വളരെ പ്രശസ്തമായ ഈ കഥ പഞ്ചതന്ത്രത്തിലും കഥാസരിത് സാഗരത്തിലും ഈസോപ് കഥയിലും നാടോടിക്കഥകളിലും ഒക്കെ ഇഴചേർന്നിരിക്കുന്നു. കുട്ടികളുടെ പാഠപുസ്തകത്തിലും നിങ്ങൾ ഇതിനോടകം വായിച്ചു കാണും.
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു സാധുവായ നമ്പൂതിരി ജീവിച്ചിരുന്നു. ഒരിക്കൽ അയാളുടെ സുഹൃത്തിൻ്റെ വീട്ടിൽ ചെന്നപ്പോൾ സന്തോഷപൂർവ്വം അദ്ദേഹം നമ്പൂതിരിക്ക് ഒരു കുഞ്ഞാടിനെ സമ്മാനിച്ചു.
നമ്പൂതിരി ആടിനെ തോളിൽ വച്ചു കൊണ്ട് കാടിനോടു ചേർന്ന ഒറ്റയടിപ്പാതയിലൂടെ നടന്നു പോകുന്നത് മൂന്നു കള്ളന്മാരുടെ സംഘം കണ്ടു.
ആടിനെ തട്ടിയെടുക്കാനായി അവർ പദ്ധതി തയ്യാറാക്കി. അവർ മൂവരും ഓടിയകന്നു. അതിൻപ്രകാരം ഒന്നാമൻ ആ നടപ്പാതയിലൂടെ നമ്പൂതിരിയുടെ എതിരെ വന്നു. അയാൾ പൊട്ടിച്ചിരിച്ചു - "ഹേയ്! തമ്പ്രാനെ എന്തിനാണ് ഈ പട്ടിക്കുഞ്ഞിനെ ചുമക്കുന്നത്?"
എന്നാൽ, നമ്പൂതിരി അവനെ പരിഹസിച്ചു - "നിനക്കെന്താ കണ്ണിനു കാഴ്ചയില്ലേ?"
നമ്പൂതിരി കുറെ ദൂരം മുന്നോട്ടു പോയപ്പോൾ രണ്ടാമൻ എതിരെ വന്നു. "എന്താ തമ്പുരാനെ ഈ നായ്ക്കുട്ടിക്ക് നടക്കാൻ വയ്യേ?"
അന്നേരം, നമ്പൂതിരി ആശങ്കയോടെ പറഞ്ഞു -"എൻ്റെ ചങ്ങാതി നൽകിയ ആട്ടിൻകുട്ടിയാണിത്"
ഇത്തവണ നമ്പൂതിരി നടക്കുന്നതിനടയിൽ ആട്ടിൻകുട്ടിയെ സംശയത്താൽ പല പ്രാവശ്യം നോക്കിക്കൊണ്ടിരുന്നു. അല്പദൂരം കഴിഞ്ഞപ്പോൾ മൂന്നാമൻ വന്നു - "എൻ്റെ വീട്ടിൽ മോഷണശല്യമുണ്ട്. ഈ നായ്ക്കുട്ടിയെ എനിക്കു തരാമോ?"
ഉടൻ, നമ്പൂതിരി ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു. എന്നിട്ട്, ആട്ടിൻകുട്ടിയെ താഴേക്കിട്ടു!
"ഛായ്! എനിക്ക് പ്രാന്തായിപ്പോയോ? എന്തോ കുഴപ്പമുണ്ട്. അല്ലെങ്കിൽ മൂന്നു പേരു സത്യം പറഞ്ഞിട്ടും ഞാൻ മാത്രം ഇതിനെ ആടായി കാണുമോ?"
അന്നേരം, ഒളിച്ചു പിന്തുടർന്ന മൂന്നു കള്ളന്മാരും ആടുമായി സ്ഥലം വിട്ടു!
written by Binoy Thomas, Malayalam eBooks-962- Panchatantra stories - 5, PDF-https://drive.google.com/file/d/1cmRaKXK7h-FYRdpeDC9lba6CXEtK-aQA/view?usp=drivesdk
Comments