സിൽബാരിപുരം ദേശത്ത് കാടിനുള്ളിലെ ഒരു കുളമായിരുന്നു അത്. അവിടെ രണ്ട് അരയന്നങ്ങളും ഒരു ആമയും ചങ്ങാതിമാരായി കഴിഞ്ഞിരുന്ന കാലം.
പുറം ലോകത്തെ കാര്യങ്ങളൊക്കെ ആമ അറിഞ്ഞിരുന്നത് അരയന്നങ്ങൾ പറഞ്ഞിട്ടായിരുന്നു. അവർ പറന്നു നടക്കുന്ന നാട്ടിലെ വിശേഷങ്ങൾ ആമയോടു വിസ്തരിക്കുകയും ചെയ്യും.
ഒരു ദിവസം - വരാൻ പോകുന്ന വരൾച്ചയെ കുറിച്ചായിരുന്നു അവരുടെ സംസാരം. അരയന്നങ്ങൾ പറഞ്ഞു -"ഞങ്ങൾ പോയ സ്ഥലങ്ങളിലെല്ലാം വല്ലാത്ത ജലക്ഷാമമാണ്. ഈ കുളത്തിലെയും വെള്ളം കുറയുകയാണ്. നീ എവിടെ പോകും?"
ആമ ചോദിച്ചു - "നിങ്ങൾ എവിടെയെങ്കിലും വറ്റാത്ത വെള്ളമുള്ള സ്ഥലം കണ്ടോ?"
അരയന്നങ്ങൾ: "ഞങ്ങൾ കണ്ടത് ഒരു പുഴയാണ്. അത് ജല സമൃദ്ധമാണ്. പക്ഷേ, ജനത്തിരക്കുള്ള സ്ഥലം കഴിഞ്ഞു വേണം പോകാൻ. നിനക്ക് ജീവൻ പോലും നഷ്ടപ്പെടും"
രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അരയന്നങ്ങൾ ഒരു സൂത്രം കണ്ടു പിടിച്ചു. "ഞങ്ങൾ രണ്ടു പേരും ഒരു ചെറിയ വടി കടിച്ചു പിടിച്ച് പറക്കാം. നീ അതിൻ്റെ നടുവിൽ കടിച്ചു തൂങ്ങിക്കിടന്നാൽ മതി"
അതിൻപ്രകാരം അവർ പറക്കാൻ തുടങ്ങി. താഴെയുള്ള കാഴ്ചകൾ കണ്ടിട്ട് ആമയ്ക്ക് അത്ഭുതമായി. അതിനിടയിൽ ഗ്രാമത്തിലെ കുട്ടികൾ വിളിച്ചു കൂവി - "ദേ...എല്ലാവരും അങ്ങോട്ടു നോക്കൂ... ഒരു ആമ പറന്നുപോകുന്നു"
ഉടൻ, ആമയ്ക്ക് അതത്ര പിടിച്ചില്ല. അവൻ പറഞ്ഞു -"എന്താടാ പിള്ളേരെ എനിക്കെന്താ പറന്നാൽ കൊള്ളില്ലേ? ആദ്യമായിട്ടാണോ നിങ്ങൾ ആമയെ കാണുന്നത്?"
പക്ഷേ, ആമ അതു പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ വായ തുറന്നു പറഞ്ഞപ്പോൾ കമ്പിൻ്റെ പിടി വിട്ട് താഴെ വീണു ചിതറി!
ഗുണപാഠം - അവസരം നോക്കി മാത്രം പ്രതികരിച്ചില്ലെങ്കിൽ കനത്ത തിരിച്ചടികൾ ആയിരിക്കും ഫലം.
Written by Binoy Thomas, Malayalam eBooks-972-Panchatantra - 15, PDF-https://drive.google.com/file/d/1bYFJo6vMUMB6EPS2vR0nZh4_7BAXHdMq/view?usp=drivesdk
Comments