(994) മുയൽ രാജാവ്!

 സിൽബാരിപുരം കാട്ടിലെ രാജാവായ സിംഹം ക്രൂരനായ ഒരുവനായിരുന്നു. എല്ലാ ദിവസവും ഓരോ മൃഗത്തെ കൊന്നിട്ട് ഒരു നേരം മാത്രം ആ മാംസം കഴിക്കും. പിന്നെ വേറെ മൃഗത്തെ പിടിക്കും.

കാട്ടിലെ മൃഗങ്ങളെല്ലാം വല്ലാതെ വിഷമിച്ചു. അവരെല്ലാം ഒത്തുകൂടി ആലോചിച്ചപ്പോൾ ഒടുവിൽ ഒരു തീരുമാനത്തിലെത്തി. ഓരോ മൃഗവും ഓരോ ദിവസവും സിംഹത്തിൻ്റെ മടയിൽ ചെന്ന് ആഹാരമായിത്തീരുക! അങ്ങനെയെങ്കിൽ ഒന്നിലധികം മൃഗങ്ങളുടെ ജീവൻ ഒരു ദിവസം തന്നെ നഷ്ടപ്പെടില്ലല്ലോ.

അവരെല്ലാം കൂടി സിംഹത്തിൻ്റെ ഗുഹയുടെ മുന്നിലെത്തി കാര്യം പറഞ്ഞു. സിംഹത്തിന് വലിയ സന്തോഷമായി. കാരണം ഇര തേടി നടക്കേണ്ടതില്ല!

മൃഗങ്ങൾ ഓരോ ദിവസവും ഇങ്ങനെ ചെന്നു കൊണ്ടിരുന്നു. ഒടുവിൽ ഒരു മുയലിൻ്റെ ഊഴമായി. അവൻ ചെറുതെങ്കിലും ബുദ്ധിമാനായിരുന്നു. സിംഹത്തിൻ്റെ അടുക്കലേക്കു പോകുമ്പോൾ എങ്ങനെ ഇതിൽ നിന്നും രക്ഷപെടാമെന്നായിരുന്നു അവൻ്റെ ചിന്ത.

മുയൽ കുറച്ചു താമസിച്ച് പതിയെ ഗുഹയിലേക്കു നടന്നു. അന്നേരം സിംഹം അലറി - ''മറ്റുള്ള മൃഗങ്ങളെല്ലാം നേരത്തേ ഇവിടെ വരും. പക്ഷേ, നീ എന്താണു വൈകിയത്?"

മുയൽ പറഞ്ഞു -"രാജാവേ, ഞാൻ നേരത്തേ ഇങ്ങോട്ടു പോന്നതാണ്. എന്നാൽ ഭൂമിക്കടിയിലെ ഗുഹയിൽ താമസിക്കുന്ന സിംഹം എന്നെ തടഞ്ഞുവച്ചതാണ്. അവൻ പറയുന്നത് ഈ കാട്ടിലെ ഏറ്റവും ശക്തൻ അവനാണെന്നാണ്!"

സിംഹം ചാടിയെണീറ്റ് കോപം കൊണ്ട് ജ്വലിച്ചു - "അവനെ എനിക്ക് നീ കാണിച്ചു തരിക. അതിവേഗമുള്ള ചാടിയുള്ള ആക്രമണത്തിൽ ഒരുവനും ജീവനോടെ പിന്നെ ഉണ്ടാകില്ല"

അവർ രണ്ടാളും ഒരു കിണറിനു സമീപത്തേക്കു നടന്നു. കാട്ടിലെ ആഴമുള്ള ആ കിണറിൽ വെള്ളം കിടപ്പുണ്ടായിരുന്നു. അതിലേക്കു നോക്കിയ സിംഹം സ്വന്തം നിഴൽ കണ്ടപ്പോൾ കൂടുതൽ ആലോചിക്കാതെ അലറിക്കൊണ്ട് താഴേക്കു ചാടി! എന്നാൽ പാറക്കെട്ടിൽ തലയടിച്ച് അവൻ്റെ ജീവൻ പോയി!

കാടിനെ ആപത്തിൽ നിന്നും രക്ഷിച്ച മുയലിനെ എല്ലാവരും കൂടി രാജാവായി വാഴിച്ചു!

ആശയം- വലിപ്പത്തിൽ ചെറുതെങ്കിലും ബുദ്ധിയിൽ കേമനെങ്കിൽ വിജയം നേടാം.

Written by Binoy Thomas, Malayalam eBooks-994- Panchatantra story - 36, PDF -https://drive.google.com/file/d/1EL9zfyVVPjfC0aeSiDHjHhzF81oL6tzq/view?usp=drivesdk

Comments