(960) മരംകൊത്തിയും പ്രാവും!

 സിൽബാരിപുരം ദേശത്തുള്ള മരംവെട്ടുകാരനായിരുന്നു സോമു. ഒരിക്കൽ, ചന്തയിൽ കെട്ടുവിറക് കൊടുത്ത ശേഷം തിരികെ നടന്നപ്പോൾ അയാൾ ക്ഷീണിതനായിരുന്നു.

തുടർന്ന്, അടുത്തു കണ്ട മരത്തിനു കീഴെ അയാൾ വിശ്രമിക്കാനായി ഇരുന്നു. എന്നാലോ? ക്ഷീണം കാരണം അവിടെ ഇരുന്ന് ഉറങ്ങിപ്പോയി. അന്നേരം, ആ മരത്തിൽ ഒരു പ്രാവ് ഇരിപ്പുണ്ടായിരുന്നു. 

എന്നാൽ, കുറച്ചു കഴിഞ്ഞ് ഒരു മരംകൊത്തി അങ്ങോട്ടു പറന്നു വന്ന് ഉണക്ക ശിഖരത്തിൽ ഇരുന്ന് ചെറിയ ദ്വാരങ്ങൾ നോക്കി. എന്നിട്ട്, അതിനുള്ളിലെ പുഴുവിനെ എടുക്കാനായി ദ്വാരം വലുതാക്കാൻ തുടങ്ങി.

പക്ഷേ, ആ കുലുക്കത്തിൽ ഒരു ചെറിയ ഉണക്കക്കമ്പ് സോമുവിൻ്റെ തലയിലേക്കു വന്നു വീണു! ഞൊടിയിടയിൽ മരംകൊത്തി പറന്നു പോകുകയും ചെയ്തു.

പെട്ടെന്ന്, കണ്ണുതുറന്ന് സോമു മുകളിലേക്കു നോക്കിയപ്പോൾ കണ്ടത് പ്രാവിനെയാണ്! ആ നിമിഷംതന്നെ കയ്യിൽ കിട്ടിയ കമ്പെടുത്ത് പ്രാവിനു നേർക്ക് അയാൾ കറക്കിയെറിഞ്ഞു. ഒട്ടും ഉന്നം തെറ്റിയില്ല. കമ്പടിച്ച് പ്രാവ് കറങ്ങി നിലത്തു വീണു. എന്നാൽ, പക്ഷി നിലത്തു വീണപ്പോൾ അയാളുടെ ദേഷ്യമൊക്കെ പോയി. സഹതാപത്തോടെ അതിനെ കയ്യിലെടുത്തു.

അപ്പോൾ പ്രാവ് വേദനയോടെ ചോദിച്ചു - "ഞാൻ അങ്ങേയ്ക്ക് യാതൊരു ഉപദ്രവവും ചെയ്തില്ലല്ലോ. കമ്പ് താഴെയിട്ടത് താഴത്തെ കൊമ്പിൽ ഇരുന്ന മരംകൊത്തിയാണ് "

സോമുവിന് വല്ലാത്ത കുറ്റബോധം തോന്നി. അയാൾ പറഞ്ഞു -"പെട്ടെന്ന് ദേഷ്യം കാരണം കണ്ണിൽ പെട്ട നിന്നെ എറിഞ്ഞത് എൻ്റെ തെറ്റാണ്. പക്ഷേ, നീ ചെയ്ത തെറ്റ് എന്താണെന്ന് മനസ്സിലായോ? ഈ മരംകൊത്തി മാത്രമല്ല, കാക്ക, പരുന്ത്, കഴുകൻ, വവ്വാൽ, മൂങ്ങ, കുയിൽ എന്നിവരുടെ സാമീപ്യം അപകടം വിളിച്ചു വരുത്തുമെന്ന് നീ തിരിച്ചറിഞ്ഞില്ല"

തുടർന്ന്, അയാളുടെ സഞ്ചിയിലെ വെള്ളം പ്രാവിനു കുടിക്കാൻ കൊടുത്തു. പിന്നീടുള്ള കാലം പ്രാവ് സോമുവിൻ്റെ വീട്ടിൽ സുഖമായി കഴിയുകയും ചെയ്തു.

ചിന്താവിഷയം -ദുഷ്ട ജനങ്ങളുടെ സാമീപ്യം നിങ്ങൾ തിരിച്ചറിയാൻ വൈകിയാൽ പലവിധ ദുരിതങ്ങളും നേരിടേണ്ടി വന്നേക്കാം. ദയവായി ജാഗ്രത പുലർത്തുമല്ലോ.

Written By Binoy Thomas. Malayalam eBooks-960-katha Sarit Sagaram - 13. PDF-https://drive.google.com/file/d/1vdyQY4symOgnnz4-lWNpsKKIvKDUOL82/view?usp=drivesdk

Comments