(879) കാട്ടിലെ മണം
പണ്ടുപണ്ട്, സിൽബാരിപുരം കാടുപിടിച്ചു കിടക്കുകയായിരുന്നു. രണ്ടു കടുവകൾ ആ കാട്ടിലെ മൃഗങ്ങൾക്കും പുറത്തെ നാട്ടുകാർക്കും പേടിസ്വപ്നമായിരുന്നു. അവറ്റകൾ മൃഗങ്ങളെ തിന്നാനായി ഇരിക്കുന്ന സ്ഥലത്ത് രണ്ട് വലിയ മരങ്ങൾ നിൽപ്പുണ്ടായിരുന്നു.
കൊന്നു തിന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങൾ അവിടെ മരങ്ങൾക്കു മുന്നിലായി കൂടിക്കിടന്നു. പക്ഷേ, അത് കണ്ടമാനം ദുർഗന്ധം ഉണ്ടാക്കി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഒരു മരം അടുത്തു നിന്നവനോടു പറഞ്ഞു - "നമ്മൾ എന്തിന് ഈ ദുർഗന്ധം സഹിക്കണം? നമുക്ക് ആ കടുവകളെ പേടിപ്പിച്ച് ഓടിക്കണം"
ഒരു ദിവസം രണ്ടു കടുവകളും തീറ്റി കഴിഞ്ഞ് മരച്ചുവട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു. അന്നേരം, മാനത്ത് മഴക്കാറു കയറി കാട്ടിലെങ്ങും ഇരുൾ പരന്നു. ആ സമയത്ത് രണ്ടു മരങ്ങളും കൂടി ചില്ലകൾ കൂട്ടിയടിച്ചും ഇലകൾ പറത്തിയും ഇളകിയാടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
അന്നേരം, രണ്ടു കടുവകളും ഞെട്ടിയെണീറ്റ് ദൂരെ ദിക്കിലേക്ക് ഓടി. കടുവകൾ വിചാരിച്ചത് ഏതോ മഹാദുരന്തം വരുന്നുവെന്നാണ്!
അങ്ങനെ, കടുവകൾ ഈ കാടു വിട്ടു പോയ കാര്യം നാട്ടുകാർ അറിഞ്ഞു. കുറെ മരംവെട്ടുകാർ നല്ല മരം നോക്കി നടന്ന് ഈ രണ്ടു വലിയ മരങ്ങളുടെ അടുത്തെത്തി.
മരങ്ങൾ രണ്ടും വെട്ടി താഴെയിട്ടു. പിന്നെ, കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതും പതിവായി.
രത്നച്ചുരുക്കം: ചെറിയ അസൗകര്യങ്ങളുടെ പേരിൽ പ്രതികരിച്ച് വലിയ ആപത്ത് വരുത്തിവയ്ക്കരുത്. അതെല്ലാം നിമിത്തമായോ നിയോഗമായോ കാണണം.
Written by Binoy Thomas, Malayalam eBooks-879 - Kathasaritsagara - 6, PDF -https://drive.google.com/file/d/1GN6cZJ9ccxf3ZnhPZ4XY44NBebwpalUw/view?usp=drivesdk
Comments