(990) ചെട്ടിയാരുടെ സ്വർണ്ണക്കട്ടി!

 പണ്ടൊരിക്കൽ, സിൽബാരിപുരം ദേശത്ത് ഒരു വ്യാപാരിയായ ചെട്ടിയാർ ജീവിച്ചിരുന്നു. അയാൾ നല്ലവണ്ണം കച്ചവടം നടത്തി മാന്യമായി ജീവിച്ചു പോന്നു.

എന്നാൽ, കുറെ കാലം മുന്നോട്ടു പോയപ്പോൾ കച്ചവടമെല്ലാം പൊളിഞ്ഞു. അയാൾ ദാരിദ്ര്യത്തിലായി. എങ്കിലും പ്രാർഥനകളും ഈശ്വരപൂജയും ഒന്നും മുടക്കിയില്ല. 

ഒരു ദിവസം ഉറക്കത്തിനിടയിൽ ചെട്ടിയാർ സ്വപ്നം കണ്ടു. ഒരു സന്യാസി അയാൾക്കു പ്രത്യക്ഷപ്പെട്ടിട്ട് ഇങ്ങനെ പറഞ്ഞു -"ദാരിദ്ര്യത്തിനിടയിലും നിൻ്റെ കൃത്യനിഷ്ഠയും ദൈവ വിശ്വാസവും എനിക്കു വളരെ ഇഷ്ടമായിരിക്കുന്നു. നാളെ ഒരു സന്യാസി നിൻ്റെ വീട്ടിൽ വരും. അയാളെ തലയ്ക്കടിച്ചാൽ തുല്യ അളവിലുള്ള സ്വർണ്ണക്കട്ടിയായി മാറും"

അടുത്ത ദിവസം, ചെട്ടിയാരുടെ താടിയും മുടിയും വെട്ടിയൊതുക്കാനായി ക്ഷുരകൻ അങ്ങോട്ടു വന്നു. എന്നാൽ, അതിനു പിറകേ സന്യാസിയും കയറി വന്നു. ക്ഷുരകൻ വന്ന കാര്യം ഒന്നും ഓർക്കാതെ കയ്യിലുള്ള ഉലക്കയെടുത്ത് സന്യാസിയുടെ തലയിൽ അടിച്ചു. അയാൾ സ്വർണ്ണ കട്ടിയായി മാറിയ കാഴ്ച കണ്ട് ക്ഷുരകനും അത്ഭുതമായി!

സ്വർണക്കട്ടി ചെട്ടിയാർ വീടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചു. ക്ഷുരകന് കുറെ പണം കൊടുത്ത് ഈ വിവരം ആരോടും പറയരുത് എന്നുറപ്പാക്കി.

എന്നാൽ, ക്ഷുരകന് ഉറക്കം നഷ്ടപ്പെട്ടു. തനിക്കും ഇങ്ങനെ പണക്കാരനാകാമെന്ന് വിചാരിച്ച് അയാൾ ഒരു സന്യാസിയെ വീട്ടിലേക്കു ക്ഷണിച്ച് ഉലക്കയെടുത്ത് അടിച്ചു കൊന്നു! പക്ഷേ, സ്വർണ്ണക്കട്ടിയായി സന്യാസി മാറിയില്ല!

കൊലക്കുറ്റത്തിന് ന്യായാധിപൻ ക്ഷുരകനെ വിചാരണ ചെയ്തപ്പോൾ ചെട്ടിയാരിൽ നിന്നും പ്രചോദനമായ കാര്യം പറഞ്ഞു. എന്നാൽ, ചെട്ടിയാർ വന്ന് കാര്യം ബോധിപ്പിച്ചപ്പോൾ ന്യായാധിപൻ ചെട്ടിയാരെ വെറുതെ വിടുകയും ചെയ്തു!

ആശയം - സത്കർമ്മങ്ങൾ അനുഗ്രഹങ്ങളായി മാറും. ആ നേട്ടങ്ങൾ കുറുക്കുവഴിയിലൂടെ നേടാൻ ആഗ്രഹിക്കരുത്!

Written by Binoy Thomas, Malayalam eBooks-990 - Panchatantra - 32, PDF-https://drive.google.com/file/d/1JkVLd6zNMGSuROGDzQqGSmgo_VhsYCjP/view?usp=drivesdk

Comments