പണ്ടു പണ്ട്, സിൽബാരിപുരം രാജ്യത്ത് ഒരു പ്രഭു ജീവിച്ചിരുന്നു. അയാൾക്ക് സുന്ദരിയായ മകൾ ഉണ്ടായിരുന്നു. ഒരിക്കൽ, പ്രഭുവിൻ്റെ മകളെ ഒരു രാക്ഷസൻ കണ്ടു. പിന്നീട്, കുമാരിയെ തട്ടിക്കൊണ്ടു പോകണമെന്ന് രാക്ഷസൻ ഉറപ്പിച്ച് അതിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു.
പക്ഷേ, പകൽ സമയത്ത് രാക്ഷസൻ്റെ രൂപം കണ്ട് എല്ലാവരും പേടിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു. അപ്പോഴാണ് അവിടത്തെ കുതിരലായത്തിലെ ഒരു കുതിരയായി രാക്ഷസൻ വേഷം മാറിയത്.
അന്നു രാത്രിയിൽ, കുതിരലായത്തിൽ ഒരു കള്ളനെത്തിയത് രാക്ഷസൻ കണ്ടില്ല. എന്നാൽ, ലക്ഷണമൊത്ത കുതിരയെ മോഷ്ടിക്കാനായിരുന്നു കള്ളൻ ആലോചിച്ചത്. അവൻ അതിനായി രാക്ഷസക്കുതിരയുടെ മുന്നിലെത്തി!
പ്രഭുവിനെ ഇതുവരെയും കണ്ടിട്ടില്ലാത്ത രാക്ഷസൻ കരുതിയത് അത് പ്രഭുവാണെന്നാണ്. അതിനാൽ, ആ കുതിര അനങ്ങാതെ നിന്നു. ഉടൻ, കള്ളൻ ആ കുതിരയെ വെളിയിലേക്കു നടത്തിയ ശേഷം കുതിരപ്പുറത്ത് ചാടിക്കയറി!
അന്നേരം, രാക്ഷസൻ പിറുപിറുത്തു - "എൻ്റെ മിന്നൽവേഗം ഈ പ്രഭു അറിയുമ്പോൾ മകളെ എനിക്കുതന്നെ വിവാഹം ചെയ്തു തരും! അതിനായി ഈ ലോകം മുഴുവനും ഒന്നു ചുറ്റിവരാം!"
രാക്ഷസക്കുതിരയ്ക്ക് അപാരമായ വേഗമായിരുന്നു. അതു കണ്ടപ്പോൾ കള്ളന് എന്തോ പന്തികേട് തോന്നി. പക്ഷേ, എങ്ങനെ രക്ഷപ്പെടും എന്നായി അവൻ്റെ പേടി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൻ കുതിരപ്പുറത്തു നിന്നും ഉയർന്നുചാടി ഒരു മരക്കൊമ്പിൽ തൂങ്ങിക്കിടന്നു. രാക്ഷസക്കുതിര തൻ്റെ മിന്നൽ വേഗത്തിൽ അത് അറിഞ്ഞതുമില്ല!
Written by Binoy Thomas, Malayalam eBooks-976- Panchatantra stories - 18, PDF -https://drive.google.com/file/d/1I6pQcvIu4ErLZGChksxZqw_7jzXm7EoR/view?usp=drivesdk
Comments