(958) കുരങ്ങൻ്റെ പ്രതികാരം!

 പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, കുതിരകളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു രാജാവുണ്ടായിരുന്നു. അങ്ങനെ സകല വിധ സുഖസൗകര്യങ്ങളോടും കൂടി അനേകം കുതിരകൾ കൊട്ടാരവളപ്പിലെ ലായത്തിൽ കഴിയുന്നുണ്ട്.

അതേസമയം, ഈ കുതിരകൾ മിച്ചം വയ്ക്കുന്ന ആഹാരങ്ങൾ റാഞ്ചിയെടുത്ത് ഒരു പറ്റം കുരങ്ങന്മാരും സുഭിക്ഷമായി കഴിഞ്ഞിരുന്നത് സമീപത്തുള്ള വലിയ മരത്തിലായിരുന്നു.

ഒരു ദിവസം - കുതിരലായത്തിനു തീ പടർന്നുപിടിച്ചു! അനേകം കുതിരകൾക്കു പൊള്ളലേറ്റു. അതിൽ, രാജാവിന് ഏറെ പ്രിയങ്കരനായ വെള്ള കുതിരയും ഉണ്ടായിരുന്നു.

രാജാവ് ഉടൻ തന്നെ രാജ്യത്തെ പ്രധാന മൃഗവൈദ്യനെ വിളിച്ചു വരുത്തിയപ്പോൾ അയാൾ പറഞ്ഞു -"പ്രഭോ, അങ്ങയുടെ കുതിരകളെ സുഖപ്പെടുത്താൻ കുരങ്ങന്മാരുടെ മജ്ജ ശേഖരിച്ച് പൊള്ളലേറ്റ ഭാഗത്ത് തേച്ചാൽ മതി"

അന്നേരം, കൊട്ടാരത്തിൻ്റെ മരങ്ങളിൽ ചാടി നടന്നിരുന്ന കുരങ്ങന്മാരെ ഭടന്മാർ വളഞ്ഞു പിടിച്ചു. അവറ്റകളെ കൊന്ന് കുതിരകളെ സുഖപ്പെടുത്തി.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതിലെ പ്രധാന കുരങ്ങൻ കാട്ടിൽ നിന്നും അവിടെ മടങ്ങിയെത്തി. അവൻ ഈ കാഴ്ച കണ്ട് ഞെട്ടി! - തൻ്റെ ബന്ധുക്കൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു!

ഉടൻതന്നെ, ആ മരത്തിൽ ഉണ്ടായിരുന്ന കാക്ക അവനോട് കൃത്യമായി കാര്യങ്ങൾ വിവരിച്ചു കൊടുത്തു. ഉടൻ, അവൻ ദേഷ്യം കൊണ്ട് വിറച്ച് ഇപ്രകാരം പറഞ്ഞു - "ഈ ദുഷ്ട പ്രവൃത്തിക്ക് പ്രതികാരം ചെയ്യും" എന്ന് പറഞ്ഞ് അവൻ കാടിനുള്ളിലേക്ക് മടങ്ങിപ്പോയി.

അവൻ വെള്ളം കുടിക്കാനായി നടന്നപ്പോൾ ഒരു കുളം കണ്ടു. എന്നാൽ, ആ കുളത്തിലേക്കു പോയ അനേകം കാൽപ്പാടുകൾ അവിടെ കണ്ടെങ്കിലും ആരും തിരികെ മടങ്ങിയ കാൽപ്പാടുകൾ കണ്ടില്ല.

കുളത്തിൽ അപകട ജീവി ഏതോ ഉണ്ടെന്ന് അവനു തോന്നിയതിനാൽ നിലത്തു കിടന്ന മുളങ്കുഴൽ കൊണ്ട് വെള്ളം വലിച്ചു കുടിച്ചു. അത് നോക്കി വെള്ളത്തിൽ നിന്നും ഒരു ഭൂതം ഉയർന്നുവന്നു!

ഭൂതം പറഞ്ഞു - "ഇവിടെ വെള്ളം കുടിക്കാൻ വന്ന മനുഷ്യരെയും മൃഗങ്ങളെയും എല്ലാം ഞാൻ വിഴുങ്ങി. എന്നാൽ, നിൻ്റെ ജാഗ്രതയിൽ എനിക്ക് അഭിമാനം തോന്നുന്നു. എൻ്റെ കഴുത്തിലെ രത്നമാല നീ എടുത്തു കൊള്ളൂ"

ആ കുരങ്ങൻ അതുമായി കൊട്ടാരത്തിലെത്തി. ദിവ്യനായിരുന്ന ഒരു സന്യാസി കുരങ്ങനുമായി ആശയ വിനിമയം നടത്തി രാജാവിനോടു പറഞ്ഞു -"പ്രഭോ, കാട്ടിലെ അത്ഭുത കുളത്തിൽ മുങ്ങി നിവർന്നാൽ കഴുത്തിൽ രത്നമാല കിട്ടും. രാജാവും മക്കളും അവിടെ ചെന്നാൽ കിട്ടും"

അപ്രകാരം, അത്യാഗ്രഹിയായ രാജാവ് മുങ്ങി. പിന്നെ മക്കളും. എല്ലാവരെയും ഭൂതം വിഴുങ്ങി. അങ്ങനെ കുരങ്ങൻ തൻ്റെ പ്രതികാരം നടപ്പിലാക്കി!

written by Binoy Thomas, Malayalam eBooks - 958-panchatantra stories - 2. PDF -https://drive.google.com/file/d/1XC-XRopIAIRKozPpl4KjQc6UQ9WuYefl/view?usp=drivesdk

Comments