(946) യുവതിയുടെ ദാനം!

 പണ്ടുപണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ നടന്ന കഥ. ഒരിക്കൽ, ആ ഗ്രാമത്തിലൂടെ ഒരു യോഗിയും ശിഷ്യനും കൂടി നടന്നു പോകുകയായിരുന്നു. അകലെയുള്ള പുണ്യപുരാതന ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

അവർ കണക്കുകൂട്ടിയതിനേക്കാൾ നടപ്പു ദൂരം കൂടുതലുണ്ടായിരുന്നു. ചോറിൽ നാരങ്ങാ നീര് ഒഴിച്ച് കുറെ പൊതികൾ എടുത്തിരുന്നെങ്കിലും അവയെല്ലാം തീർന്നു.

ഉടൻ, യോഗി പറഞ്ഞു - "നമുക്ക് ഏതെങ്കിലും വീട്ടിൽ നിന്നും ആഹാരം യാചിക്കാം"

അങ്ങനെ, അവർ ഒരു ചെറിയ വീടിനു മുന്നിലെത്തി. അവർ വാതിലിൽ മുട്ടി വിളിച്ചപ്പോൾ ഒരു യുവതി വാതിൽ തുറന്നു.

ശിഷ്യൻ ചോദിച്ചു - "ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം ദയവായി തരണം. ദൂരെ പോകേണ്ടതാണ്"

യുവതി പറഞ്ഞു - "ഇവിടെ ഞങ്ങൾക്കും ദാരിദ്ര്യമാണ്. ഒന്നും തരാൻ ഇല്ലല്ലോ. മറ്റേതെങ്കിലും വീട്ടിൽ ചോദിക്കൂ"

പെട്ടെന്ന് യോഗി പറഞ്ഞു - "അതു സാരമില്ല. ഈ മുറ്റത്തെ ഒരു പിടി മണ്ണ് ഈ പാത്രത്തിലേക്ക് ഇട്ടു കൊള്ളുക!"

യുവതി അമ്പരന്നു! എങ്കിലും അവൾ അതുപോലെ ചെയ്തു. അവർ രണ്ടു പേരും നടന്നു നീങ്ങിയപ്പോൾ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു - "നമുക്ക് യാതൊരു പ്രയോജനവുമില്ലാത്ത മണ്ണ് പാത്രത്തിൽ വാങ്ങിയത് എന്തിനാണ്?"

യോഗി: "മണ്ണ് ദാനമായി വാങ്ങിയതിനാൽ അവൾക്ക് ദാനശീലം ഉണ്ടായല്ലോ. ഇനി ഇങ്ങനെ വരുന്നവർക്ക് കുറച്ചു കൂടി മെച്ചപ്പെട്ട് പൂവും കായും പഴവും പിന്നെ വലിയ ദാനങ്ങളൊക്കെ ചെയ്യാൻ പറ്റും. ഒന്നും വാങ്ങാതെ നമ്മൾ പോന്നാൽ ദാനശീലം അവൾ മറന്നു പോകും!"

ചിന്തിക്കുക - യോഗ എന്നത് മികച്ച ജീവിത ശൈലിയാണ്. സാധാരണമായി മനുഷ്യനിൽ കടന്നു വരുന്ന ചിന്തകളെ ശ്രേഷ്ഠമായ ഉൾക്കാഴ്ചകളിലൂടെ കടത്തിവിടുന്ന ഒരു പദ്ധതിയാണത്.

Written by Binoy Thomas, Malayalam eBooks-946-yoga story series - 31, PDF -https://drive.google.com/file/d/1VapLMJcKv_dckCJ9IsMy-BVjyVe0ppQV/view?usp=drivesdk

Comments