(997) അതിഥിയെ തിന്ന സിംഹം!
സിൽബാരിപുരം കാട്ടിൽ ഒരു സിംഹം രാജാവായി കഴിയുകയാണ്. സിംഹത്തെ വേട്ടയാടാൻ സഹായിക്കുന്ന ചെറിയ ജോലികൾ ചെയ്യുന്നത് കടുവയും കാക്കയും ഒരു കുറുക്കനും ചേർന്നായിരുന്നു.
അവർ മടിയന്മാരായിരുന്നു. ചുളുവിൽ സിംഹം മിച്ചം വയ്ക്കുന്ന മാംസമെല്ലാം തിന്ന് സുഖമായി കഴിഞ്ഞു. ഒരിക്കൽ, എവിടെ നിന്നോ ഒരു ഒട്ടകം അലഞ്ഞു തിരിഞ്ഞ് സിംഹത്തിൻ്റെ ഗുഹയുടെ മുന്നിലെത്തി.
സിംഹം ചാടി വീഴാൻ ശിങ്കിടികൾ പറഞ്ഞെങ്കിലും സിംഹം പറഞ്ഞു -"മരുഭൂമിയിലെ അവന് ഇവിടം പരിചയമില്ല. എൻ്റെ അതിഥിയായി പരിഗണിച്ച് എൻ്റെ കൂടെ ഗുഹയിൽ കഴിയട്ടെ"
മറ്റുള്ള മൂവരും ഒട്ടകത്തിൻ്റെ ഇറച്ചി ഇതുവരെ തിന്നിട്ടില്ലായിരുന്നു. അതുകൊണ്ട് ഒട്ടകത്തിനെ സിംഹം കൊല്ലുന്ന അവസരത്തിനായി അവർ കാത്തിരുന്നു.
ഒരു ദിവസം, ആനയുടെ ചവിട്ടേറ്റ് സിംഹത്തിനു പരിക്കേറ്റു. അവരോട് മാംസം കൊണ്ടുവരാൻ പറഞ്ഞെങ്കിലും കുറെ വർഷങ്ങളായി വേട്ടയാടാൻ പോകാത്തതിനാൽ കടുവയും കുറുക്കനും കാക്കയും കാട്ടിലൂടെ കറങ്ങിയിട്ടും ഒന്നും കിട്ടിയില്ല.
അന്നേരം, സൂത്രക്കാരനായ കുറുക്കൻ ഒരു പദ്ധതി ആസൂത്രണം ചെയ്തു. അതിൻപ്രകാരം, കടുവ സിംഹത്തോടു പറഞ്ഞു - "രാജാവേ എന്നെ അങ്ങ് തിന്നുകൊള്ളുക"
ഉടൻ, കുറുക്കൻ പറഞ്ഞു -"അല്ല, എന്നെ തിന്നുകൊള്ളൂ"
അപ്പോൾ, കാക്ക പറഞ്ഞു -"എന്നെ തിന്നുക"
അതുകേട്ടപ്പോൾ ഒട്ടകവും സിംഹത്തോടു പറഞ്ഞു -"എന്നെ തിന്നു കൊള്ളുക"
അന്നേരം, സിംഹം ഒട്ടകത്തിനു മേൽ ചാടി വീണു! എല്ലാവരും കൂടി അതൊരു സദ്യയാക്കി മാറ്റി!
ഗുണപാഠം - കൂട്ടത്തിൽ ഒരു ചതിയൻ ഉണ്ടെങ്കിലും ആ സൗഹൃദം ഉപേക്ഷിച്ചു ദൂരെ പോകണം.
Written by Binoy Thomas, Malayalam eBooks-997- Panchatantra-39, PDF-https://drive.google.com/file/d/1ExhQ_sp9U2FpyDeAaxHQPZHFr_D7NgEO/view?usp=drivesdk