പണ്ടു പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു കിളിക്കുഞ്ഞ് മുട്ട വിരിഞ്ഞ് പുറത്തു വന്നപ്പോൾ രണ്ടു തലയുമായി വിചിത്ര ജനനമായിരുന്നു അത്. അതിനാൽ മറ്റു പക്ഷികൾ ഇവനുമായി കൂട്ടു കൂടിയില്ല.
ആ പക്ഷി വളർന്നു വലുതായി. രണ്ടു തലയും ചുണ്ടും ഉള്ളതിനാൽ ഓരോ തലയ്ക്കും ഇഷ്ടമുള്ള ആഹാരം തിന്നാം. പക്ഷേ, അതെല്ലാം ഒറ്റ വയറ്റിലേക്കാണ് ചെല്ലുന്നത്.
ഒരു ദിവസം, നല്ല രുചിയുള്ള പഴം കിടക്കുന്നതു കണ്ടപ്പോൾ ഇടതു ചുണ്ട് അത് കൊത്തിയെടുത്തു. അന്നേരം വലതു തല പറഞ്ഞു -"എടാ, പകുതി എനിക്കു തരണം. വല്ലാത്ത കൊതി തോന്നുന്നു"
അപ്പോൾ, ഇടതുതല അതു നിഷേധിച്ചു - "ഞാൻ തിന്നാലും നീ തിന്നാലും ഒരേ വയറ്റിലേക്കാണല്ലോ പോകുന്നത്?"
വലതൻ ഒന്നു കൂടി പരിശ്രമിച്ചുനോക്കി - "പക്ഷേ, എൻ്റെ വായ്ക്കും രുചിയും വിശപ്പും ഉണ്ടെന്ന് നീ ഓർക്കണം"
എന്നാൽ, ഇടതൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല. അതോടെ വലതു തല വിഷാദത്തിലേക്കു പോയി. തക്ക സമയത്ത് കൂടുതൽ ആവേശത്തോടെ ഇടതൻ വലതൻ്റെ ആഹാരം കൂടി കഴിച്ചു.
അടുത്ത ദിവസം, കുറച്ചു പഴങ്ങളും കായ്കളും നിലത്തു കിടക്കുന്നതു കണ്ട് പക്ഷി അങ്ങോട്ടു പറന്നു. ഉടൻ, വലതു തലയുടെ ചുണ്ട് ഒരു കായ കടിച്ചെടുത്തു.
പെട്ടെന്ന്, ഇടതുതല അലറി - "അതു വിഷക്കായ ആണെന്ന് എനിക്ക് ഉറപ്പുണ്ട്. നീ ഒരിക്കലും തിന്നരുത്!"
അന്നേരം വലതു തല പറഞ്ഞു -"നമ്മൾ ആരു കഴിച്ചാലും ഒരേ വയറ്റിലേക്കാണു പോകുന്നത് എന്ന കാര്യം ഞാനിപ്പോഴാണ് ഓർക്കുന്നത് "
അതു പറഞ്ഞതിനൊപ്പം വാശിയോടെ വലതൻ ആ വിഷക്കായ വിഴുങ്ങി. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ആ പക്ഷി നിലത്തു വീണു പിടഞ്ഞുമരിച്ചു!
ഗുണപാഠം - മറ്റുള്ളവരോടുള്ള വാശിയും വൈരാഗ്യവും തീർക്കാൻ ശ്രമിക്കുമ്പോൾ സ്വയം നശിക്കുന്നു.
Written by Binoy Thomas, Malayalam eBooks-965- പഞ്ചതന്ത്രം പരമ്പര - 8, PDF -https://drive.google.com/file/d/1BTfURtWWSwVTBLhFq50z6uprHWyOT5ui/view?usp=drivesdk
Comments