(892) ഇഡ സ്കഡർ

 സാധാരണയായി ചികിൽസയുമായി ബന്ധപ്പെട്ട് എല്ലാവരും കേൾക്കാൻ ഇടയുള്ള ഒരു പ്രയോഗം - "വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷപ്പെട്ടില്ല"

അതായത്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരമാവധി ചെയ്തു എന്നർഥം.

ഇങ്ങനെ, മികവിന്റെ സ്ഥാപനമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ എന്ന സ്ഥാപനം ഉണ്ടായത് എങ്ങനെയെന്ന് അറിയുക...

അമേരിക്കൻ മിഷനറി പ്രവർത്തകനും ഡോക്ടറുമായ ജോൺ സ്കഡറുടെ പുത്രി ഇഡാ സ്കഡർ (Ida Sophia Scudder) 1870 കാലത്ത് തമിഴ്നാട്ടിലെ ദിണ്ടിവനം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്കു പോയെങ്കിലും പിതാവിനെ സഹായിക്കാനായി ഇരുപതാമത്തെ വയസിൽ ഇന്ത്യയിൽ തിരിച്ചെത്തി. ഗ്രാമീണ മേഖലകളിൽ അക്കാലത്ത് സ്ത്രീകളുടെ ശരാശരി ആയുസ് ഇരുപത്തിനാല് വയസ്സായിരുന്നു! കാരണം, പുരുഷന്മാരായ ഡോക്ടർമാർ സ്ത്രീകളെ ചികിൽസിക്കാൻ പാടില്ല എന്ന ദുരാചാരവും അന്ധവിശ്വാസവും ഒക്കെ അക്കാലത്ത് ഉണ്ടായിരുന്നു.

വൈദ്യശാസ്ത്രപഠനം നടത്തിയ സ്ത്രീകൾ അക്കാലത്ത് ഉണ്ടായിരുന്നുമില്ല. പ്രസവത്തോടെ സ്ത്രീകൾ മരണപ്പെടുന്ന  ദുരവസ്ഥയായിരുന്നു ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നത്.

1894 കാലത്ത്, ഒരു പാതിരാത്രിയിൽ ഇഡയും പിതാവും താമസിക്കുന്ന ദിണ്ടിവനത്തെ വീട്ടിലേക്ക് ഒരാൾ ഓടി വന്നു. പ്രസവവേദന അനുഭവിക്കുന്ന അയാളുടെ ഭാര്യയെ സഹായിക്കാനായി ഇഡയെ കൂട്ടിക്കൊണ്ടു പോകാനായിരുന്നു അയാൾ എത്തിയത്. ജോൺ സ്കഡർ സഹായിക്കാമെന്നു പറഞ്ഞെങ്കിലും അയാൾ അതു നിരസിച്ചു.

അന്നു രാത്രിയിൽത്തന്നെ വേറെ രണ്ടു പുരുഷന്മാരും ഇതേ ആവശ്യവുമായി എത്തി. എന്നാൽ, വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഇഡ പോയില്ല.  പക്ഷേ, രാത്രിയിൽ എത്തിയ മൂന്നു പേരുടെയും ഭാര്യമാർ മരണപ്പെട്ടു! ഇഡയ്ക്ക് വലിയ നിരാശയും കുറ്റബോധവും തോന്നിയതിനാൽ വൈദ്യശാസ്ത്രം പഠിക്കാൻ അവൾ തീരുമാനിച്ചു.

അമേരിക്കയിലേക്ക് തിരിച്ചുപോയ അവർ കോർണൽ മെഡിക്കൽ കോളജിൽനിന്നും മെഡിക്കൽ ബിരുദമെടുത്തു. അക്കാലത്ത് മെഡിക്കൽ ബിരുദമെടുക്കുന്ന വളരെ ചുരുക്കം വനിതകളിൽ ഒരാളായിരുന്നു ഇഡാ സ്കഡർ.

1900 വർഷത്തിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇഡ തമിഴ്നാട്ടിലെ വെല്ലൂർ എന്ന ഗ്രാമത്തിൽ ഒരു ക്ലിനിക് ആരംഭിച്ചു. തൻ്റെ മരിച്ച ഭാര്യയുടെ ഓർമ്മയ്ക്കായി ഒരാൾ നൽകിയ പതിനായിരം രൂപയായിരുന്നു മൂലധനം. പിന്നീട്, ഫണ്ട് കിട്ടാനായി അമേരിക്കയിലേക്ക് പലതവണ ഇഡ യാത്ര ചെയ്തു.  സ്ത്രീകൾക്കു മാത്രമായിട്ട് ക്ലിനിക്ക് തുടങ്ങി. 1902 ആയപ്പോൾ 40 കിടക്കകളുള്ള ആശുപത്രിയായി വളർന്നു. ഗ്രാമപ്രദേശത്തെ പെൺകുട്ടികളെ നഴ്സിങ് പരിശീലിപ്പിച്ചു. 1918-ൽ പെൺകുട്ടികൾക്കു മാത്രമായി ഒരു മെഡിക്കൽ പഠന കേന്ദ്രം തുറന്നു. ഇന്ത്യയിലെ ആദ്യത്തെ ലാബ് ടെക്നീഷ്യൻ കോഴ്സായ സിഎംഎഐ അവിടെ തുടങ്ങി.

 ഇഡാ സ്കഡറുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടറി‍ഞ്ഞ മഹാത്മാ ഗാന്ധി 1928 ൽ വെല്ലൂരിലെത്തി ആശുപത്രി സന്ദർശിച്ചു. 1945 വരെയും സ്ത്രീകൾക്കു മാത്രമായായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്. 1952 -ൽ ലോകത്തെ ഏറ്റവും മികച്ച വനിതാ ഡോക്ടർക്കുള്ള പുരസ്കാരമായ ‘എലിസബത്ത് ബ്ലാക്ക്‌വെൽ’ അവാർഡ് ഇഡാ സ്കഡറെ തേടിയെത്തി. 1960 ൽ ഇഡാ സ്കഡർ മരണപ്പെട്ടു.

ഇഡാ സ്കഡറുടെ മഹത്തായ ദൗത്യം ഇന്നു വളർന്നു പന്തലിച്ച് ഏഷ്യയിലെതന്നെ ഏറ്റവും മികച്ചൊരു ആശുപത്രിയായി സി.എം.സി വെല്ലൂർ മാറി. അവിടെ, മൂവായിരത്തോളം കിടക്കകളും 1700 ഡോക്ടർമാരും, 2800 നഴ്സുമാരും,  അടക്കം ഒൻപതിനായിരം പേരാണ് തൊഴിലെടുക്കുന്നത്. പരോക്ഷമായി അനേകം ഗ്രാമവാസികൾക്കും തൊഴിലാളികൾക്കും ഈ സ്ഥാപനം തണലാവുന്നു.

പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകൾ ചികിൽസയ്ക്കായി ഇവിടെ എത്തുന്നു. മെഡിക്കൽ സംബന്ധമായ 180 കോഴ്സുകൾ ഇവിടെ നടക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ മെഡിക്കൽ കോളേജ് ആയി വിവിധ സർവേകൾ തെരഞ്ഞെടുത്തിരിക്കുന്നത് Christian Medical College (C.M.C Vellore) ആണ്.

 അവരുടെ ഓർമ്മയ്ക്കായി തമിഴ്നാട്ടിലെ വിരുതംപെട്ടിൽ ഒരു സ്കൂൾ ഈ മഹതിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യയുടെ മുൻ പ്രസിഡന്റായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് മഹത്തായ വനിതയെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. തന്റെ ജീവിത കാലത്തിലൂടെ (1870 Dec.9 - 1960 May 24 ) ഇഡ സ്കഡർ നൽകിയ ജീവിത നന്മയെ നാം ഒരു ഉത്തമ മാതൃകയായി കാണുമല്ലോ. ഇനിയും അനേകം മഹത്തുക്കൾ ഈ ഭൂമിയിൽ പിറക്കട്ടെ!

Written by Binoy Thomas, Malayalam eBooks-892- Great stories -31. PDF -https://drive.google.com/file/d/1FrH3wXIapR988LicWBdEEdaU6Ebns9cQ/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍