(964) കാവൽക്കാരനായ കുരങ്ങൻ!

 സിൽബാരിപുരം ദേശത്ത് രാജ്യം ഭരിച്ചു കൊണ്ടിരുന്ന വിക്രമൻരാജാവ് ഭയം നിറഞ്ഞ മനസ്സോടെയാണ് കഴിഞ്ഞിരുന്നത്. കാരണം, മുൻകാലങ്ങളിലെ രാജാക്കന്മാർ എല്ലാവരും പലതരം ചതിയിൽ പെട്ടാണ് മരണപ്പെട്ടത്.

രാജ്യത്തിനും ഖജനാവിനും പ്രശസ്തിക്കും അധികാരത്തിനുമായി പല രാജാക്കന്മാരും സ്വന്തം കുടുംബാംഗങ്ങളെ വകവരുത്തിയിട്ടുള്ള പാരമ്പര്യമായിരുന്നു വിക്രമൻ രാജാവിൻ്റെത്.

തൻ്റെ കാവൽക്കാരായി മനുഷ്യരെ നിർത്താൻ പോലും അദ്ദേഹം സംശയിച്ചു. ഒടുവിൽ ഒരു പോം വഴി കണ്ടു പിടിച്ചു. അതിനായി താൻ ഉറങ്ങുമ്പോൾ കാവൽ നിൽക്കാനായി ഒരു ശക്തനായ കുരങ്ങിനെ പരിശീലിപ്പിച്ചു. അതിൻ്റെ കയ്യിൽ മൂർച്ചയേറിയ വാളും കൊടുത്തു.

രാജാവിനെ ആരെങ്കിലും ശല്യം ചെയ്യാനായി വന്നാൽ വാളുകൊണ്ട് വെട്ടാൻ പഠിപ്പിച്ചു. ഒരു ദിവസം രാജാവ് ഉറങ്ങുമ്പോൾ കാവലിരുന്ന കുരങ്ങൻ കണ്ടത് ഒരു കൊതുക് രാജാവിനെ ശല്യം ചെയ്യുന്നതാണ്.

കുറെ പ്രാവശ്യം കൈ കൊണ്ട് കൊതുകിനെ ഓടിക്കാൻ കുരങ്ങൻ ശ്രമിച്ചെങ്കിലും അതു പറന്നു നടന്നു. കുരങ്ങനു ദേഷ്യം ഇരച്ചുകയറി.

ഒടുവിൽ കൊതുക് രാജാവിൻ്റെ നെഞ്ചിൽ ഇരുന്ന് രക്തം കുടിക്കാൻ തുടങ്ങി. അന്നേരം, കുരങ്ങൻ സർവ്വശക്തിയുമെടുത്ത് കൊതുകിനെ വാളെടുത്ത് വെട്ടി!

രാജാവിൻ്റെ ചങ്ക് രണ്ടായി മുറിഞ്ഞ് തൽക്ഷണം അയാൾ കൊല്ലപ്പെട്ടു! കൊതുക് രക്ഷപ്പെട്ടതു കണ്ട കുരങ്ങൻ വാളുമായി കൊതുകിനു പിറകേ അതിനെ വെട്ടാനായി കൊട്ടാരം വിട്ടു!

ചിന്താവിഷയം - ബുദ്ധിശക്തിയെ പ്രകാശിപ്പിക്കുന്ന തിരിച്ചറിവും വിവേകവും അടങ്ങുന്ന ജീവിതമില്ലെങ്കിൽ ജീവിത പരാജയമായിരിക്കും ഫലം!

Written by Binoy Thomas, Malayalam eBooks-964- പഞ്ചതന്ത്രം കഥകൾ - 7, PDF-https://drive.google.com/file/d/1lOMgegv-5RvBNaPgjD6-KsyzskLE5ppV/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍