(1003) വഴിയിലെ കല്ല്!

 സിൽബാരിപുരം ദേശം ഭരിച്ചിരുന്നത് വീരവർമ്മൻ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന് നീതിയും ന്യായവും സത്യവുമെല്ലാം രാജ്യത്ത് നടക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.

ഒരിക്കൽ, കൊട്ടാരത്തിൽ ധാന്യപ്പുരയുടെ കാര്യങ്ങൾ നോക്കാനായി ഒരാളെ ജോലിക്ക് എടുക്കാനായി രാജാവ് തീരുമാനിച്ചു.

സാധാരണയായി ധാന്യശേഖരം യഥാസമയം ബുദ്ധിപൂർവ്വം മുൻഗണന നോക്കി കൊടുക്കാതിരുന്നതിനാൽ ധാന്യങ്ങൾ പൂപ്പൽ പിടിച്ചും ചെള്ളു കയറിയും പോകാറുണ്ട്. അതിനാൽ പാവങ്ങളോട് ആത്മാർഥത ഉള്ളവനു മാത്രമേ ഈ ജോലി കാര്യക്ഷമമായി ചെയ്യാനാവൂ.

അതിനായി രാജാവ് ഒരു സൂത്രം കണ്ടുപിടിച്ചു. അടുത്ത ദിവസം, അതിരാവിലെ വലിയൊരു കല്ല് പ്രധാന പാതയുടെ നടുക്ക് വയ്ക്കാൻ ഏതാനും ഭടന്മാരോട് രാജാവ് രഹസ്യമായി കൽപ്പിച്ചു.

എന്നിട്ട്, രാജാവ് കാൽനടക്കാരെ രഹസ്യമായി നിരീക്ഷിച്ചു. ചിലർ കാണാത്ത മട്ടിൽ മാറി നടന്നു. വേറെ ചിലർ കല്ലിനെ ശപിച്ചിട്ടു പോയി. മറ്റുള്ളവർ കൊട്ടാര ജോലിക്കാരെ പഴിച്ചു. കരുത്തരായ യുവാക്കൾ കല്ലിനു മീതെ ചാടി ചിരിച്ചു കൊണ്ടു പോയി. ഒരുവൻ കല്ലിനു മുകളിൽ നിന്ന് പാട്ടുപാടി.

അങ്ങനെ, ഏതാനും മണിക്കൂറുകൾ കടന്നുപോയി. ഒരു യുവാവ് അതുവഴി വന്നപ്പോൾ അവൻ്റെ ചുമട് താഴെ വച്ചതിനു ശേഷം, ഭാരമേറിയ കല്ല് കുറെ സമയമെടുത്ത് ഉരുട്ടി മാറ്റി പാതയോരത്ത് നീക്കിയിട്ടു. അവൻ പോകാനായി നോക്കിയപ്പോൾ ഒരു കിഴി കല്ലിനടിയിൽ നേരത്തേ കിടന്നത് കണ്ടു!

അതിനുള്ളിൽ പത്തു സ്വർണ്ണനാണയങ്ങൾ! അതിലൊരു കുറിപ്പുമുണ്ടായിരുന്നു - "നിൻ്റെ അധ്വാനത്തിനുള്ള കൂലിയാണിത്. നിൻ്റെ ആത്മാർഥതയെ മാനിച്ച് കൊട്ടാരത്തിലേക്ക് വന്ന് എന്നെ കാണുക -വീരവർമ്മൻ രാജാവ്"

യുവാവ് സന്തോഷത്തോടെ ആ ജോലി സ്വീകരിക്കുകയും ചെയ്തു.

ആശയം: നിങ്ങളിലെ ആത്മാർഥതയും സത്യസന്ധതയും രാജാവിനെപ്പോലെ അളക്കുന്നതിന് ദൈവത്തിന് നിഗൂഢമായ അനേകം പദ്ധതികൾ ഉണ്ട്. അന്യർക്കു നിസ്വാർഥമായ സേവനം ചെയ്യുമ്പോൾ പല വലിപ്പത്തിലുള്ള കല്ലുകളും നിങ്ങളുടെ മുന്നിലെത്താം. അവയെ പറ്റുന്ന പോലെ ഉരുട്ടിമാറ്റി ദൈവ സമ്മാനം നേടുക!

Written by Binoy Thomas, Malayalam eBooks-1003- കഥാസരിത് സാഗരം കഥകൾ -15, PDF-https://drive.google.com/file/d/1mAPbur0KmRwiGdHNR_iOst0S4ZlmnYCC/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍