സിൽബാരിപുരം വനത്തിൽ മനോഹരമായ പൂക്കൾ ഉള്ള ഒരു മരത്തിലായിരുന്നു കുരുവിയുടെ കുടുംബം കഴിഞ്ഞത്. ആ മരത്തിനു സമീപമായി ഒരു മരംകൊത്തിയും ഈച്ചകളും പിന്നെ ഒരു തവളയും ഉണ്ടായിരുന്നു. അവരെല്ലാം നല്ല ചങ്ങാതിമാരായിരുന്നു.
ഒരിക്കൽ, കുരുവികൾക്ക് കൂട്ടിൽ മുട്ടകളായി. വിരിയുന്നതും കാത്ത് അവർ ഇരിക്കുന്ന സമയം. ഒരു ദിവസം കൊമ്പനാന ആ മരത്തിനു കീഴെ വന്നു.
ആനയുടെ ചൊറിച്ചിൽ മാറ്റാനായി അവൻ കുരുവിക്കൂടുള്ള മരത്തിൽ ഉരയ്ക്കാൻ തുടങ്ങി. അന്നേരം മുട്ടകൾ താഴെ വീണ് പൊട്ടുമെന്ന് പേടിച്ച് കുരുവികൾ പറഞ്ഞു -"ഞങ്ങളുടെ കൂട്ടിൽ മുട്ടകൾ വിരിയാറായി. വേറെ മരത്തിൽ പോയി ദേഹം ചൊറിയാമല്ലോ"
അതുകേട്ട് ആനയ്ക്ക് ദേഷ്യം ഇരച്ചുകയറി. അവൻ മരത്തിൽ ശക്തിയായി കൊമ്പു കൊണ്ട് കുത്തിയപ്പോൾ മുട്ടകളെല്ലാം താഴെ വീണു നശിച്ചു!
കുരുവികൾ വേദനയോടെ അതു കണ്ടു നിന്നു. കാട്ടാനയുടെ ദുഷ്ട പ്രവൃത്തിയേക്കുറിച്ച് കൂട്ടുകാരായ ഈച്ചകളോടും മരംകൊത്തിയോടും തവളയോടും ചർച്ച ചെയ്തു. ഒടുവിൽ അവർ ഒരു പദ്ധതി രൂപീകരിച്ചു.
ആന ഉറങ്ങുന്ന സമയത്ത് മരംകൊത്തി കണ്ണുകൾ രണ്ടും കൊക്കു കൊണ്ട് ആഞ്ഞു കൊത്തി. ആനയുടെ മുറിഞ്ഞ കണ്ണുകളിൽ ഈച്ചകൾ മുട്ടയിട്ടപ്പോൾ കണ്ണുകൾ വൃണമായി മാറി.
തുടർന്ന്, ആനയ്ക്ക് കണ്ണുകാണാൻ പറ്റാതായപ്പോൾ തിന്നാനും കുടിക്കാനും പ്രയാസമായി. അടുത്ത ദിവസം കുടിവെള്ളം തേടി ആന തപ്പിത്തടഞ്ഞ് നടന്ന നേരത്ത് വലിയ ചതുപ്പിൻ്റെ വക്കത്തിരുന്ന് തവള 'പോക്രോം' ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
അതുകേട്ട്, കുളമാണെന്ന് കരുതി ആന ചതുപ്പിലേക്കു ചാടിയിറങ്ങി. ആ കാട്ടുകൊമ്പന് അതിൽ നിന്നും തിരിച്ചു കയറാനാവാതെ ആഴങ്ങളിലേക്കു പോയി!
ഗുണപാഠം- ദുർബലരായ ആളുകളെ പണവും പ്രതാപവും അധികാരവും ഉപയോഗിച്ച് ഞെരുക്കാൻ നോക്കരുത്. ചിലപ്പോൾ ചെറിയവരുടെ ശക്തി മറ്റുള്ളവർക്ക് അളക്കാൻ കഴിഞ്ഞെന്നു വരില്ല!
Written by Binoy Thomas, Malayalam eBooks-975- പഞ്ചതന്ത്രം കഥകൾ - 17, PDF-https://drive.google.com/file/d/1yFWKHu0fb-OiUsx7q-CoLOfnrxBsirWa/view?usp=drivesdk
Comments