സിൽബാരിപുരം രാജ്യത്തിലെ ഒരു തടാകത്തിൽ ഒരു മുതലക്കുടുംബം താമസിച്ചിരുന്നു. തടാകത്തിൻ്റെ കിഴക്കുവശത്തു ചേർന്ന് വലിയൊരു അത്തിമരം നിൽപ്പുണ്ട്. അതിൽ ചാടി മറിഞ്ഞ് ഒരു കുരങ്ങനും ഉണ്ടായിരുന്നു.
ഒരു ദിവസം മുതല നീന്തി പോകുന്നതു കണ്ടപ്പോൾ അത്തിപ്പഴം പറിച്ച് കുരങ്ങൻ മുതലയ്ക്ക് ഇട്ടു കൊടുത്തു. അന്നുമുതൽ അവർ ചങ്ങാതികളായി. അതിനിടയിൽ മുതലച്ചിക്കുള്ള അത്തിപ്പഴങ്ങളും കുരങ്ങൻ അത്തിമരം കുലുക്കി കൊടുക്കുമായിരുന്നു.
അതെല്ലാം മുതലമടയിൽ ഇരുന്ന് തിന്നുമ്പോൾ മുതലച്ചിക്ക് ഒരാഗ്രഹം ഉദിച്ചു - "കുരങ്ങിൻ്റെ ഇറച്ചി ഞാൻ ഇതുവരെ തിന്നിട്ടില്ല. ഏറെ സ്വാദാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അവനെ സൂത്രത്തിൽ വിളിച്ചു കൊണ്ടുവന്നാൽ അവൻ്റെ ഹൃദയം തിന്നാൻ എനിക്കു കൊതിയായി "
ഉടൻ, മുതലച്ചൻ പറഞ്ഞു -"എന്തു പറഞ്ഞാണു ഇവിടെ കൊണ്ടുവരിക?"
മുതലച്ചി : "ഞാൻ രോഗിയാണ്. ചങ്ങാതിയായ കുരങ്ങനെ കാണണം എന്നു പറഞ്ഞാൽ മതി"
അതിൻപ്രകാരം കുരങ്ങൻ്റെ പക്കൽ മുതല എത്തിച്ചേർന്നു. തടാകത്തിൻ്റെ തെക്കു വശത്തുള്ള മുതലമടയിലേക്ക് മുതലച്ചൻ്റെ പുറത്തിരുന്ന് കുരങ്ങൻ തടാകത്തിലൂടെ യാത്ര തുടങ്ങി.
തടാകത്തിൻ്റെ നടുവിലായ സമയത്ത് മുതലച്ചൻ പറഞ്ഞു -"എടാ കുരങ്ങാ നിൻ്റെ ഹൃദയം തിന്നണമെന്ന് ഭാര്യയ്ക്ക് ഒരു കൊതി!"
ഉടൻ, കുരങ്ങൻ ചിരിച്ചു കൊണ്ട് പറഞ്ഞു -"എൻ്റെ ചങ്ങാതീ നിന്നെ സഹായിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ, എൻ്റെ ഹൃദയം മരപ്പൊത്തിലാണു ഞാൻ സൂക്ഷിക്കാറുള്ളത്. വേഗം തിരികെ ചെന്ന് നമുക്ക് എടുക്കണം"
മുതലച്ചൻ തിരികെ നീന്തി അത്തിമരത്തിനു സമീപമെത്തി. കുരങ്ങൻ കരയിലേക്കു ചാടി മരത്തിൽ കയറി - "എടാ, ദുഷ്ടാ, ഇത്രയും അത്തിപ്പഴം തിന്നതിൻ്റെ നന്ദിയും കടപ്പാടും മറന്ന നീയും നിൻ്റെ ഭാര്യയും നികൃഷ്ട ജീവികളാണ്. മേലിൽ ഈ പരിസരത്തു വന്നേക്കരുത്!"
ഗുണപാഠം- എപ്പോഴെങ്കിലും ഉപകാരം ചെയ്ത ചങ്ങാതിയെ ചതിക്കുന്നത് ദുഷ്ടന്മാരുടെ ചെയ്തിയാണ്.
Written by Binoy Thomas, Malayalam eBooks-981- Panchatantra Stories - 23- PDF-https://drive.google.com/file/d/1uINUvs0nBw_8DzTjQHhwqrBeRXEGVjwk/view?usp=drivesdk
Comments