞപ്പോൾ വസൂരി അയൽദേശമായ കോസലപുരത്ത് പടർന്നുപിടിച്ചു. ആ മഹാമാരിയെ പേടിച്ച് സിൽബാരിപുരത്തെ ആളുകൾ ദൂരദേശമായ കുശാനപുരത്തേക്ക് ഒഴിഞ്ഞു പോകാൻ തുടങ്ങി.

ചീരൻ ഭാണ്ഡക്കെട്ടിൽ പണം നിറച്ച് പണ്ഡിതനൊപ്പം നാടുവിട്ടു. അതേസമയം, പണ്ഡിതന് പണം യാതൊന്നുമില്ലായിരുന്നു.

ചീരൻ പറഞ്ഞു- "കുശാനപുരത്ത് എത്തുമ്പോൾ എൻ്റെ പണം കൊണ്ട് ഒരു പലചരക്ക് കച്ചവടം തുടങ്ങാൻ പോകുകയാണ്. നിൻ്റെ പാണ്ഡിത്യം കൊണ്ടു യാതൊരു കാര്യവുമില്ല. എൻ്റെ കടയിലെ ജോലിക്ക് സഹായി ആയിട്ട് നിൽക്കാം"

പണ്ഡിതൻ മറുപടിയൊന്നും പറഞ്ഞില്ല. അവർ നടന്ന് വിജനമായ ഒരു വഴിയിൽ എത്തിയപ്പോൾ മാരകായുധങ്ങളുമായി കൊള്ളക്കാർ അവരെ വളഞ്ഞു!

ചീരനെ മർദ്ദിച്ച് പണവുമായി അവർ പോയി. അയാൾ വാവിട്ട് നിലവിളിച്ചു. അന്നേരം, പണ്ഡിതൻ അവനെ ആശ്വസിപ്പിച്ചു - "സാരമില്ല, സമ്പാദ്യം എൻ്റെ തലയിൽ ആയതിനാൽ കള്ളന്മാർക്ക് എടുക്കാനായില്ല. അറിവ് പ്രയോജനപ്പെടുന്ന എന്തെങ്കിലും ജോലി കൊട്ടാരത്തിൽ കിട്ടുമോ എന്ന് നോക്കണം''

അവർ കൊട്ടാരത്തിലെത്തിയപ്പോൾ കൊട്ടാര സദസ്സിൽ തർക്കശാസ്ത്ര വിദഗ്ദ്ധന്മാരുടെ വാഗ്വാദം നടക്കുകയാണ്. ഉത്തരം മുട്ടി നിന്ന സമയത്ത് പണ്ഡിതൻ തൻ്റെ വാദഗതി അവതരിപ്പിച്ചു. രാജാവ്, അതിൽ സന്തോഷിച്ച് കൊട്ടാര പണ്ഡിതന്മാരുടെ ഗണത്തിലേക്ക് രാമുവിനെയും ചേർത്തു! രാമുവിൻ്റെ ആശ്രിതനായി ജീവിതകാലം മുഴുവനും ചീരൻ കഴിച്ചുകൂട്ടി!

ആശയം: അറിവ് ആർക്കും മോഷ്ടിക്കാൻ പറ്റാത്ത സമ്പത്താണ്. പ്രായോഗിക തലത്തിൽ എവിടെയും എപ്പോഴും പ്രയോജനപ്പെട്ടേക്കാം.

Malayalam eBooks-1047-കഥാസരിത് സാഗരം - 19, PDF -https://drive.google.com/file/d/1WxER0EgN_6NTd0v0hK5eXmBChn9e0yQ_/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍