പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്ത് ധർമ്മനും അധർമ്മനും എന്നു പേരായ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. സ്വന്തം പേരുപോലെ ആദ്യത്തെ ആൾ വളരെ സത്യവാനും രണ്ടാമൻ കള്ളങ്ങൾ ഒളിപ്പിക്കുന്നവനും ആയിരുന്നു.
എന്നാൽ, അധർമ്മൻ പ്രത്യക്ഷത്തിൽ ധർമ്മനെതിരെ യാതൊന്നും ചെയ്തതുമില്ല. അവർ രണ്ടു പേരും കോസലപുരത്തു ചെന്ന് കച്ചവടം ആരംഭിച്ചു. അത് വലിയ വിജയമായി. ധാരാളം പണം നേടിയപ്പോൾ സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാമെന്ന് അധർമ്മൻ വാശിപിടിച്ചു.
കാടുപിടിച്ച ദിക്കിലൂടെ സ്വന്തം നാട്ടിലേക്കു പോരുന്ന വഴിയിൽ വച്ച് അധർമ്മൻ ഒരു കാര്യം പറഞ്ഞു -"നമ്മൾ ഈ വലിയ സമ്പത്തുമായി നാട്ടിലേക്കു ചെന്നാൽ ബന്ധുക്കളെല്ലാം വീട്ടിലെത്തി ഇതെല്ലാം മോഷ്ടിക്കുകയോ കടം ചോദിക്കുകയോ ഒക്കെ സംഭവിക്കാം. അതിനാൽ ഈ ആൽമരത്തിൻ്റെ ചുവട്ടിൽ സമ്പാദ്യം കുഴിച്ചിടാം. ഇപ്പോൾ ആവശ്യത്തിനുള്ള 20 സ്വർണ്ണ നാണയം എടുത്താൽ മതിയല്ലോ "
ഉടൻ, ധർമ്മനും സമ്മതിച്ച് അപ്രകാരം ചെയ്തു നാട്ടിൽ ചെന്നു. എന്നാൽ, അധർമ്മൻ അടുത്ത ദിവസം രാത്രിയിൽ തിരികെയെത്തി ആ സമ്പത്ത് മുഴുവനും ആരുമറിയാതെ ഒളിച്ചു കടത്തി.
അങ്ങനെ കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ധർമ്മൻ്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നു. എന്നാൽ, അധർമ്മന് തട്ടിയെടുത്ത പണം യഥേഷ്ടം ചെലവഴിക്കാൻ പറ്റി.
ധർമ്മൻ പറഞ്ഞു - "നമുക്ക് ഇന്നു തന്നെ അവിടെ ചെന്ന് സമ്പാദ്യം വീതിച്ചെടുക്കണം"
അവർ രണ്ടു പേരും കൂടി ആൽമരച്ചുവട്ടിൽ കുഴിച്ചു. കിട്ടിയത് ചെളി നിറഞ്ഞ ഒരു കിഴി മാത്രം!
ഉടൻ അധർമ്മൻ്റെ മട്ടും ഭാവവും മാറി - "നീ എന്നെ വഞ്ചിച്ചിരിക്കുന്നു. പണം തട്ടിയെടുത്ത് എന്നെ വെറുതെ വിളിച്ചു വരുത്തി ബോധിപ്പിക്കാനാണു നിൻ്റെ ശ്രമം"
തുടർന്നുള്ള ബഹളത്തിൽ ആളുകൾ അറിഞ്ഞപ്പോൾ അവരെ കൊട്ടാരത്തിലെ കോടതിയിൽ എത്തിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും വിളിക്കാമെന്ന ഉറപ്പിന്മേൽ അവരെ വീട്ടിലേക്കു തിരിച്ചയച്ചു.
ഇതിനിടയിൽ അധർമ്മൻ തൻ്റെ അപ്പനോട് ചില കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് ന്യായാധിപനും ഭടന്മാരും ഇവർ രണ്ടു പേരെയും സംഭവം നടന്ന ആൽമരത്തിനു സമീപം എത്തിച്ച് തെളിവെടുപ്പിനു ശ്രമിച്ചു.
അധർമ്മൻ പറഞ്ഞു - "ഞങ്ങൾ രണ്ടു പേരും പണം ഇവിടെ കുഴിച്ചിടുന്നത് ഈ മരത്തിലെ ഭൂതം കണ്ടതാണ്. അതുകൊണ്ട് പിന്നീട് ആരെങ്കിലും ഒറ്റയ്ക്ക് ഇവിടെ വന്നെങ്കിൽ ഭൂതം സാക്ഷി പറയും"
തുടർന്ന് ഉയർന്ന സ്വരത്തിൽ അധർമ്മൻ മരത്തോട് സത്യം ചോദിച്ചു. ഉടൻ, മരത്തിൻ്റെ പോടിൽ നിന്നും അശരീരി ഉയർന്നു - "ഒരു ദിവസം ധർമ്മൻ വന്ന് ഈ പണം മോഷ്ടിച്ചു കൊണ്ടു പോയി "
ഉടൻ, ഭടന്മാർ ധർമ്മനെ പിടിച്ചു. അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു -"നിങ്ങൾ തരുന്ന ശിക്ഷ ഞാൻ ഏറ്റുവാങ്ങാൻ തയ്യാറാണ്. പക്ഷേ, ഈ സത്യം പറഞ്ഞ ഭൂതത്തിന് പകരമായി ഒരു കാര്യം ചെയ്യാൻ എന്നെ അനുവദിക്കണം "
തുടർന്ന്, അവിടെ ഉണ്ടായിരുന്ന കരിയില മരത്തിൻ്റെ പോടിൻ്റെ ചുവട്ടിൽ കൂട്ടിയിട്ട് അയാൾ കത്തിച്ചപ്പോൾ മരത്തിലെ ഭൂതം ചുമച്ചു കൊണ്ട് ഇറങ്ങിയോടി.
"പിടിക്കവനെ!"
ഭടന്മാർ ആ വൃദ്ധനെ പിടിച്ചു കൊണ്ടുവന്നപ്പോൾ ഭടന്മാർ പറഞ്ഞു - "ഇത് അധർമ്മൻ്റെ അപ്പനാണ്"
അന്നേരം ന്യായാധിപൻ വിധി കൽപ്പിച്ചു - "അധർമ്മൻ്റെ കയ്യിലുള്ള സ്വത്തും കൂടി ധർമ്മനു കൊടുക്കണം. ഈ അപ്പനും മകനും കൊട്ടാരത്തിലെ ഇരുണ്ട തടവറയിൽ ഇനിയുള്ള കാലം കിടക്കട്ടെ"
ഗുണപാഠം: സമ്പത്ത് സമ്പാദിക്കുമ്പോൾ അത് ആരെയും ചതിച്ചു കൊണ്ടാവരുത്!
Written by Binoy Thomas. Malayalam eBooks-961- panchatantra stories - 4, PDF-https://drive.google.com/file/d/13AkFTvvkrH8A4lUAtleku-J9ZWzF-3zI/view?usp=drivesdk
Comments